Saturday, 23 Nov 2024

ഇപ്പോൾ ശനി ദോഷമുള്ളവർ ജപിക്കേണ്ട മന്ത്രങ്ങൾ, നടത്തേണ്ട വഴിപാടുകൾ


ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ഈ ഭൂമിയിൽ പിറന്നുവീണ എല്ലാ മനുഷ്യരെയും ജീവിതത്തിന്റെ ഏതെങ്കിലുമെല്ലാം ഘട്ടങ്ങളിൽ ശനിദോഷം ബാധിക്കും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തികൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം നടക്കുന്നത് ഒരുപക്ഷേ ശനിദോഷ സമയത്തായിരിക്കും. യൗവനത്തിൽ ഗോചരാൽ ബാധിക്കുന്ന ഏഴരാണ്ട് ശനി, കണ്ടക ശനി, അഷ്ടമ ശനി എന്നിവയ്ക്കായിരിക്കും കാഠിന്യം കൂടുതൽ. ബാല്യത്തിലും വാർദ്ധക്യത്തിലും വരുന്ന ഗോചരശനി ബാധയ്ക്ക് ശക്തി കുറവായിരിക്കും. ഇതിനു പുറമെ മിക്കവർക്കും ജീവിതത്തിൽ ഒരിക്കൽ 19 വർഷം ശനി ദശയും അനുഭവിക്കേണ്ടിവരും. ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദർഭങ്ങളിൽ ശനിദോഷം കഠിനമായി ബാധിച്ച് കഷ്ടപ്പെടുത്തും. അത് പൂർവ്വജന്മപ്രാരബ്ധഫലമായിരിക്കും. ഇപ്രകാരം ശനിദോഷം ഉള്ളവരും ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവരും ശനിയുടെ ദശാപഹാരം ഉള്ളവരും മകരം – കുംഭം കൂറുകാരും ലഗ്നക്കാരും, പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാരും ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനി കാലഹോരയില്‍ നെയ്‌വിളക്ക് കത്തിച്ചുവെച്ച് താഴെ ചേർത്തിരിക്കുന്ന ശാസ്താവിന്‍റെ 21 ഇഷ്ടമന്ത്രങ്ങള്‍ 19 തവണ ജപിക്കണം. നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും ശനി സ്തോത്രം ജപിക്കുന്നതും
ഉത്തമമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശനിയാഴ്ച ദർശനം നടത്തി വഴിപാടു കഴിക്കുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധർമ്മശാസ്താവിന് മുമ്പിൽ മുട്ടിയുടച്ച നാളികേര മുറിയിൽ എണ്ണയൊഴിച്ച് നീരാജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്‌കരമാണ്. ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലർത്തി നനച്ച് കൊടുക്കുന്നത് നല്ല ശനിദോഷപരിഹാരമാണ്. ഒരു നേരം പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും ഉത്തമ ദോഷം പരിഹാരമാണ്.

21 ശാസ്താ മന്ത്രങ്ങൾ
ഓം കപാലിനേ നമഃ
ഓം മാനനീയായ നമഃ
ഓം മഹാധീരായ നമഃ
ഓം വീരായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം കവയേ നമഃ
ഓം ശൂലിനേ നമഃ
ഓം ശ്രീദായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം പൂജ്യായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പുഷ്കലായ നമഃ
ഓം അതിബലായ നമഃ
ഓം ശരധരായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം ചന്ദ്രരൂപായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം കാലശാസ്ത്രേ നമഃ
ഓം മദനായ നമഃ

ശനി സ്ത്രോത്രം
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ച്ഛായാ മാർത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചര്യം
ശാസ്താ പ്രീതിക്ക് വഴിപാടുകൾ
നീരാജനം…………………..അഭീഷ്ടസിദ്ധി, പാപശമനം, ശനിദോഷനിവാരണം
എള്ളുപായസം………….തൊഴിൽ വിജയം, ശനിദോഷശമനം
താമരമൂടൽ………………. ത്വക് രോഗശാന്തി
നെയ്‌വിളക്ക്……………….ധനാഭിവൃദ്ധി
തുളസിമാല…………………ഭാഗ്യസിദ്ധി
തൃമധുരം……………………..വിവാഹതടസനിവാരണം
കരിക്ക് ……………………….കടബാദ്ധ്യതമാറാൻ
പാലഭിഷേകം……………….സന്താനലബ്ധി
ഭസ്മാഭിഷേകം…………….വിദ്യാവിജയം
കളഭാഭിഷേകം……………..അഭീഷ്ടസിദ്ധി
മുല്ലമാല………………………. ഇഷ്ടസാഫല്യം
എള്ളുതിരി…………………..ശനിദോഷനിവാരണം.

ശനി ദോഷം ഇപ്പോൾ
ശനി ഇപ്പോൾ മകരം രാശിയിലാണ് നിൽക്കുന്നത്. 2023 ജനുവരി 17 ന് കുംഭം രാശിയിലേക്ക് പകരുന്നത് വരെ കണ്ടകശനി, അഷ്ടമശനി, ഏഴരാണ്ടശനി തുടങ്ങിയവയുടെ ദോഷമനുഭവിക്കുന്നവരായ അശ്വതി, ഭരണി, കാർത്തിക (മേടക്കൂറ്) മകയിരം (മിഥുനക്കൂറ്), തിരുവാതിര,പുണർതം, പൂയം, ആയില്യം,മൂലം, പൂരാടം, ഉത്രാടം, തിരുവോണം,അവിട്ടം, ചതയം, പൂരുരുട്ടാതി (കുംഭക്കൂറ്) എന്നീ നക്ഷത്രക്കാരും ശനിദശാകാല ദോഷമനുഭവിക്കുന്നവരും, ശനിയുടെ അപഹാരങ്ങളിൽ കഴിയുന്നവരും അയ്യപ്പദർശനം നടത്തി പ്രാർത്ഥിച്ചാൽ ശനി ദോഷം മാത്രമല്ല സർവ്വദു:ഖങ്ങളും അകലും.

ശനി ദോഷം ജനുവരി 17 മുതൽ
2023 ജനുവരി 17 മുതൽ കണ്ടകശനി, അഷ്ടമശനി, ഏഴരാണ്ടശനി തുടങ്ങിയവയുടെ ദോഷം ബാധിക്കുക കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 നക്ഷത്രങ്ങൾ
ഉൾക്കൊള്ളുന്ന ഇടവക്കൂറ്, പുണർതം അവസാന പാദം, പൂയം, ആയില്യം നക്ഷത്രങ്ങളടങ്ങിയ കർക്കടകക്കൂറ്, മകം, പൂരം, ഉത്രം 1 നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ചിങ്ങക്കൂറ്, വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങളടങ്ങിയ വൃശ്ചികക്കൂറ്, ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി,
രേവതി എന്നീ നക്ഷത്രക്കാരെയാണ്. ഇവരും വേണ്ട ദോഷപരിഹാരങ്ങൾ കാല കൂട്ടി ചെയ്തു കൊള്ളണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559

Story Summary: 21 Powerful Shastha Mantras and different offerings for removing Shani Dosham

error: Content is protected !!
Exit mobile version