Friday, 22 Nov 2024

ഈ ചൊവ്വാഴ്ച ശിവപൂജ ചെയ്താൽ സകല സൗഭാഗ്യങ്ങളും ലഭിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്

മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യത്തിൽ കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. എല്ലാ ദേവതകളും മഹാദേവപൂജ ചെയ്യുന്ന പ്രദോഷവേളയിൽ ശിവഭഗവാനെ വണങ്ങുന്ന ഭക്തർക്ക് സകല സൗഭാഗ്യങ്ങളും ലഭിക്കും. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല. സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രാദോഷികം വ്രതം എന്നാണ് ശിവപുരാണത്തിൽ പ്രദോഷ വ്രതഫലം പറയുന്നത്.

രണ്ടു പക്ഷത്തിലെയും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി ആചരിക്കുന്നത്.
ഈ ദിവസം വ്രതം അനുഷ്ഠിക്കാനും ശിവപൂജയിൽ പങ്കെടുക്കാനും ഉത്തമമാണ്. എങ്കിലും ഏറ്റവും ശ്രേഷ്ഠം കറുത്ത പക്ഷത്തിൽ വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവുമാണ്. രണ്ടു പക്ഷത്തിലും പ്രദോഷ ദിവസ സന്ധ്യയ്ക്കാണ് ശിവക്ഷേത്രങ്ങളിൽ പ്രദോഷ പൂജ നടക്കുന്നത്. 2024 ഒക്ടോബർ 29 ചൊവ്വാഴ്ചയാണ് തുലാം മാസത്തിലെ കറുത്തപക്ഷ പ്രദോഷം.

പ്രദോഷ സന്ധ്യയിൽ കൈലാസത്തില്‍ എല്ലാ ദേവീ ദേവന്മാരുടെയും സാന്നിധ്യമുള്ളതിനാൽ ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീ ദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും എന്നാണ് വിശ്വാസം. പ്രദോഷവ്രതം ഉപവാസമായി അനുഷ്ഠിക്കണം. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരി മന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ഉമാ മഹേശ്വര സ്തോത്രം, ശങ്കര ധ്യാന പ്രകാരം, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ എന്നിവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം. മാസന്തോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ എല്ലാ ദുരിതങ്ങളും ശമിക്കും.

മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

Story Summary: Significance and Benefits of Observing Krishna Paksha Pradosha Vritham On 2024 September 12

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version