Sunday, 24 Nov 2024

ഈ ഒരു ശ്ലോകം ജപിച്ചാൽ മതി സകലവിധ ഐശ്വര്യവും സർവ്വമംഗളങ്ങളും കരഗതമാകും

എം. നന്ദകുമാർ, റിട്ട. ഐ എ എസ്
ദേവീ മഹാത്മ്യത്തിലെ ചില ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ ഐഹിക ജീവിതം ഐശ്വര്യ പൂർണ്ണമാകും. ആധിവ്യാധികൾ ശമിക്കും. മൃത്യുദോഷങ്ങൾ അകന്നു പോകും. ജീവിത ദുരിതങ്ങൾ ക്ഷയിക്കുന്നതിനും മന:ശാന്തിക്കും ആഗ്രഹങ്ങൾ സഫലമാക്കുന്നതിനും ഭൗതിക സുഖങ്ങളെല്ലാം ആസ്വദിച്ച് ജീവിതാന്ത്യത്തിൽ
മോക്ഷം നേടുന്നതിനും പരാശക്തി ഉപാസന പോലെ ഫലപ്രദവും ശ്രേഷ്ഠവുമായ മറ്റൊരു കർമ്മമില്ല.

ഭക്തരുടെ നിത്യദു:ഖങ്ങളെല്ലാം ഏറ്റെടുക്കുന്ന മഹാമായയെ സർവ്വവ്യാധിപ്രശമനി, സർവ്വമൃത്യു നിവാരിണി, മൃത്യുദാരുകുഠാരിക അതായത് മരണത്തെ മുറിച്ചു മാറ്റുന്ന മഴു എന്നെല്ലാം ലളിതാ സഹസ്രനാമത്തിൽ പ്രകീർത്തിക്കുന്നുണ്ട്. മനസ്സും ശരീരവും ശുദ്ധമാക്കി പൂർണ്ണമായും ദേവിയിൽ സമർപ്പിച്ച് ദേവീ മാഹാത്മ്യത്തിലെ ചില ശ്ലോകങ്ങൾ സൗകര്യം പോലെ കഴിവിനൊത്ത വിധം അക്ഷര സ്ഫുടതയോടെയും അർത്ഥം മനസിലാക്കിയും എന്നും ജപിക്കുക.

ദേവിയെ ഗുരുവായി സ്വീകരിച്ച് ഭക്ത്യാദരപൂർവ്വം ജപിക്കണം. ദേവിയുടെ പടം വച്ച് കൊളുത്തി വച്ച നിലവിളക്കിന് മുന്നിൽ കിഴക്കോട്ടോ, വടക്കോട്ടോ ദർശനമായിരിന്ന് ജപിക്കുന്നത് ശ്രേഷ്ഠമാണ്. 100,1000,10000 തവണയാണ് ജപിക്കേണ്ടത്. തുടക്കത്തിലും ഒടുക്കത്തിലും 108 തവണ ഓം നമഃ ശിവായ കൂടി ജപിക്കണം.

ശ്ലോകങ്ങൾ
ദുർഗ്ഗേ സ്മൃതാ ഹരസി
ഭീതിമശേഷജന്തോ:
സ്വസ്ഥൈ: സ്മൃതാ
മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യദു:ഖഭയഹാരിണി
കാ ത്വദന്യാ
സർവ്വോപകാരകരണായ
സദാർദ്രചിത്താ
(അദ്ധ്യായം 4 – ശ്ലോകം 234)

രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമ:
(അദ്ധ്യായം 5, ശ്ലോകം 269)

ദേവി പ്രപന്നാർത്തിഹരേ പ്രസീദ
പ്രസീദ മാതർജഗതോ അഖിലസ്യ
പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
ത്വമീശ്വരീ ദേവി ചരാചരസ്യ.
(അദ്ധ്യായം 11, ശ്ലോകം 578)

ശരണാഗതദീനാർത്ത
പരിത്രാണപരായണേ
സർവസ്യാർത്തിഹരേ ദേവീ
നാരായണീ നമോസ്തു തേ
(അദ്ധ്യായം11, ശ്ലോകം 587)

സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
(അദ്ധ്യായം 11, ശ്ലോകം 585)

ജീവിതത്തിലെ തിരക്കുകളും മറ്റ് ബുദ്ധിമുട്ടുകളും കാരണം സമയക്കുറവുള്ളവർക്ക് ദേവീ മാഹാത്മ്യത്തിലെ ഒരൊറ്റ ചരിതം മാത്രമേ നിത്യവും പാരായണം ചെയ്യാൻ കഴിയുന്നുള്ളൂ എങ്കിൽ അത് മദ്ധ്യമചരിതമായിരിക്കണം എന്നാണ് ആചാര്യ വിധി. ഒരു അദ്ധ്യായമേ പാരായണം ചെയ്യാൻ കഴിയുന്നുള്ളൂ എങ്കിൽ അത് പതിനൊന്നാം അദ്ധ്യായം ആയിരിക്കണമെന്നും ഒരു ശ്ലോകം മാത്രമേ ജപിക്കാൻ സൗകര്യമാവുന്നുള്ളൂ എങ്കിൽ അത് അദ്ധ്യായം 11, ശ്ലോകം 585 നാരായണീ സ്തുതിയിലുള്ള

സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ

…. എന്ന ശ്ലോകമായിരിക്കണം എന്നുമാണ് പ്രമാണം. സർവ്വമംഗളപ്രദായകവും, പുരുഷാർത്ഥ ലഭ്യതയും, സകലവിധ ഐശ്വര്യ ലബ്ധിയും ഈ ശ്ലോകത്തിന്റെ നിരന്തരമായ ജപത്തിലൂടെ ആചാര്യന്മാർ ഉറപ്പു തരുന്നു. ആബാലവൃദ്ധം ജനങ്ങളും എപ്പോഴും ഉരുവിടുന്ന ഈ ശ്ലോകം നിരന്തരം ജപിച്ചു കൊണ്ടിരുന്നാൽ ദേവീകൃപ ഒരിക്കലും നമ്മെവിട്ടു പോകില്ലെന്നും, സർവ്വസിദ്ധികളും ലഭിക്കുമെന്നും അനുഭവസ്ഥരായ ഗുരുതുല്യർ പറഞ്ഞിട്ടുണ്ട്.

ദേവീ മാഹാത്മ്യം മൊത്തം 108 തവണ പാരായണം ചെയ്താൽ അതിഭയങ്കരങ്ങളായ വ്യാധികൾ പോലും ശമിക്കുമെന്നും, അപമൃത്യുവിൽ നിന്ന് വരെ രക്ഷ നേടാമെന്നും ആചാര്യന്മാർ പറയുന്നു.

എം. നന്ദകുമാർ, റിട്ട. ഐ എ എസ്

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്നും AstroG എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.)

Story summary: Benifits of chanting 5 powerful Devi Mahathmya Mantras

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version