Sunday, 22 Sep 2024

ഈ കാണുന്നത് വസുന്ധരായോഗത്തിന്റെ ദുർ ലക്ഷണങ്ങൾ

അഗ്നിമാരുത യോഗവും  വസുന്ധരാ യോഗവും സൃഷ്ടിക്കുന്ന ദുരിതങ്ങളുടെ പിടിയിൽ ലോകം  വീണു. ഇപ്പോൾ ശനി നിൽക്കുന്ന മകരം രാശിയിൽ ചൊവ്വ വരുമ്പോൾ സംഭവിക്കുന്ന അഗ്നിമാരുത യോഗവും കുജനും വ്യാഴവും ശനിയും മകരം രാശിയില്‍ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വസുന്ധരാ യോഗവും ഒരുപോലെ വിനാശകരമാണ്. ഈ യോഗങ്ങൾ സംഭവിക്കുന്നതിനു മുന്നേ തന്നെ  ദുരിത സൂചനകൾ ലഭിക്കും. അതാണ്  ഇപ്പോൾ ചുറ്റും നമ്മൾ കാണുന്നത്. 

ലോകത്താകമാനം ജനങ്ങൾക്ക്  മാത്രമല്ല  മറ്റ് ജീവജാലങ്ങൾക്കും ഈ യോഗങ്ങൾ ഹാനികരമാണ് ; പ്രത്യേകിച്ച് വസുന്ധരാ യോഗം. വ്യാഴം, ശനി, കുജൻ ഇവരുടെ മകരം രാശിയിലെ സ്ഥിതിയാണ് ഈ യോഗത്തിന് ആധാരം. ശനി 2020 ജനുവരി 24നാണ്  മകരം രാശിയിലെത്തിയത്.ചൊവ്വ 2020 മാർച്ച് 22 ന് മകരത്തിൽ വരും. അതോടെ അഗ്നിമാരുത യോഗം തുടങ്ങും. 2020മേയ് 4 ന് ചൊവ്വ കുംഭത്തിലേക്ക് കടക്കുന്നതോടുകൂടി അഗ്നിമാരുത യോഗത്തിന്റെ പിടിയിൽ നിന്നും ലോകം മോചിപ്പിക്കപ്പെടും; അതോടെ  കുറച്ച്  ആശ്വാസം ലഭിക്കും.  മാർച്ച്  28 ന്  വ്യാഴത്തിന്റെ മകരം രാശി പകർച്ചയോടെ വസുന്ധരാ യോഗം കഠിനമാകും. ഗുരു ശനിയോഗം അല്ലെങ്കിൽ ദൃഷ്ടി, പിന്നെ ഒരു വർഷത്തിൽ വ്യാഴം മൂന്ന് രാശിയിൽ എത്തുക –  ഈ ഗ്രഹസ്ഥിതി വസുന്ധരാ യോഗമായി കണക്കാക്കുന്നു. അങ്ങനെ നോക്കുമ്പോൾ 2019 നവംബർ 5 ന് വ്യാഴം ധനുവിലേക്ക് പകർന്നതോടെ വസുന്ധരാ യോഗം തുടങ്ങി. 2020 മാർച്ച് 29 ന് മകരത്തിലേക്ക് സഞ്ചരിക്കും. 2020 ജൂൺ 30 ന് വീണ്ടും ധനുവിലെത്തും. ഇതനുസരിച്ച് ജൂൺ 30 വരെ ലോകം വസുന്ധരാ യോഗത്തിന്റെ ദുരിതം അനുഭവിക്കും.

ഉത്രാടം അവസാന മുക്കാൽ , തിരുവോണം, അവിട്ടം ആദ്യ പകുതി  നക്ഷത്രങ്ങൾ വരുന്ന മകരക്കൂറിലാണ് അഗ്നിമാരുത യോഗവുംവസുന്ധരായോഗവും സംഭവിക്കുന്നത്. അതുകൊണ്ട് യോഗഫലങ്ങൾ ഈ കൂറുകാരെ കൂടുതൽ ദോഷകരമായി  ബാധിക്കാനാണ് സാദ്ധ്യത. ജാതകത്തിൽ ഈ ഗ്രഹങ്ങളുടെ ബലാബലം അനുസരിച്ച് ദോഷങ്ങൾക്ക് കൂടുതൽ കുറവുണ്ടാകാം. ഈ ഗ്രഹങ്ങൾക്ക് ആധിപത്യമുള്ള രോഹിണി, അത്തം, തിരുവോണം, മകയിരം ചിത്തിര, അവിട്ടം, കാർത്തിക, ഉത്രം, ഉത്രാടം, പൂയം, അനിഴം, ഉത്തൃട്ടാതി  നക്ഷത്രക്കാർക്ക് സമയം നല്ലതായിരിക്കില്ല.

കാർത്തിക, ഉത്രം, ഉത്രാടം കൂടി എടുത്തത് ഉത്രാടം കൂടി മകരക്കൂറിൽ വരുന്നതുകൊണ്ടാണ്. മകരക്കൂറുകാരെ സംബന്ധിച്ച് ഏഴരശനിയുടെ മൂർദ്ധ്യന്യവും ജന്മവ്യാഴവും ജന്മകുജനും കൂടി ദോഷം ചെയ്യും. ചൊവ്വയ്ക്ക് ആധിപത്യമുള്ള മകയിരം, ചിത്തിര, അവിട്ടം, വ്യാഴത്തിന് ആധിപത്യമുള്ള പുണർതം, വിശാഖം, പൂരുരുട്ടാതി, ഉത്രാടത്തിൻ്റെ അനുജന്മനക്ഷത്രങ്ങളായ ഉത്രം, കാർത്തിക,  തിരുവോണത്തിന്റെ അനുജന്മ നക്ഷത്രങ്ങളായ രോഹിണി, അത്തം നക്ഷത്രക്കാർക്കും ഈ സമയം ദോഷകരമാണ്.
വ്യക്തികളെ സംബന്ധിച്ച് ഗ്രഹനില കൊണ്ട് ഈ ഗ്രഹങ്ങളുടെ ബലാബലം അനുസരിച്ച് ദോഷങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകും.

ശനിയെക്കൊണ്ട് കൃഷിനാശം, നാൽക്കാലിനാശം, വഞ്ചന, ചോരഭയം, ബന്ധനം, കാറ്റുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ, വാതരോഗങ്ങൾ മുതലായവയും കുജനെക്കൊണ്ട് യുദ്ധം, അഗ്‌നിഭയം, പിത്തരോഗം,ചോരഭയം, കലഹം മുതലായതും വ്യാഴത്തിനെക്കൊണ്ട്  ധർമ്മച്യുതിമൂലം ഉണ്ടാകുന്ന അധാർമ്മികതയും ധർമ്മനാശവും സംഭവിക്കാം. അതിനാൽ മനുഷ്യരാശി വളരെയേറെ ജാഗ്രത പാലിക്കേണ്ട ഒരു  കാലമാണിത്. ഉന്നതരെയും സാധാരണക്കാരെയും ഈ ഗ്രഹയോഗ ഫലം ദോഷകരമായി ബാധിക്കും. എല്ലാവർക്കും ഒരോരോ തരത്തിൽ ദുരിതാനുഭവങ്ങൾ ഉണ്ടാകും. പകര്‍ച്ച വ്യാധികൾ കാരണം പൊറുതി മുട്ടും.ഉത്കണ്ഠ, അനിശ്ചിതത്വം, അസ്വസ്ഥത, കലാപം സാമ്പത്തിക ബുദ്ധിമുട്ട്, മതവിദ്വേഷം, കടുത്ത വരള്‍ച്ച,  വാഹനാപകടങ്ങൾ , അഗ്നി ബാധ എന്നിവയുണ്ടാകും. മകരം രാശി പ്രതിനിധീകരിക്കുന്ന ഭാരതഖണ്ഡം  ഉൾപ്പെടെ  എല്ലാ രാജ്യങ്ങളെയും വസുന്ധരാ യോഗഫലം പ്രതികൂലമായി ബാധിക്കും.  ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി, ഭദ്രകാളിക്ക്  കടും പായസം, നെയ്യ് വിളക്ക്, മുരുകന്  ഭസ്മാഭിഷേകം, കുമാരസൂക്താര്‍ച്ചന, വിഷ്ണുവിന് പാല്‍പ്പായസം. മഞ്ഞപ്പട്ട് എന്നീ വഴിപാടുകളാണ് ഇതിന്റെ  ദുരിതങ്ങൾ കുറെയെങ്കിലും അതിജീവിക്കുന്നതിന് എളുപ്പമുള്ള ദേഷ പരിഹാരങ്ങൾ. ഇതിൽ നിങ്ങളുടെ ജന്മക്കൂറും നക്ഷത്രവുമായി ബന്ധപ്പെട്ട ദേവതയ്ക്ക് ദോഷപരിഹാരം ചെയ്താൽ  മതി. 

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്,
+91 8848873088

error: Content is protected !!
Exit mobile version