ഈ ആഴ്ച 11 നക്ഷത്രജാതർ ജാഗ്രത പുലർത്തി ദോഷ പരിഹാരം ചെയ്യണം
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
സൂര്യൻ, ശനി, വ്യാഴം, ബുധൻ, ശുക്രൻ, ചന്ദ്രൻ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങൾ മകരം രാശിയിൽ സംഗമിക്കുന്ന ഈ വാരം ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ടതാണ്. ഫെബ്രുവരി 9 ന് രാത്രി 8.30 മുതൽ ഫെബ്രുവരി 13 വെളുപ്പിന് 2 :10 വരെയാണ് ഈ അപൂർവ സംഗമം. അത് കഴിഞ്ഞാൽ ചന്ദ്രനും സൂര്യനും കുംഭത്തിലേക്ക് പകരും. പൊതുവേ അശുഭസംഭവങ്ങൾക്ക് ഈ ദിവസങ്ങളിൽ സാദ്ധ്യത കൂടുതലാണ്. ഈ കാലയളവിൽ ബുധൻ വക്രത്തിലും മൗഢ്യത്തിലും വ്യാഴവും ശനിയും മൗഢ്യത്തിലുമാണ് ; വ്യാഴ – ശുക്ര ഗ്രഹയുദ്ധവും നടക്കും. ബുധന്റെ വക്രമൗഢ്യം ഫെബ്രുവരി 16 വരെയാണ്. ഇത് പുണർതം, ഉത്രം, അത്തം, ചിത്തിര നക്ഷത്ര ജാതർക്ക് ദോഷകരമാണ്. വ്യാഴത്തിന്റെ പ്രതികൂല സ്ഥിതി മൂലം, പൂരാടം, ഉത്രാടം ആദ്യപാദം, പൂരുരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി നക്ഷത്ര ജാതർക്ക് ചില വിഷമങ്ങൾ നേരിടാം. തിരുവോണം നക്ഷത്രത്തിൽ നടക്കുന്ന ശുക്ര – വ്യാഴ ഗ്രഹയുദ്ധം തിരുവോണം, മൂലം, പൂരാടം, ഉത്രാടം ആദ്യപാദം, പൂരുരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി നക്ഷത്ര ജാതർക്ക് ദോഷകരമാണ്. അതിനാൽ ധനു, മീനം, മകരം, കുംഭം കൂറുകളിൽ പിറന്നവരും തിരുവോണം നക്ഷത്രജാതരും ഈ ആഴ്ച, പ്രത്യേകിച്ച് ഫെബ്രുവരി 11, 12, 13 തീയതികളിൽ ജാഗ്രത പുലർത്തണം. അപകട സാദ്ധ്യതയുള്ള പ്രവർത്തികളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കണം. കലഹങ്ങൾ ഒഴിവാക്കണം. മന:ശാന്തിക്ക് ഇഷ്ടദേവതകളോട് പ്രാർത്ഥിക്കണം. വിഷ്ണു, ശ്രീകൃഷ്ണ, ശിവ, ശാസ്താ ക്ഷേത്രങ്ങളിൽ അർച്ചന, പാൽപായസം, തൃക്കെെവെണ്ണ, തുളസിമാല, നെയ് വിളക്ക് , കൂവളാർച്ചന, ധാര, നീരാജനം തുടങ്ങിയ പരിഹാരങ്ങൾ യഥാശക്തി ചെയ്യണം.
ജ്യോതിഷാചാര്യൻ കെ. ദേവീദാസ് ,91 8848873088
Copyright 2021 @ neramonline.com. All rights reserved.