Saturday, 23 Nov 2024

ഇവിടെ 13 വെള്ളിയാഴ്ച രക്തപുഷ്പാഞ്ജലി നടത്തൂ; കഷ്ടതയും ദുരിതങ്ങളും അകലും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

കരിക്കകത്തമ്മയുടെ അവതാരദിനമാണ് മീനത്തിലെ മകം. ഏഴാം ഉത്സവ ദിനമായ മകത്തിനാണ് ഇവിടെ പൊങ്കാല. സത്യത്തിന് സാക്ഷിയായ സന്നിധി എന്ന് പ്രസിദ്ധമായ കരിക്കകം ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം പൊങ്കാലയാണ്. കോവിഡ് മഹാമാരി കാരണം ഇത്തവണ പൊങ്കാല ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ്. അനേകായിരങ്ങളുടെ ആശ്രയമാണ് കരിക്കകത്തമ്മ. തീർത്താൽ തീരാത്ത സങ്കടങ്ങളുമായി എവിടെ നിന്നെല്ലാമാണ് ഭക്തർ എത്തുന്നത്. കരിക്കകം ശ്രീ ചാമുണ്ഡേശ്വരിയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ
എല്ലാ ദുഖങ്ങൾക്കും അവസാനമാകും. രോഗദുരിതം, വിവാഹ തടസ്സം, സാമ്പത്തിക വിഷമങ്ങൾ, കടം, ജോലി സംബന്ധമായ തടസ്സങ്ങൾ, വസ്തു തർക്കം തുടങ്ങി എല്ലാ വിഷമങ്ങളും കരിക്കകത്തമ്മ അനുഗ്രഹിച്ചാൽ അകന്നു പോകും.

മീനത്തിലെ മകത്തിന് പൊങ്കാലയിട്ട് ചാമുണ്ഡേശ്വരിയെ പ്രസാദിപ്പിക്കാൻ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്. ദേവിയെ കരിക്കകത്ത് കുടിയിരുത്തിയ ദിവസം മൺകലത്തിൽ തയ്യാറാക്കി നേദിച്ച ആദ്യ പൊങ്കാലയുടെ ഓർമ്മയാണ് ഉത്സവത്തിന്റെ ഏഴാം നാൾ നടക്കുന്ന വിശിഷ്ടമായ പൊങ്കാല. ഗുരുവും യോഗീശ്വരനും കൂടിയാണ് ദേവിയെ പച്ചപന്തൽ കെട്ടി കുടിയിരുത്തിയതും പൊങ്കാല തയ്യാറാക്കി നേദിച്ചതും. തുടർന്ന് എല്ലാവർഷവും ഇതേ ദിവസം പൊങ്കാല തയ്യാറാക്കി ദേവിയുടെ അനുഗ്രഹം വാങ്ങിയിരുന്നു.

മാർച്ച് 26 വെള്ളിയാഴ്ച രാവിലെ 10.15 നാണ് ഇത്തവണ പൊങ്കാല. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ അഗ്നി പകരുന്ന ഈ സമയത്ത് ഭക്തർക്ക് വീടുകളിൽ പൊങ്കാലയിട്ട് അമ്മയുടെ അനുഗ്രഹം നേടാം. ഉച്ചയ്ക്ക് 2.15 നാണ് നിവേദ്യം. അന്ന് രാത്രി അത്താഴപൂജ കഴിഞ്ഞ് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും. മാർച്ച് 25 വ്യാഴാഴ്ചയാണ് ദേവിയുടെ പുറത്തെഴുന്നള്ളത്ത് . കോവിഡ് നിയന്ത്രണങ്ങൾ കാരണം എഴുന്നള്ളത്തിന് ഭക്തരുടെ അകമ്പടി ഉണ്ടാകില്ല. പൊങ്കാല മഹോത്സവ സമയത്ത് മാത്രമല്ല എന്നും ഭക്തജനത്തിരക്കാണ് കരിക്കകം ക്ഷേത്രത്തിൽ. പ്രത്യേകിച്ച് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ.

ക്ഷേത്രത്തിൽ, ദേവിക്ക് മൂന്ന് പ്രധാന നടയാണുള്ളത്.

ശ്രീ ചാമുണ്ഡി നട

പ്രധാന ശ്രീകോവിലിലാണ് ശ്രീ ചാമുണ്ഡി ദേവി കുടികൊള്ളുന്നത്. മുൻപ് വെള്ള നിറത്തിൽ കലമാന്‍ കൊമ്പില്‍ തീര്‍ത്ത പ്രതിഷ്ഠയായിരുന്നു ഇവിടെ. ദേവ പ്രശ്‌നത്തില്‍ ഭക്തര്‍ക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹം വേണം എന്ന് വിധി വന്നു. അങ്ങനെ പഴയ ശ്രീകോവില്‍ അതേ അളവില്‍ നിര്‍മ്മിച്ച് ദേവിയെ പഞ്ചലോഹ വിഗ്രഹത്തില്‍ ഷഢാധാര വിധി പ്രകാരം പ്രതിഷ്ഠിച്ചു. 1997 മാര്‍ച്ച് 21 നായിരുന്നു പ്രതിഷ്ഠ. മന:ശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരങ്ങൾ ഇവിടെ ദേവീ ദര്‍ശനം തേടിയെത്തുന്നു. ഈ ദേവിനടയിലാണ് പ്രധാന പൂജകൾ നടക്കുന്നത്. ഇവിടെ വഴിപാടുകൾ നടത്തിയാൽ കഷ്ടതയും ദുരിതങ്ങളും അകലും. കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. അര്‍ച്ചന, രക്തപുഷ്പാര്‍ച്ചന, സ്വയംവരാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, പാല്‍പ്പായസം, പഞ്ചാമൃതാഭിഷേകം, കാര്യതടസ നിവാരണം എന്നിവയ്ക്ക് ദേവിക്ക് തുടര്‍ച്ചയായി 13 വെള്ളിയാഴ്ച രക്തപുഷ്പാഞ്ജലിയും ദേവീദര്‍ശനവും ഉത്തമമാണ്. കൂടാതെ ദേവി നടയില്‍നിന്നും ശരീര സൗഖ്യത്തിനും ഉറക്കത്തില്‍ ദുഃസ്വപ്‌നങ്ങള്‍ കണ്ട് ഭയക്കാതിരിക്കുന്നതിനും ബാധദോഷം മാറുന്നതിനും ചരട് ജപിച്ചു കെട്ടാറുമുണ്ട്. തകിടെഴുതി ദേവീ പാദത്തില്‍ വച്ച് 21 ദിവസം പൂജിച്ച് കെട്ടുന്നത് പ്രസവരക്ഷ, ദേഹ രക്ഷ, മറ്റ് ദോഷങ്ങളില്‍ നിന്നുള്ള രക്ഷ എന്നിവയ്ക്ക് ഉത്തമമാണ്.

രക്തചാമുണ്ഡി
രൗദ്രഭാവമുള്ള രക്തചാമുണ്ഡിയാണെങ്കിലും മാതൃഭാവമുള്ള സ്‌നേഹദായിനിയാണ് കരിക്കകത്തെ രക്തചാമുണ്ഡി. ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന മഹാമായ. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഭഗവതി. കരിക്കത്ത് ശ്രീ രക്തചാമുണ്ഡിയുടെ ചുവര്‍ ചിത്രമാണ് ഈ നടയില്‍ കുടികൊള്ളുന്നത്. രാജഭരണകാലത്ത് നീതി നിര്‍വ്വഹണത്തിനു വേണ്ടി ഈ സങ്കേതത്തില്‍ വന്ന് സത്യം ചെയ്യിക്കുന്ന ചടങ്ങുണ്ടായിരുന്നു. കോടതി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തെളിയാത്ത കേസുകള്‍ക്ക് ഈ നടയില്‍ വന്ന് സത്യം ചെയ്യുന്നത് നിത്യസംഭവമാണ്. ഇപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും പണം ഇടപാടുകളിലെ തട്ടിപ്പുകള്‍ മോഷണം, പിടിച്ചുപറി, തട്ടിപ്പ്, ജോലി സംബന്ധമായ തടസങ്ങള്‍, വസ്തു ഇടപാടുകളിലെ തര്‍ക്കം എന്നിവയ്ക്ക് 101 രൂപ പിഴ അടച്ച് നട തുറന്ന് സത്യം ചെയ്യുകയും വിളിച്ച് അപേക്ഷിക്കുകയും തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുന്നു. ശത്രുസംഹാര പൂജയാണ് ഇവിടെ പ്രധാനം. ക്ഷുദ്രപ്രയോഗങ്ങള്‍ മൂലമുള്ള സങ്കടങ്ങൾ തീർക്കുന്നതിനും പുതുതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസങ്ങള്‍ മാറ്റുന്നതിനും വിളിദോഷം മാറുന്നതിനും കൈവിഷം, ദൃഷ്ടിദോഷം, ജാതകദോഷം, ചതിപ്രയോഗം എന്നിവയിൽ നിന്നും മുക്തി നേടുന്നതിനും ഈ നട തുറന്ന് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. രക്തചാമുണ്ഡിക്ക് കടുംപായസം, ചുവന്നപട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേര്‍ച്ചകളും, സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും ആയുധങ്ങളും നടയ്ക്ക് വയ്ക്കുന്നവര്‍ ധാരാളമുണ്ട്. ദിവസവും രാവിലെ 7.15 മുതൽ 11 മണി വരെയും വൈകിട്ട് 4.45 മുതൽ 6 മണി വരെയുമാണ് ഈ നടതുറപ്പ്. കേസും വഴക്കും കോടതിയുമായി കഴിയുന്ന എത്രയോ ആളുകളാണ് കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെത്തി ദേവി പ്രസാദം വാങ്ങി പ്രശ്‌ന മുക്തി നേടുന്നത്.

ബാലചാമുണ്ഡീനട
ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീ ബാലചാമുണ്ഡി ദേവി കുടികൊള്ളുന്ന സന്നിധിയാണിത്. ഇവിടെ സൗമ്യ രൂപത്തിലുള്ള ശ്രീ ബാലചാമുണ്ഡി ദേവിയുടെ ചുവര്‍ചിത്രമുണ്ട്. ചാമുണ്ഡ നിഗ്രഹം കഴിഞ്ഞ് കോപം ശമിച്ച് ശാന്ത രൂപത്തില്‍ ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ദേവിയുടെ സൗമ്യ രൂപത്തിലുള്ള സങ്കല്പമായതിനാല്‍ കുട്ടികള്‍ക്കുള്ള നേര്‍ച്ചയാണ് നടയില്‍ കൂടുതല്‍ നടത്തുന്നത്. സന്താന ഭാഗ്യത്തിനും ബാലാരിഷ്ടതകള്‍ മാറുന്നതിനും 101 രൂപ പിഴ അടച്ച് നട തുറന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ നട തുറന്ന് പ്രാര്‍ത്ഥിച്ച് കാര്യങ്ങള്‍ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ നേര്‍ച്ചയായി പ്രത്യേക പൂജ നടത്താറുണ്ട്. കടുംപായസം, പട്ട്, മുല്ല, പിച്ചി എന്നിവയിലുള്ള ഹാരങ്ങള്‍, ഉടയാടകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയിലുള്ള രൂപങ്ങള്‍, സന്താനലബ്ധിക്കായി തൊട്ടിലും, കുഞ്ഞും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, മറ്റ് സാധനങ്ങള്‍, കുഞ്ഞൂണ്, തുലാഭാരം എന്നീ നേര്‍ച്ചകളും ഇവിടെ നടത്താറുണ്ട്. വിദ്യാഭ്യാസത്തിലും കലയിലും ഉയര്‍ച്ച ഉണ്ടാകുന്നതിനും മത്സര പരീക്ഷകളില്‍ വിജയം വരിക്കുന്നതിനും ഇവിടെ നടതുറക്കാന്‍ നല്ല തിരക്കാണ്.

ശ്രീ മഹാഗണപതി

ദേവിയോടൊപ്പം ശ്രീകോവിലിലാണ് വിഘ്‌നേശ്വരനെ നേരത്തെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോള്‍ തെക്കുവശത്ത് പ്രത്യേകം ആലയം പണിത് മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നു. പുതിയ വീട്, സംരംഭങ്ങള്‍ എന്നിവ ആരംഭിക്കുമ്പോഴും ബി‌സിനസിലെ ഉയര്‍ച്ചയ്ക്കും മറ്റും മഹാഗണപതി ഹോമവും ഗണപതി ഹോമവും ഇവിടെ നേര്‍ച്ചയായി നടത്താറുണ്ട്. വര്‍ഷംതോറും വിനായക ചതുര്‍ത്ഥിക്ക് 1008 നാളികേരത്തിന്റെ മഹാഗണപതിഹോമം വിശേഷാല്‍ പൂജ, അഭിഷേകം, അപ്പം മൂടല്‍ എന്നിവ പതിവാണ്. ഗണപതി ക്ഷേത്രത്തിന് തെക്ക് വശത്ത് പിന്നിൽ പ്രത്യേകം ആലയത്തില്‍ ബാലഗണപതിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് ദേവീ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും കരിക്കകത്തിനുണ്ട്.

ശാസ്താ നട
ശാസ്താവാണ് കരിക്കകത്തെ മറ്റൊരു ഉപദേവത. മകരമാസത്തിലെ രോഹിണി നക്ഷത്രമാണ് ശാസ്താപ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നത്. ശനിദോഷം മാറുന്നതിന് ദോഷപരിഹാര ത്തിനായി ശാസ്താവിന് ചിറപ്പ് പൂജയും നടത്താം.

യക്ഷി അമ്മ
ശാസ്താക്ഷേത്രത്തിന് തൊട്ട് തെക്കുവശം പുറകിലായി ദേവിയെ ഉപാസനാമൂര്‍ത്തിയായി യോഗീശ്വരന്‍ കൊണ്ടുവന്നപ്പോള്‍ ദേവിയോടൊപ്പം ആഗമിച്ച യക്ഷി അമ്മയെ പ്രത്യേകം തറകെട്ടി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ചുവന്ന പട്ട്, ഹാരം എന്നിവയാണ് നേര്‍ച്ച.

ഭുവനേശ്വരി
ദേവിയെ വിഗ്രഹ പ്രതിഷ്ഠ നടത്തിയ സമയത്ത് ശ്രീ കോവിലിനുള്ളില്‍ വിളയാടിയ ഉലകനായിക ഭുവനേശ്വരിയെ ശ്രീകോവിലിന് വെളിയില്‍ പടിഞ്ഞാറ് വശം പുറകിലായി കണ്ണാടി ബിംബത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. പട്ട്, പൂമാല എന്നിവയാണ് നേര്‍ച്ചാ സാമഗ്രികൾ.

ആയിരവല്ലി
ക്ഷേത്രചുറ്റുമതിലുള്ള വെളിയില്‍ പിൻ വശത്തായി മുകളില്‍ പ്രത്യേക ആലയം പണിത് ബാണലിംഗത്തില്‍ ആയിരവല്ലിത്തമ്പുരാനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. കൂവളമാല, നാരങ്ങാവിളക്ക് എന്നിവയാണ് ഇവിടുത്തെ നേര്‍ച്ചകള്‍.

ഗുരുമന്ദിരം
ദേവിയുടെ ആലയത്തിന് തൊട്ടു വടക്കുഭാഗത്ത് കാണുന്നതാണ് ഗുരുമന്ദിരം. പണ്ട് ദേവിയെ കൊണ്ടു വന്ന യോഗീശ്വരന്റെ തറവാടായിരുന്നു ഇത്. ഇവിടെയാണ് ദേവിയെ ആദ്യമായി യോഗീശ്വരനും ഗുരുവും ചേര്‍ന്ന് പച്ച പന്തല്‍ കെട്ടി കുടിയിരുത്തിയത്. അതിനുശേഷം ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച് ദേവിയെ ആലയങ്ങളില്‍ പ്രതിഷ്ഠിച്ചു. ഗുരുവിനും മന്ത്രമൂര്‍ത്തിക്കും ആരാധനയ്ക്ക് പ്രത്യേകം മൂര്‍ത്തീഭാവമല്ല. സങ്കല്പം മാത്രമേയുള്ളൂ. ക്ഷേത്രത്തില്‍ വര്‍ഷം തോറും ഉത്സവമഹാമഹം ആഘോഷിക്കാന്‍ ഇവിടെയാണ് ആദ്യ പൂജ നടക്കുന്നത്. ഇത് ഗുരുപൂജ എന്ന് അറിയപ്പെടുന്നു. ഈ നടയില്‍ പിച്ചിഹാരം, രുദ്രാക്ഷമാല, പുളിയിലക്കര നേര്യത് എന്നിവയാണ് നേര്‍ച്ച വസ്തുക്കള്‍.

നാഗര്‍ കാവ്
ദേവീ ക്ഷേത്ര ചുറ്റുമതിലിന് വെളിയിൽ ക്ഷേത്രത്തിന്റെ  നാഗര്‍കാവും കുളവുമുണ്ട്.  തിരുവനന്തപുരം സിറ്റിയിലെ ക്ഷേത്രങ്ങളില്‍ വച്ച് ഏറ്റവും വലിയ നാഗര്‍ഗാവ് ഇതാണ്. സര്‍പ്പദോഷാര്‍ച്ചനയാണ് പ്രധാന വഴിപാട്. വര്‍ഷം തോറും മകരമാസത്തിലെ ആയില്യം വലിയ ആയില്യം ഊട്ട് എന്ന് അറിയപ്പെടുന്നു.

കാട്ടിലെ വീട്
ക്ഷേത്ര തറവാടാണ് കാട്ടിലെ വീട് . ഇവിടെ ക്ഷേത്ര ആണ്ടുവിശേഷമായ ചിത്രാപൗര്‍ണ്ണമിക്ക് അഹോരാത്ര രാമായണ പാരായണവും ഭക്തര്‍ക്ക് കഞ്ഞിവീഴ്ത്തും നടത്തുന്നു. ഉത്സവദിവസം പ്രത്യേകം പൂജകളും നടത്തപ്പെടുന്നു.

വ്യത്യസ്ത ദേവീസങ്കല്പം

മറ്റ് ക്ഷേത്രത്തില്‍നിന്നും വ്യത്യസ്തമായ ഒരു ദേവീ സങ്കല്പമാണ് കരിക്കകം ക്ഷേത്രത്തില്‍. ചാമുണ്ഡീ ദേവിയുടെ 3 ഭാവത്തിലുള്ള ആരാധനയാണ് ഇവിടെ നടത്താറുള്ളത്. ഒരു ദേവീ സങ്കല്‍പ്പത്തെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കരിക്കകം ക്ഷേത്രം. മറ്റുള്ള അമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉപദേവന്മാരുടെ പ്രതിഷ്ഠകൾ എല്ലാം തന്നെ കിഴക്കോട്ടാണ് ദര്‍ശനം.

ഐതിഹ്യം
600 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. വന ശൈലാദ്രി സ്ഥാന നിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂര്‍വ്വ ഭാഗത്തു നിന്നാണെന്നും വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രാഹ്മണാചാര്യന്റെ ഉപാസനമൂര്‍ത്തിയായി പരിലസിച്ചിരുന്ന ദേവിയെ തന്ത്രിവര്യന്റെ മടത്തുവീട് തറവാട്ടിലെ കുടുംബകാരണവരായ യോഗിവര്യന് ഉപാസിച്ചുകൊള്ളാന്‍ തന്ത്രി ഉപദേശിച്ചിട്ടുള്ളതും അപ്രകാരം സിദ്ധിച്ച ദേവി ഒരു ബാലികാരൂപത്തില്‍ സാന്നിദ്ധ്യം ചെയ്ത് ഗുരുവിന്റെയും യോഗീശ്വരന്റെയും കൂടെ പുറപ്പെട്ട് തറവാട്ടില്‍ കരിക്കകം ക്ഷേത്രസ്ഥാനത്തുവന്ന് പച്ച പന്തല്‍കെട്ടി ദേവിയെ കുടിയിരുത്തുകയും പിന്നീട് അതിനുശേഷം ക്ഷേത്രം പണികഴിപ്പിച്ച് ഗുരുവിനെ കൊണ്ടുതന്നെ വിധിപ്രകാരം ദേവിയെ പ്രതിഷ്ഠിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. മുന്‍കാലങ്ങളില്‍ ദിക്ക്ബലി എന്ന ഒരു ചടങ്ങിന് ദേവി പുറത്തെഴുന്നള്ളുമായിരുന്നു. കോളറ, വസൂരി തുടങ്ങിയ മാരക രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നു പിടിക്കുമ്പോള്‍, നാട്ടുകാരുടെ ആവശ്യപ്രകാരമാണ് അത്തരത്തില്‍ ഒരു ചടങ്ങ് നടത്തിയിരുന്നത്.

ക്ഷേത്രത്തിലേക്കുള്ള വഴി
എൻഎച്ച്‌ വഴി വരുന്നവർക്ക് കഴക്കൂട്ടം വേൾഡ് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് വാഴവിള വഴിയും ക്ഷേത്രം വക എൻഎച്ചിലെ പുതിയ റോഡ് വഴിയും എം.സി റോഡ് വഴി വരുന്നവർക്ക് കേശവദാപുരത്ത് നിന്ന് പാളയം, പേട്ട, ചാക്ക ബൈപ്പാസ് വഴിയും നെയ്യാറ്റിൻകര ഭാഗത്തുനിന്നും വരുന്നവർക്ക് കിഴക്കേക്കോട്ട ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ വന്ന് ബൈപ്പാസ് റോഡ് വഴിയും ചാക്ക ആറ്റുവരമ്പ് റോഡ് വഴിയും ക്ഷേത്രത്തിൽ എത്താം.

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഫോൺ :
0471 – 2500989, 2507671, 07306090147

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Karikkakom Sree Chamundi Devi Temple: festivals, Special Rituals and offerings

error: Content is protected !!
Exit mobile version