Monday, 1 Jul 2024

ഇപ്പോൾ ഈ വ്രതമെടുത്താൽ 24 ഏകാദശി നോറ്റ പുണ്യം

ഏകാദശി വ്രതങ്ങളിൽ സുപ്രധാനമായ ഒന്നാണ് നിർജല ഏകാദശി. ഒരു വർഷത്തെ 24 ഏകാദശികളും അനുഷ്ഠിക്കുന്ന വ്രതപുണ്യം ജ്യേഷ്ഠമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന നിർജല ഏകാദശി നോറ്റാൽ ലഭിക്കും. ഇടവം, മിഥുന മാസത്തിൽ വരുന്ന ഈ ഏകാദശി ജലപാനം പോലും ഉപേക്ഷിച്ച് പൂർണ്ണ ഉപവാസത്തോടെ അനുഷ്ഠിക്കണം. നിർജല ഏകാദശിക്ക് പിന്നിൽ പാണ്ഡവരുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്.

ഭീമസേനൻ ഒഴികെയുള്ള പാണ്ഡവരെല്ലാം ഏകാദശിവ്രതം എടുക്കുമായിരുന്നു. ഉപവാസമാണ് ഏകാദശിവ്രതത്തിലെ പ്രധാന നിഷ്ഠ. എന്നാൽ ഒട്ടും വിശപ്പു സഹിക്കാൻ കഴിയാത്തതിനാൽ ഭീമന് ഒരിക്കലും ഈ വ്രത്രം നോൽക്കാൻ കഴിഞ്ഞില്ല. ഒരു അവസരത്തിൽ ഏകാദശിവ്രത മാഹാത്മ്യം വേദപാരംഗതനായ പിതാമഹൻ വ്യാസൻ ജ്യേഷ്ഠൻ യുധിഷ്ഠിരന് വിവരിച്ചു കൊടുക്കുന്നത് ഭീമൻ കേട്ടു: മനുഷ്യധർമ്മങ്ങളും വേദ ധർമ്മങ്ങളും അനുഷ്ഠിക്കാൻ പ്രയാസമാണ്. എന്നാൽ അല്പധനം കൊണ്ടും അല്പക്ലേശം കൊണ്ടും എളുപ്പം അനുഷ്ഠിക്കാവുന്നതും ഫലമേറിയതുമാണ് ഏകാദശിവ്രതം. ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം എന്നതാണ് ഈ വ്രതത്തിന്റെ പ്രധാന നിഷ്ഠ.

ഇത് കേട്ട് ഭീമൻ വ്യാസനോട് പറഞ്ഞു:
എനിക്ക് മാത്രം വ്രതമെടുക്കാൻ സാധിക്കുന്നില്ല. എത്ര വേണോ വിഷ്ണു പൂജ ചെയ്യാം; ദാനവും നടത്താം. ആഹാരം ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. ഒരിക്കൽ എടുക്കാൻ പോലും ഉദരത്തിലെ വൃകൻ എന്ന അഗ്നി എന്നെ അനുവദിക്കുന്നില്ല. എത്ര ഭക്ഷിച്ചാലും അത് പെട്ടെന്ന് ദഹിപ്പിച്ചു കളയുന്നു. അതുകൊണ്ട് ഒരു ഉപവാസം മാത്രം അനുഷ്ഠിക്കാനുളള വഴി പറഞ്ഞു തരണം.

അപ്പോൾ വ്യാസൻ ഭീമന് നൽകിയ ഉപായമാണ് നിർജല ഏകാദശി അനുഷ്ഠാനം. എല്ലാ ജ്യേഷ്ഠമാസത്തിലെയും വെളുത്ത പക്ഷ ഏകാദശി ഉദയം മുതൽ ഉദയം വരെ ഉദകം വർജ്ജിച്ച് വ്രതം നോറ്റാൽ എല്ലാ ഏകാദശിയും അനുഷ്ഠിച്ച ഫലം ലഭിക്കും. ഇന്ദ്രിയ നിഗ്രഹത്തോടെ, ശ്രദ്ധയോടെ, ദാനധർമ്മാദികൾ നടത്തി വേണം വിഷ്ണുപൂജ ചെയ്യേണ്ടത്. ഇത് ഭഗവാൻ വിഷ്ണു തന്നെ തന്നോട് അരുളിച്ചെയ്തിട്ടുണ്ടെന്നും വ്യാസൻ വെളിപ്പെടുത്തി. അങ്ങനെ പാണ്ഡവരെല്ലാം അനുഷ്ഠിച്ച വ്രതമായതിനാൽ ഇതിന് പാണ്ഡെവ ഏകാദശി എന്നും പേരുണ്ട്.

സ്ത്രീപുരുഷ ഭേദമെന്യേ ആർക്കും ഏകാദശി അനുഷ്ഠിക്കാം. വിഷ്ണു പ്രീതിയിലൂടെ കുടുംബ ഐശ്വര്യവും ദീർഘായുസും സർവസൗഭാഗ്യങ്ങളും പാപമോചനവും ലഭിക്കും. ഇഹലോകത്ത് സുഖവും പരലോകത്ത് വിഷ്ണു സായൂജ്യമായ മോക്ഷവുമാണ് ഈ വ്രതഫലം. ഏകാഗ്രതയോടെ വ്രതമെടുത്താലേ പൂര്‍ണ ഫലമുണ്ടാകൂ. ജാതക വശാല്‍ വ്യാഴം നല്ല നിലയിൽ അല്ലാത്തവരും ദുരിത ദു:ഖങ്ങൾ അനുഭവിക്കുന്നവരും ഏകാദശി നോല്‍ക്കുന്നത് നല്ലതാണ്.

ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന 3 ദിവസങ്ങളിലാണ് ഏകാദശി വ്രതാനുഷ്ഠാനം. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്, ഏകാദശി ദിവസം പൂര്‍ണ ഉപവാസം ഇതാണ് വ്രതവിധി. ഇതിനു കഴിയാത്തവര്‍ പാൽ, പഴങ്ങൾ കഴിച്ച് വ്രതമെടുക്കണം. പകല്‍ ഉറങ്ങരുത്. ദുഷ്ട ചിന്തകള്‍ക്കൊന്നും വ്രതമെടുക്കുന്ന മനസിൽ ഇടമുണ്ടാകരുത്. രാവിലെ കുളിച്ച ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണുഗായത്രി ജപിക്കുകയും പറ്റുമെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ പോയി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ട് അർച്ചന കഴിപ്പിക്കുകയും വേണം. ഇത് സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ചെയ്താൽ മതി. അന്ന് തുളസിത്തറ നനയ്ക്കുന്നതും തുളസിക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും ഭാഗവതം, നാരായണീയം, ഭഗവത് ഗീത തുടങ്ങിയവ പാരായണം ചെയ്യുന്നതും നല്ലതാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമം. ഹരിവാസര സമയമാണ് ജപത്തിനു നല്ലത്. ജൂണ്‍ 2 രാവിലെ 6.48 മണി മുതല്‍ വൈകിട്ട് 5.20 വരെയാണ് ഹരിവാസര സമയം. ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയുമിട്ട ജലം സേവിച്ച് പാരണവിടുക.

ഏകാദശി നാളിൽ വിഷ്ണു ഗായത്രി കഴിയുന്നത്ര തവണ ജപിക്കണം. ഇതിനു പുറമെ എന്നും പ്രാർത്ഥനാവേളയിൽ വിഷ്ണു ഗായത്രി 9 തവണ ജപിച്ചാല്‍ ഐശ്വര്യവും സാമ്പത്തിക സമൃദ്ധിയും കുടുംബ സൗഖ്യവും ഉണ്ടാകും.

വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

വേണുമഹാദേവ് : +91 98474 75559

error: Content is protected !!
Exit mobile version