ഇപ്പോൾ പൂട്ടുപൊളിപ്പന് കൂട്ട് ഊട്ടി അറുപ്പൻ
പ്രൊഫ. ദേശികം രഘുനാഥൻ
പൂട്ടുപൊളിപ്പന് ഊട്ടി അറുപ്പന്‍ കൂട്ട് എന്നു പറയും പോലെയാണ് ഇപ്പോഴത്തെ ഗ്രഹനില. സ്വതേ തീക്ഷ്ണസ്വഭാവമുള്ള ക്രൂരനാണ് ചൊവ്വ. ഏതാണ്ട് അതേ പോലെ തന്നെ മാരക പ്രകൃതമാണ് ശനിക്ക്. ഇവര്‍ രണ്ടും കൂടി ഒന്നിച്ചു നിന്നാലത്തെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ല. ഊട്ടി അറുപ്പന്‍ ആരാണെന്ന് ഈ പഴഞ്ചൊല്ല് കേട്ടിട്ടില്ലാത്തവര്‍ ചോദിച്ചേക്കാം: ഊട്ടി എന്നാല്‍ കഴുത്ത് – കഴുത്തറപ്പന്‍ എന്ന് അര്‍ത്ഥം.
രണ്ടു സൂര്യഗ്രഹണങ്ങള്‍ക്ക് പിന്നാലെ ഏഴ് ഗ്രഹങ്ങളുടെ സ്ഥിതി ദോഷം കൂടി സംഭവിച്ചതാണ് അങ്ങേയറ്റം ഭയനകമായ, ഒരു അന്തവുമില്ലാതെ തുടരുന്ന ഈ കാലദോഷത്തിന് കാരണമെന്നാണ് ഗ്രഹ, നക്ഷത്ര വിശകലനത്തില്‍ എനിക്ക് മനസിലാകുന്നത്. നവഗ്രഹങ്ങളിലെ സപ്ത ഗ്രഹങ്ങളുടെയും – ചൊവ്വ, വ്യാഴം, ശനി, ശുക്രന്‍ , ബുധന്‍, രാഹു, കേതു എന്നീ ഏഴ് ഗ്രഹങ്ങളുടെയും നില ഇപ്പോള്‍ കുഴപ്പത്തിലാണ്. ഈ ഗ്രഹങ്ങളുടെയും
സൂര്യന്റെയും ചന്ദ്രന്റെയും രാശിസ്ഥിതി, യോഗം, ബലം, ബലമില്ലായ്മ, ദൃഷ്ടി, ഗതി, വിഗതി, ഉച്ചം, പരമോച്ചം ഇതെല്ലാം കൂടി വിശദമായി പരിഗണിച്ചു വേണം അവസ്ഥ വിശകലനം ചെയ്യാന്‍.
ചൊവ്വയും വ്യാഴവും ശനിയും ഇപ്പോള്‍ മകരത്തില്‍ നില്‍ക്കുന്നത് അതീവ മാരകം തന്നെയാണ്. അഗ്‌നി മാരുത യോഗം വസുന്ധരായോഗം തുടങ്ങിയവ സൃഷ്ടിക്കുന്നത് ദുര്‍ഘടങ്ങള്‍ തന്നെയാണ്. പക്ഷേ അത് മാത്രമല്ല കാരണം എന്നാണ് ഞാന്‍ ഗ്രഹിക്കുന്നത്.
ചൊവ്വയും ശനിയും കൂടി സൃഷ്ടിക്കുന്ന രൂക്ഷതയ്ക്ക്, മാരകാവസ്ഥയ്ക്ക് ശുഭനായ വ്യാഴത്തിന്റെ സ്വാധീനവും സാന്നിദ്ധ്യവും ആശ്വാസം നല്‍കേണ്ടതാണ്. എന്നാല്‍ അതിന്റെ സ്ഥിതി നീചരാശിയിലായിപ്പോയി. ഏത് വിഷമസന്ധിയില്‍ നിന്നും കരകയറ്റുന്ന സദ്ഫലദാതാവായ വ്യാഴം അതിനാല്‍ ബലമില്ലാതെ കഴിവുകെട്ടവനായിപ്പോയി. ഈ കഷ്ട – ദുരിത സമയത്ത് ഒന്നും ചെയ്യാന്‍ ഗുരുവിന് കഴിയുന്നില്ല. ഈ അവസ്ഥ മാറണമെങ്കില്‍ ചൊവ്വ കുംഭത്തിലേക്ക് പോകണം. വ്യാഴം തിരിച്ച് ധനുവില്‍ വരണം. മേയ് മാസം 4 ന് ചൊവ്വ കുംഭത്തിലേക്ക് പോകും. ജൂണ്‍ 30 ന് വ്യാഴം തിരിച്ച് ധനുവില്‍ എത്തും. അപ്പോള്‍ ശനിയും ഒറ്റപ്പെടും, ചൊവ്വയും ഒറ്റപ്പെടും. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ ഇപ്പോഴത്തെ ദുസ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടാകൂ.
ഇതിന്റെയെല്ലാം തുടക്കം കഴിഞ്ഞ ധനുമാസത്തില്‍ സംഭവിച്ച സൂര്യഗ്രഹണത്തോടെയാണെന്ന് നേരേത്തേ സൂചിപ്പിച്ചു. പണ്ടേ കേട്ടിട്ടില്ലെ ഗ്രഹണത്തിന് ഞാഞ്ഞൂലും തലപൊക്കുമെന്ന്. ശരിക്കും ആ ചൊല്ല് ശരിയായത് ഇപ്പോഴാണ് . ഇനി ജൂണില്‍ ഒരു സൂര്യഗ്രഹണം കൂടി വരുന്നുണ്ട്.
അതിന് മുന്‍പ് തന്നെ 2020 മേയ് മാസത്തോടെ ഗ്രഹങ്ങള്‍ കുറേ അനുകൂലമാകും. അപ്പോള്‍ ഇന്നത്തെ മഹാമാരിയുടെ വ്യാപനവും തീക്ഷ്ണതയും കുറയും. സെപ്തംബറില്‍ രാഹു ഇടവത്തിലും കേതു വൃശ്ചികത്തിലും മാറുകയും ഇതിനിടയില്‍ ഗുരു – ശുക്ര – ശനിമാര്‍ക്ക് വക്രഗതി വരികയും ചെയ്യുന്നതിനാല്‍ ഒക്ടോബര്‍ മുതല്‍ ആഗോള മഹാമാരിയില്‍ നിന്നും ഒരു മോചനം പ്രതീക്ഷിക്കാം. 2021 ജൂണില്‍ ചൊവ്വ കര്‍ക്കടകത്തില്‍ വന്ന് ശനിയെ നോക്കുകയും ഇപ്പോള്‍ മകരത്തില്‍ നില്‍ക്കുന്ന ചൊവ്വ വീണ്ടും 12 രാശിയും താണ്ടി 2022 ഫെബ്രുവരിയില്‍ മകരത്തില്‍ എത്തുകയും ചെയ്യും. അതോടെ വിപരീതോര്‍ജ്ജത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാകും. അപ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു വിധം പൂര്‍ണ്ണമായ പരിഹാരമുണ്ടാകും
– പ്രൊഫ. ദേശികം രഘുനാഥന്‍,
+ 91 8078022068