Saturday, 23 Nov 2024

ഇഷ്ടകാര്യവിജയം, ദാമ്പത്യഭദ്രത നൽകും തിങ്കളാഴ്ച വ്രതം

ശിവപാര്‍വ്വതീ പ്രീതിക്ക് ഏറെ ഫലപ്രദമാണ് തിങ്കളാഴ്ച വ്രതം. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. വിവാഹജീവിതത്തിലെ കലഹമകലാനും, ദാമ്പത്യ ഐക്യത്തിനും, ഇഷ്ടകാര്യവിജയത്തിനും, ഇഷ്ടവിവാഹ ലബ്ധിക്കും ചന്ദ്രദോഷ പരിഹാരത്തിനും വൈധവ്യദോഷ നിവാരണത്തിനും കുടുംബത്തിന്റെ ഉന്നതിക്കും ഈ വ്രതപുണ്യം സഹായിക്കും. വിവാഹ തടസം നേരിടുന്നവര്‍ക്ക് അത് മാറുന്നതിനും തിങ്കളാഴ്ച വ്രതം ഉത്തമമാണ്. സോമവാരവ്രതം ശിവകുടുംബ പ്രീതിക്ക് ഉത്തമമാണ്.

വ്രതവിധി
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വ്രതം തുടങ്ങണം. രാത്രിയിൽ അരി ആഹാരം പാടില്ല. മത്സ്യ മാംസാദികൾ ഒഴിവാക്കണം. തിങ്കളാഴ്ച ഉദയത്തിന് മുൻപ് കുളിച്ച് വെളുത്തവസ്ത്രം ധരിച്ച് നെറ്റിയിൽ ഭസ്മവും കുങ്കുമവും ധരിച്ച് ഓം നമ:ശിവായ, ഓം ഹ്രീം ഉമായൈ നമ: , നമ: ശിവായ ശിവായ നമ: എന്നീ മന്ത്രങ്ങൾ ജപിച്ച് യഥാശക്തി ശിവഭജനം ചെയ്ത് ക്ഷേത്ര ദർശനം നടത്തണം. കൂവളമാല സമർപ്പിച്ച് പിൻവിളക്ക് തെളിക്കുന്നത് നല്ലത്. ജലപാനം പോലുമില്ലാതെ ശുദ്ധ ഉപവാസം സ്വീകരിക്കുന്നത് ഏറ്റവും നല്ലത്. ആരോഗ്യപരമായി സാധിക്കാത്തവര്‍ ഒരിക്കൽ ഊണായി വ്രതമെടുക്കണം. രാവിലെയും വൈകിട്ടും പഴങ്ങൾ കഴിക്കാം.

ക്ഷേത്ര ദർശനം, വഴിപാട്
സന്ധ്യയ്ക്ക് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം. യോഗ്യരായ സജ്ജനങ്ങള്‍ക്ക് യഥാശക്തി ദക്ഷിണ സമര്‍പ്പിച്ച് തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കണം. ശിവപുരാണ പാരായണം, ശിവസഹസ്രനാമജപം എന്നിവ നല്ലത്. അടുത്ത് ശിവക്ഷേത്രം ഉണ്ടെങ്കില്‍ 3 നേരത്തെ പൂജാവേളയിലും പങ്കടുക്കുന്നത് നന്നായിരിക്കും. ജലധാര, ഭസ്മാഭിഷേകം, കൂവളത്തിലകൊണ്ട് അര്‍ച്ചന എന്നിവ ക്ഷേത്രത്തില്‍ നടത്തണം. വിവാഹ തടസം നീങ്ങുന്നതിന് സ്വയംവര പുഷ്പാഞ്ജലി, ഉമാ മഹേശ്വര പൂജ എന്നിവ സമർപ്പിക്കുക നല്ലതാണ്.

പെട്ടെന്ന് വിവാഹം നടക്കാൻ
കറുത്തവാവും തിങ്കളാഴ്ചയും ചേർന്നു വരുന്ന ദിവസം വ്രതാനുഷ്ടാനത്തിന് ഏറെ ശ്രേഷ്ഠമാണ്. തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന ദിവസം ക്ഷേത്രത്തിൽ സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ പെട്ടെന്ന് വിവാഹം നടക്കുമെന്ന് ആചാര്യന്മാർ പറയുന്നു.

Story Summary: Significance of Somavara Vritham and benefits

error: Content is protected !!
Exit mobile version