Friday, 22 Nov 2024

ഈ ഞായറാഴ്ച മൗനി അമാവാസി; പ്രാർത്ഥനകൾക്ക് പെട്ടെന്ന് ഫലസിദ്ധി

മംഗള ഗൗരി

ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ് കുംഭമാസത്തിലെ അമാവാസി. മഹാശിവരാത്രി കഴിഞ്ഞ് വരുന്ന ഈ കറുത്തവാവിനെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ കുംഭ മാസ അമാവാസി 2024 മാർച്ച് 10 ഞായറാഴ്ചയാണ്. ഉത്തരേന്ത്യയിൽ മൗനി അമാവാസി മാഘമാസത്തിലാണ്. അത് കഴിഞ്ഞ മാസമായിരുന്നു. പിതൃക്കളുടെ ഉത്സവമായ അഷ്ടകാ കാലത്തിന് അവസാനം കുറിക്കുന്ന ദിനം കൂടിയാണ് കുംഭത്തിലെ അമാവാസി.

കൃഷ്ണപക്ഷ ഷഷ്ഠി മുതൽ അമാവാസി വരെയുള്ള പത്ത് ദിവസങ്ങളാണ് അഷ്ടകാകാലം.
പിതൃപ്രീതി കർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ അഷ്ടകാ കാലത്തിന് അവസാനമാകുന്ന അമാവാസി ദിവസം വ്രതശുദ്ധിയോടെ പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്ത് ബലിതർപ്പണം നടത്തുന്നത് നല്ലതാണ്. അതുപോലെ ധ്യാനത്തിനും മൗനവ്രതം ആചരിക്കാനും ഈ ദിവസം ശ്രേഷ്ഠമാണ്. ദിവസം മുഴുവൻ മൗനം ആചരിക്കുവാൻ കഴിയാത്തവർ പൂജാ വേളയിലെങ്കിലും തികഞ്ഞ മൗനം പാലിച്ച് മനസ്സിൽ പ്രാർത്ഥിക്കണം. അമാവാസിയിലെ പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലമാണ് പറയുന്നത്. അമാവാസി വ്രതം നോറ്റ് പിതൃക്കള്‍ക്ക് ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, നാമജപ പ്രാര്‍ത്ഥന എന്നിവ നടത്തുകയും ചെയ്താൽ എല്ലാ പാപദോഷങ്ങളും ശമിക്കും. എല്ലാമാസവും അമാവാസി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഈ ദിവസം പുണ്യതീര്‍ത്ഥങ്ങളില്‍ ദര്‍ശനം നടത്തി ദാനധർമ്മം നടത്തുന്നതും നല്ലതാണ്. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മതി. ദുര്‍മൃതിയടഞ്ഞവര്‍ക്ക് വേണ്ടിയും ഈ വ്രതധാരണം ഉത്തമമാണ്.18 അമാവാസി വ്രതം നോൽക്കുന്നവരുടെ മുൻതലമുറ മുഴുവൻ ദുരിത മുക്തരാകും എന്നാണ് വിശ്വാസം.

വെളുത്തപക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിച്ചു പോരുന്നു.
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായണെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടാനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഉത്തമമായ ദിവസമാണിത്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡി, ബഹളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ എന്നിവരുടെ ഉപാസനയ്ക്ക് ഈ ദിനം അത്യുത്തമമാണ്.

പെട്ടെന്ന് അഭീഷ്ടസിദ്ധി നേടാൻ അമാവാസി ദിവസം ഭദ്രകാളിയുടെ അഷ്ടോത്തരം ജപിക്കുന്നത് നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേദിനം തുടങ്ങി കറുത്ത വാവുവരെ ഇത് നിത്യവും ജപിക്കുകയും ഒപ്പം ദേവിയുടെ മൂലമന്ത്രം 108 തവണ വീതം തുടർച്ചയായി 5 മാസം ജപിക്കുകയും ചെയ്താല്‍ കാര്യസിദ്ധി ഉറപ്പാണ്. ഭദ്രകാളിയുടെ മൂലമന്ത്രം: ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ . മനോധൈര്യത്തിനും ഭയം, ആശങ്ക, ഉത്കണ്ഠ, രോഗം, ദുരിതങ്ങൾ, ശത്രുപീഡ എന്നിവ മാറുന്നതിന് ഭദ്രകാളി ഉപാസന ശ്രേഷ്ഠമാണ്.

ആത്മവിശ്വാസം വർദ്ധിക്കാനും ഭയ സംഭ്രമങ്ങൾ മാറുന്നതിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും 2 നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ 5 മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

മൗനി അമാവാസിക്ക് വിഷ്ണുക്ഷേത്രത്തിൽ പിതൃക്കളെ സങ്കല്പിച്ച് വെള്ളച്ചോറ്, പാൽപ്പായസം, ശിവക്ഷേത്രത്തിൽ പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും പരേതാത്മാക്കൾക്ക് സ്വന്തം വീട്ടിൽ തന്നെ പാൽപ്പായസം സമർപ്പിക്കുന്നതും പിതൃപ്രീതിക്ക് ഉപകരിക്കും.

Story Summary: Significance of Mowni Amavasya on March 10, 2024

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version