Sunday, 6 Oct 2024

ഇപ്പോൾ പിടിച്ചു നിൽക്കാൻ ഒരേ ഒരു വഴി ഹരേ രാമ ഹരേ രാമ……

ഇത് കലിയുഗം; വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ആളുകൾ പോരടിക്കുന്ന കാലം. പണക്കൊതിയും ദുരാഗ്രഹവും മൂത്ത് എന്തും ചെയ്യാൻ മടിക്കാത്ത കാലം.  സാംസ്ക്കാരികമായും ആത്മീയമായും മനുഷ്യരാശി അധ:പതിക്കുകയും  ധർമ്മം നശിക്കുകയും ചെയ്യുന്ന കാലം. വഴിതെറ്റി നടക്കുകയും പരപുരുഷനെയും അന്യസ്ത്രീയെയും മോഹിച്ച് ദുഷ്കർമ്മങ്ങൾ ചെയ്തു കൂട്ടുന്ന കാലം. നേരും നെറിയും വിട്ട് ഭരണാധികാരികൾ പ്രവർത്തിക്കുന്ന കാലം – അങ്ങനെ എല്ലാ രീതിയിലും ഇരുണ്ട കാലമായ ഈ കലിയുഗത്തിൽ പിടിച്ചു നിൽക്കാനും കഷ്ടപ്പാടില്ലാതെ ജീവിക്കാനും ഒരു മാർഗ്ഗമേയുള്ളൂ. ഈശ്വരനാമ ജപം. ചുറ്റുപാടും തിന്മയും ദുഷ്ടതയും അഹന്തയും ദുർമോഹങ്ങളും നിറയുമ്പോൾ എത് മനുഷ്യമനസും  മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിത്തീരുക സ്വാഭാവികം. അതുകൊണ്ടാണ് കലി യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്. കലിയുഗത്തിന്‍റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗ്ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്‍റെ നാമം ജപിക്കു കയാണ് വേണ്ടതെന്ന് ബ്രഹ്മാവ്‌ ഉപദേശിച്ചു.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഇതാണ് ആ മന്ത്രം. കലി സന്തരണ മഹാമന്ത്രം.ഭഗവാന്‍റെ  16 തിരുനാമങ്ങള്‍ അടങ്ങുന്ന ഈ മഹാമന്ത്രം ജപിക്കുന്നതുമൂലം മനുഷ്യന്‍ കലിയുടെ എല്ലാ ദോഷങ്ങളില്‍നിന്നും മുക്തരായി ഭവിക്കുന്നു എന്നും ഇതല്ലാതെ കലി ദോഷങ്ങളെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗവും 4 വേദങ്ങളും പരിശോധിച്ചാലും  കിട്ടുകയില്ലെന്നും ബ്രഹ്മാവ്‌ ശ്രീനാരദ മഹര്‍ഷിക്ക് ദ്വാപരയുഗാന്ത്യത്തില്‍ ഉപദേശിച്ചതായി കലിസന്തരണ ഉപനിഷത്തിലാണുള്ളത്. 

ഈ മഹാ മന്ത്രം ജപിക്കുവാനുള്ള നിയമങ്ങള്‍ എന്തെല്ലാം എന്ന് നാരദ മഹര്‍ഷി ബ്രഹ്മാവിനോട് ചോദിച്ചതിന് മറുപടിയായി ഈ മഹാ മന്ത്രം ജപിക്കാന്‍ പ്രത്യേകിച്ച് യാതൊരു നിയമവും ഇല്ലെന്നും, ശുദ്ധിയും അശുദ്ധിയും  നോക്കാതെ ആര്‍ക്കും എവിടെയും എപ്പോഴും ഇത് ജപിക്കാമെന്നും ഈ മഹാ മന്ത്രം ജപിക്കുന്നത്‌ കൊണ്ടു തന്നെ മനുഷ്യന്റെ എല്ലാ പാപങ്ങളും നീങ്ങി മനസ്സും ശരീരവും ശുദ്ധമാകും എന്നും  അരുളിച്ചെയ്തു. അതിനാല്‍ എല്ലാ കലി ദോഷങ്ങളില്‍ നിന്നും മുക്തരാകുവാന്‍ ഈ മഹാ മന്ത്രത്തെ നിരന്തരം ജപിക്കുക. ഈ പതിനാറ് നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വ്വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തര്‍ ബ്രഹ്മലോകത്തിലും ശിവഭക്തര്‍ ശിവലോകത്തിലും വിഷ്ണുഭക്തര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ സാലോക്യമോക്ഷം എന്ന് പറയുന്നു. ഭഗവാന്‍റെ സമീപത്തുതന്നെ എത്തിചേരുന്നതാണ് സാമീപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത്  സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപം കൊണ്ട് സിദ്ധിക്കുന്നു. മുന്‍ജന്മ പാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ ഗ്രഹപ്പിഴകളും ഒഴിവാകും.

ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതില്‍ കീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.

-ജ്യോതിഷാചാര്യൻ വേണു മഹാദേവ്, 

Mobile#: +91 9847475559

error: Content is protected !!
Exit mobile version