Friday, 20 Sep 2024

ഇവർക്കാണ് ഇപ്പോൾ ശനി ദുരിതം; പരിഹാരം ശാസ്താവിന്‍റെ 21 ഇഷ്ടമന്ത്രങ്ങള്‍

ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ശ്രീ ധർമ്മശാസ്താ പ്രീതി വരുത്തുക. കലിയുഗവരദൻ തീർക്കാത്ത ശനിദോഷങ്ങളില്ല. വർഷത്തിൽ ഒരു തവണയെങ്കിലും ശബരിമല അയ്യപ്പദർശനം നേടി നെയ്യഭിഷേകം നടത്തുന്നതും ശനിയാഴ്ചകളിൽ ശാസ്താസന്നിധിയിൽ നീരാജനമോ എള്ളുപായസമോ വഴിപാടു  കഴിക്കുന്നതും മികച്ച ശനിദോഷ പരിഹാരങ്ങളാണ്. ഇതിനൊപ്പം നിത്യവും അയ്യപ്പന്റെ മൂല മന്ത്രമായ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ  ജപിക്കുന്നതും ശാസ്താ പ്രീതികരമായ 21 മന്ത്രങ്ങൾ ജപിക്കുന്നതും ഉത്തമമാണ്.

ഗോചരാലും ജാതകവശാലും ശനി എവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും ദു:ഖദുരിതങ്ങള്‍ അനുഭവിക്കുന്നത്.   ഗോചരാൽ ചന്ദ്രന്‍ നില്‍ക്കുന്ന ജന്മത്തിലും അതിന്റെ ഒന്ന്, പന്ത്രണ്ട് ഭാവങ്ങളിലും ശനിയുള്ള സമയമാണ് ഏഴരശനിക്കാലം. ഈ സമയം അവർക്ക് ദുരിതകാലം തന്നെയായിരിക്കും. 

ഇപ്പോൾ മകരം രാശിയിലാണ് ശനി നിൽക്കുന്നത്. 2022 ഏപ്രിൽ 28 വരെ അവിടെ നിലകൊള്ളും. അതിനാൽ ഇപ്പോൾ മകരക്കൂറുകാർക്ക് ജന്മ ശനിയാണ്. കുംഭം, ധനുക്കൂറുകാർക്ക് രണ്ട്, 12 ഭാവങ്ങളിലാണ് ശനി. ഈ മൂന്ന് രാശികളിൽപ്പെട്ട മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി ആദ്യ മൂന്ന് പാദം നക്ഷത്രക്കാർക്ക്  ഇപ്പോൾ ജീവിതം വളരെ ക്ലേശകരമായിരിക്കും. 

ജന്മശനിയുടെ ഫലം വിദേശവാസം, വിഷഭയം, ബന്ധുനാശം, ധനനാശം, രോഗം, മരണഭയം എന്നിവയാണ്. രണ്ടിലെ ശനി കുടുംബം വിട്ട് കഴിയേണ്ട സാഹചര്യം സൃഷ്ടിക്കും. ചിലർക്ക് തസ്കര ഭീതിയുണ്ടാകും. കള്ളം പറയും. പന്ത്രണ്ടിലെ ശനി കാരണം പല തരം ദുഃഖങ്ങളും ദൂരയാത്രയും ധനനാശവും ഉണ്ടാകാം.

10, 7, 4 ഭാവങ്ങള്‍ കണ്ടകസ്ഥാനങ്ങളാണ്. ശനി ഈ ഭാവങ്ങളില്‍ വരുമ്പോഴും കഷ്ടപ്പാടുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കും. തുലാം, കർക്കടകം, മേടം കൂറുകളിലുള്ളവർക്കാണ്  കണ്ടക ശനിദോഷം . അശ്വതി, ഭരണി, കാർത്തിക ആദ്യപാദം, പുണർതം അവസാന പാദം, പൂയം, ആയില്യം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദം നക്ഷത്രജാതരാണ് ഇപ്പോൾ കണ്ടക ശനിയിൽ കഴിയുന്നത്.  നാലിലെ ശനിയുടെ ഫലം ദുഷ്ടചിന്ത, കളത്രവിരഹം , സ്വജനവിരഹം , കലഹം, അന്യദേശവാസം, ശാരീരികക്ലേശം എന്നിവയാണ്. ഏഴിലെ ശനി ദൂരയാത്രയ്ക്കും വഴി വിട്ട ബന്ധങ്ങൾക്കും കാരണമാകും. പത്തിലെ ശനിയുടെ ദുരിതങ്ങൾ ഹൃദയരോഗം, ധന, വിദ്യാ നാശമാണ്. പ്രശസ്തിക്കും ദോഷമുണ്ടാക്കും. 

മിഥുനക്കൂറുകാരായ മകയിരം അവസാന പകുതി, തിരുവാതിര പുണർതം ആദ്യ മൂന്ന് പാദം നക്ഷത്രജാതർക്ക് ഇപ്പോൾ അഷ്ടമശനിയാണ്.  ദോഷപരിഹാരങ്ങൾ പതിവായി ചെയ്തില്ലെങ്കിൽഅഷ്ടമശനിയുടെ രണ്ടരവര്‍ഷം രോഗദുരിതങ്ങള്‍  വല്ലാതെ അലട്ടും. സ്വജനവിരഹം , ദുഃഖം, ഏകാന്ത ജീവിതം, മന:പ്രയാസം എന്നിവയാണ് മറ്റ് ഫലങ്ങൾ.

ഇതിനു പുറമെ ജാതകവശാലും ശനി ചിലരെ കഷ്പ്പെടുത്തും. ശനിദശാപഹാരങ്ങൾ  അനുഭവിക്കുമ്പോൾ ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി, ചതയം, നക്ഷത്രജാതര്‍  പതിവായി ശനിദോഷ പരിഹാരങ്ങളും ശാസ്താപ്രീതികരമായ മന്ത്രജപങ്ങളും നടത്തണം. പിന്നെ പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ എപ്പോഴും ധർമ്മശാസ്താവിനെ ആരാധിക്കണം. 

മേടം, ധനു, മീനം, ലഗ്‌നങ്ങളില്‍ ജനിച്ചവര്‍ 5,6,8,12 ഭാവങ്ങളില്‍ ശനി നില്‍ക്കുന്നവര്‍ ആദിത്യന്‍, ചൊവ്വ, രാഹു, കേതു എന്നിവയുമായി ശനിയോഗം ചെയ്തു നില്‍ക്കുന്നവര്‍ മേടം, കര്‍ക്കടകം, ചിങ്ങം, വൃശ്ചികം രാശികളില്‍ ശനി നില്‍ക്കുന്നവര്‍ ശനിക്ക് 6,8,12,2,7, ഭാവങ്ങളുടെ ആധിപത്യമുള്ളവര്‍ എന്നിവരും ശനിയുടെ ശല്യം കുറയ്ക്കാൻ  ധർമ്മശാസ്താവിനെ അഭയം പ്രാപിക്കണം. ഇവരെല്ലാം ശനിയാഴ്ചകളിൽ സൂരോദയം മുതൽ  ഒരു മണിക്കൂർ വരെയുള്ള ശനിയുടെ കാലഹോരയിൽ നെയ് വിളക്ക് കൊളുത്തി ഇവിടെ ചേർത്തിട്ടുള്ള ധർമ്മശാസ്താവിന്റെ 21 ഇഷ്ട മന്ത്രങ്ങൾ 21 തവണ ജപിക്കണം. തീർച്ചയായും ശനിദോഷം കുറയും; മാത്രമല്ല അഭീഷ്ടസിദ്ധിക്കും ഈ മന്ത്രജപം അത്യുത്തമമാണ്.  

ഓം കപാലിനേ നമഃ

ഓം മഹനീയായ നമഃ

ഓം മഹാധീരായ നമഃ

ഓം വീരായ നമഃ

ഓം മഹാബാഹവേ നമഃ

ഓം ജടാധരായ നമഃ

ഓം കവയേ നമഃ

ഓം ശൂലിനേ നമഃ

ഓം ശ്രീദായ നമഃ

ഓം വിഷ്ണുപുത്രായ നമഃ

ഓം ഋഗ്വേദരൂപായ നമഃ

ഓം പൂജ്യായ നമഃ

ഓം പരമേശ്വരായ നമഃ

ഓം പുഷ്കലായ നമഃ

ഓം അതിബലായ നമഃ

ഓം ശരധരായ നമഃ

ഓം ദീര്‍ഘനാസായ നമഃ

ഓം ചന്ദ്രരൂപായ നമഃ

ഓം കാലഹന്ത്രേ നമഃ

ഓം കാലശാസ്ത്രേ നമഃ

ഓം മദനായ നമഃ

error: Content is protected !!
Exit mobile version