Saturday, 23 Nov 2024

ഈ ഗണപതി സ്തോത്രം 7 ദിവസം ജപിച്ചാൽ മോഹങ്ങൾ സഫലമാകും

തൃക്കുന്നപ്പുഴ ഉദയകുമാർ
അത്ഭുത ഫലസിദ്ധിയുള്ള ഗണപതി സ്തോത്രമാണ് സങ്കടനാശന ഗണേശ സ്‌തോത്രം. ഏഴു ദിവസത്തെ ജപം കൊണ്ട് ആഗ്രഹം സഫലമാകും എന്നതാണ് ഈ സ്‌തോത്രത്തിന്റെ മഹത്വം. ഒരു വർഷം തുടർച്ചയായി ജപിച്ചാൽ സർവ്വ സിദ്ധികളുണ്ടാകുമെന്ന് ഫലശ്രുതിയിൽ പറയുന്നു. ഗണേശ ഭഗവാനോട് പ്രിയമുള്ള ആർക്കും ഇതു ജപിക്കാം. പ്രായഭേദമോ ജാതിഭേദമോ ഇല്ല. പെട്ടെന്ന് ഫലം കിട്ടും എന്ന കാര്യത്തിൽ സംശയമില്ല.

സ്‌തോത്രം
പ്രണമ്യ ശിരസാദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസം സ്മരേ നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

അർത്ഥം: ഗൗരിയുടെ പുത്രനായി, ഭക്തരിൽ വസിക്കുന്ന ദേവനായി ശോഭിക്കുന്ന വിനായകനെ ആയുസ്, ആഗ്രഹം, ധനം ഇവകളുടെ സിദ്ധിക്കായി ശിരസു നമിച്ചു കൊണ്ട് നിത്യവും സ്മരിക്കാം.

പ്രഥമ വക്രതുണ്ഡം
ച ഏകനന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം
ച ഷഷ്ഠം വികടമേവ ച
സ്പതമം വിഘ്‌നരാജം
ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം

അർത്ഥം: ആദ്യം വക്രതുണ്ഡനെ (തുമ്പിക്കൈയുള്ളവൻ) രണ്ടാമത് ഏകദന്തനെ (ഒറ്റക്കൊമ്പുള്ളവൻ)മൂന്നാമത് കൃഷ്ണപിംഗാക്ഷനെ (കറുത്തകണ്ണുള്ള) നാലാമത് ഗജവക്ത്രനെ (വലിയ വായുള്ളവൻ) അഞ്ചാമത് ലംബോദരനെ (വലിയ വയറുള്ളവൻ) ആറാമത് വികടനെ (എതിരായിട്ടുള്ളത് പ്രവർത്തിക്കുന്നവൻ) ഏഴാമത് വിഘ്‌നരാജനെ (തടസങ്ങളുടെ രാജാവായുള്ളവൻ) എട്ടാമത് ധൂമ്രവർണ്ണനെ (പുകയുടെ നിറമുള്ളവൻ) ഒൻപതാമത് ഫാലചന്ദ്രനെ (നെറ്റിയിൽ ചന്ദ്രക്കലയുള്ളവൻ) പത്താമത് വിനായകനെ (വിഘ്‌നങ്ങളെ മാറ്റുന്നവൻ) പതിനൊന്നാമത് ഗണപതിയെ (ഭൂതഗണങ്ങളുടെ നായകൻ) പന്ത്രണ്ടാമത് (ഗജാനനെ ആനത്തലയുള്ളവൻ)

ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യായാ പഠേന്നര
ന ച വിഘ്‌നഭയം തസ്യ
സർവ്വസിദ്ധികരം ധ്രുവ

അർത്ഥം: ഈ പന്ത്രണ്ടു നാമങ്ങൾ മൂന്നു സന്ധ്യകളിലും ജപിക്കുന്നവന് യാതൊരു തടസവുമില്ലാതെ എല്ലാകാര്യങ്ങളും സാധിക്കുന്നതാണ്.

വിദ്യാർത്ഥീ ലഭതേ വിദ്യാം
ധനാർത്ഥീലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രാൻ
മോക്ഷാർത്ഥിലഭതേ ഗതീ

അർത്ഥം: വിദ്യാർത്ഥികൾ ഇതു ജപിച്ചാൽ വിദ്യാലാഭവും ധനമാഗ്രഹിക്കുന്നവർ ജപിച്ചാൽ ധനലാഭവും മക്കളില്ലാത്തവർ ജപിച്ചാൽ പുത്രലാഭവും മോക്ഷമാഗ്രഹിക്കുന്നവർ ജപിച്ചാൽ മുക്തിയും ലഭിക്കും.

ജപേദ് ഗണപതിം സ്‌തോത്രം
ഷഡ്ഭിർമ്മാസൈഫലം ലഭേത്
സംവത്‌സരേണ സിദ്ധിം
ച ലഭതേ നാത്ര സംശയ

അർത്ഥം: ഇതു മുടങ്ങാതെ ജപിച്ചാൽ ആറുമാസത്തിനുള്ളിൽ ഫലം ലഭിക്കും. ഒരു വർഷം കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാംനടക്കും.

അഷ്‌ടോഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വായ സമർപ്പയേൻ
തസ്യവിദ്യാഭവേൽ സർവ്വാ
ഗണേശസ്യ പ്രസാദത:

അർത്ഥം: ഈ 12 നാമങ്ങൾ എഴുതി എട്ട്
ബ്രഹ്മജ്ഞർക്ക് സമർപ്പിക്കുന്നവർക്ക് സർവ്വവിദ്യയും ഭഗവാന്റെ അനുഗ്രഹത്താലുണ്ടാകും.

ജപിക്കേണ്ട വിധം:
പ്രഥമം വക്രതുണ്ഡ ച എന്നു മുതൽ ദ്വാദശം
തു ഗജാനനം എന്നുവരെയാണ് ജപിക്കേണ്ട ഭാഗം.
രാവിലെ (പ്രഭാതസന്ധ്യ) ഉച്ചയ്ക്ക് (മധ്യാഹ്‌നസന്ധ്യ) വൈകിട്ട് (സായം സന്ധ്യ) എന്നീ സമയങ്ങളിലാണ് ജപിക്കേണ്ടത്. 3 സന്ധ്യകൾ അതായത് രാവിലെ ഉദയത്തിനും ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കും വൈകിട്ട് അസ്തമനത്തിനും ജപിക്കണം. സങ്കടനാശനഗണേശ സ്‌തോത്രത്തിലെ 12 നാമങ്ങൾ 12 കൂറുമായി ബന്ധപ്പെട്ടതാണ്. അതാതു കൂറുകാർക്ക് അതാതു നാമങ്ങൾ തന്റെ വയസിനൊപ്പമോ 108 തവണയോ ജപിച്ചിട്ടു വേണം ഈ സ്‌തോത്രം ജപിക്കാൻ. വ്രതത്തിന്റെ ആവശ്യമില്ല. സങ്കടനാശന ഗണേശ സ്‌തോത്രം ജപിക്കുന്നതിന് പ്രത്യേക വ്രതത്തിന്റെ ആവശ്യമില്ല. എന്നാൽ ക്ഷിപ്രഫലസാധ്യത്തിന് ഏഴുദിവസത്തെ വ്രതം അനുഷ്ഠിച്ച് മൂന്നു സന്ധ്യകളിലും ഏഴുപ്രാവശ്യം വീതം ദിവസം ഇരുപത്തിയൊന്നു തവണ ജപിക്കുന്നത് നല്ലതാണ്. വ്രതം ആരംഭിക്കുന്ന ദിവസം ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തണം. ആഹാരശുദ്ധി, ശരീരശുദ്ധി, മന:ശുദ്ധി, പരിസരശുദ്ധി എന്നിവ ആചരിച്ചുവേണം വ്രതമെടുക്കാൻ. മൂന്നു നേരവും ഭക്ഷണം കഴിക്കാം. പക്ഷേ സാത്വിക ഭക്ഷണമായിരിക്കണം. മന്ത്രം ജപിക്കുന്ന സ്ഥലം ശുചിയായി സൂക്ഷിക്കണം. മൂന്നുനേരവും കുളികഴിഞ്ഞ് ജപിക്കണം. ബ്രഹ്മചര്യം പാലിക്കണം. ഇതുമാത്രമാണ് വ്രതവ്യവസ്ഥ .
വ്രതാനുഷ്ഠാനത്തോടെയല്ലാതെ നിത്യവും മന്ത്രം ജപിക്കുന്നവർക്ക് രാവിലെയും വൈകിട്ടും മാത്രം ജപിക്കാവുന്നതാണ്. കൂറുകാർക്ക് പറഞ്ഞിട്ടുള്ള മന്ത്രം ജപിക്കാതെയും ഈ സ്‌തോത്രം ജപിക്കാം. ക്ഷിപ്രകാര്യ സിദ്ധിക്കായാണ് വ്രതനിഷ്ഠയോടെ ജപിക്കാൻ പറഞ്ഞിരിക്കുന്നത്.

12 നാമങ്ങൾ 12 കൂറുകാർക്ക്
മേടം……….. ……വക്രതുണ്ഡായ നമഃ
ഇടവം………….. ഏകദന്തായ നമഃ
മിഥുനം…………. കൃഷ്ണഹംഗാക്ഷായ നമഃ
കർക്കടകം…….ഗജവക്ത്രായ നമഃ
ചിങ്ങം………….. ലംബോദരായ നമഃ
കന്നി…………….. വികടായ നമഃ
തുലാം…………….വിഘ്‌ന രാജായ നമഃ
വൃശ്ചികം………..ധൂമ്രദവർണ്ണായ നമഃ
ധനു………………..ഫാലചന്ദ്രായ നമഃ
മകരം……………..വിനായകായ നമഃ
കുംഭം……………..ഗണപതയേ നമഃ
മീനം………………. ഗജാനനായ നമഃ

ഈ ഗണേശമന്ത്രങ്ങൾ ഓം ചേർത്തും അല്ലാതെയും ജപിക്കാവുന്നതാണ്. തൃക്കുന്നപ്പുഴ ഉദയകുമാർ,
+91 9447897097

error: Content is protected !!
Exit mobile version