Friday, 22 Nov 2024

ഇഷ്ട്ദേവത ഒന്ന് മതി

ഒരുദിവസം പെരുന്തച്ചന്‍ സഹോദരനായ അഗ്നിഹോത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഇല്ലത്ത് ചെന്നു. ശ്രാദ്ധമൂട്ടുന്ന ദിവസങ്ങളിലല്ലാതെ പെരുന്തച്ചന്‍ ഇല്ലത്തിനുള്ളില്‍ പ്രവേശിക്കാറില്ല. അന്നും അദ്ദേഹം പുറത്തു കാത്തിരുന്നു. ഭൃത്യന്‍ പുറത്തു വന്ന് അഗ്നിഹോത്രി സഹ്രസ്രാവൃത്തി കഴിക്കുകയാണെന്നു പറഞ്ഞു. അതുകേട്ട് പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു. കുറച്ചുസമയം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്‌ക്കാരം ചെയ്യുകയായിരുന്നു. അപ്പോൾ പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. പിന്നെ ഗണപതിഹോമം, വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമ പുഷ്പാഞ്ജലി ഇങ്ങനെ ഓരോ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു അഗ്നിഹോത്രി.

അതിനെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. ഒടുവില്‍ ഉച്ചയോടെ അഗ്നിഹോത്രി പുറത്തുവന്നു. അഗ്നിഹോത്രി ചെയ്ത വിവിധ കര്‍മ്മങ്ങള്‍ക്കനുസരിച്ച് താന്‍ ഇവിടെ കുഴികുഴിച്ചെന്നും എന്നാല്‍ ഒന്നിലും വെള്ളം കണ്ടില്ല എന്നും അതേസമയം ഒരേ കുഴിതന്നെ ആഴത്തില്‍ കുഴിച്ചിരുന്നെങ്കില്‍ ഇതിനകം വെള്ളം കാണാമായിരുന്നുവെന്നും പെരുന്തച്ചന്‍ അഗ്നിഹോത്രിയോട് പറഞ്ഞു. നിരവധി ദേവതകളെ ഉപാസിക്കുന്നതിന് പകരം ഒരു ദേവതയെത്തന്നെ തീവ്രമായി ഉപാസിക്കുന്നതാണ് ഫലസിദ്ധിക്ക് ഉത്തമം എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് പെരുന്തച്ചൻ ചെയ്തത്. ഒരു ദേവതയെ ഇന്നു ഭജിച്ചു. ഫലംകാണാതെ വന്നാല്‍ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത് ഫലപ്രദമായ ഒരു പദ്ധതിയല്ല. ഇഷ്ടദേവതയായി ഒരു ദേവതയെ കണ്ടെത്തി നിരന്തരമായി ആ ദേവതയെ ഭജിക്കുക. ഇതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം.

– വേണു മഹാദേവ്

Mobile: + 91 9847475559

error: Content is protected !!
Exit mobile version