Wednesday, 3 Jul 2024

ഈ ഞായറാഴ്ച ഷഷ്ഠിവ്രതമെടുത്താൽ ആഗ്രഹസാഫല്യം മക്കൾക്ക് അഭിവൃദ്ധി

ഡോ.രാജേഷ്

സന്താനക്ഷേമത്തിനും അഭീഷ്ടസിദ്ധിക്കും ഉത്തമമായ കർക്കടക മാസത്തിലെ ഷഷ്ഠിവ്രതം 2020 ജൂലായ് 26 ഞായറാഴ്ചയാണ്. സുബ്രഹ്മണ്യന്റെയും ശിവപാര്‍വ്വതിമാരുടെയും അനുഗ്രഹം ഒരു പോലെ ലഭിക്കുന്ന അനുഷ്ഠാനമാണ് ഷഷ്ഠിവ്രതം. ഇതിന്റെ മാഹാത്മ്യവും ഫലസിദ്ധിയും പ്രകീര്‍ത്തിക്കുന്ന നിരവധി സംഭവങ്ങള്‍ പുരാണങ്ങളിലുണ്ട്. എല്ലാ മാസവും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ദിവസമാണ് ഷഷ്ഠിപൂജ.
ജൂലായ് 26 ഞായറാഴ്ച വരുന്ന കർക്കടകത്തിലെ ഷഷ്ഠി വ്രതത്തിന്റെ മുഖ്യ ഫലം ശിവപാര്‍വ്വതിമാരുടെ
അനുഗ്രഹമാണ്.

കുമാര ഷഷ്ഠിയെന്നും അറിയപ്പെടുന്ന കര്‍ക്കടക ഷഷ്ഠി ദിവസം തികഞ്ഞ ശുദ്ധിയോടെ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഈ തിഥി ഞായറാഴ്ചയോട് ചേര്‍ന്നുവരുമ്പോൾ ചമ്പാഷഷ്ഠി എന്നും പറയും. ചമ്പാഷഷ്ഠി ദിവസം ശിവനെക്കൂടി പൂജിച്ചാല്‍ അതിവേഗം ആഗ്രഹ
സാഫല്യമുണ്ടാകും. ഈ ദിവസം ദാനം ചെയ്യുന്നതും മനോഭിലാഷങ്ങൾ സഫലമാക്കുവാൻ നല്ലതാണ്.

സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമ വ്രതമാണ് ഷഷ്ഠി. തലേന്ന്, പഞ്ചമിനാളില്‍ വ്രതം തുടങ്ങണം. അന്ന് ഉപവസിക്കണം. അതിന് കഴിയാത്തവര്‍ ഒരുനേരം മാത്രം അരി ആഹാരവും
മറ്റ് സമയത്ത് ഫലങ്ങളും കഴിക്കണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി അവിടുത്തെ നിവേദ്യച്ചോറ് കഴിച്ച് വ്രത്രം പൂർത്തിയാക്കണം.
സുബ്രഹ്മണ്യ പ്രീതികരമായ കീർത്തനങ്ങളും
മന്ത്രങ്ങളും സ്കന്ദഷഷ്ഠി കവചവും തികഞ്ഞ
സമർപ്പണ മനോഭാവത്തോടെ ജപിക്കുകയും
ബാഹ്യ ആഭ്യന്തര ശുദ്ധി പാലിക്കുകയും വേണം.

സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം,
രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനു വേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം ഏറ്റവും കൂടുതൽ അനുഷ്ഠിക്കുന്നത്. കർക്കടക ഷഷ്ഠിയുടെ പ്രധാന ഫലം ഇതാണെന്ന് പറഞ്ഞു കഴിഞ്ഞു. അതുപോലെ
ഒരോ മാസത്തെയും ഷഷ്ഠി വ്രതാചാരണത്തിന് പ്രത്യേകം ഫലങ്ങൾ പറയുന്നുണ്ട്. ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കഴിയുന്നത്ര തവണ (കുറഞ്ഞത് 108 തവണ) ജപിക്കണം. ഓം ശരവണ ഭവഃ എന്ന് 21 തവണ ജപിക്കുന്നതും നല്ലതാണ്.

ചിങ്ങത്തിലെ ഷഷ്ഠി നാളില്‍ (2020 ആഗസ്റ്റ് 24 )
വ്രതം അനുഷ്ഠിച്ച് സ്‌കന്ദനെയും ലളിതാദേവിയെയും പൂജിച്ചാല്‍ ഫലം ആഗ്രഹസാഫല്യം – ഈ ഷഷ്ഠി ചന്ദനഷഷ്ഠിയെന്നും സൂര്യഷഷ്ഠിയെന്നും
അറിയപ്പെടുന്നു. അന്നു തന്നെയാണ് ലളിതാവ്രതവും.

കന്നിയിലെ ഷഷ്ഠി 2020 സെപ്തംബർ 2 നാണ്. അന്ന് സ്‌കന്ദനെയും കാത്യായനീ ദേവിയെയും പൂജിച്ചാല്‍ ഫലം ഭര്‍ത്തൃലാഭം, സന്താന ലാഭം എന്നിവയാണ്. ഈ ഷഷ്ഠിയെ കപിലഷഷ്ഠി എന്നും പറയുന്നു.

തുലാമാസത്തിലെ ഷഷ്ഠി നാളിലാണ് ഷൺമുഖ ഭഗവാന്‍ ശൂരപദ്മനെ നിഗ്രഹിച്ചത്. ശൂരസംഹാരം നടന്ന ദിവസമായത് കൊണ്ട് തുലാത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യമുണ്ട്. സക്ന്ദഷഷ്ഠി എന്നാണ് തുലാമാസത്തിലെ ഷഷ്ഠി അറിയപ്പെടുന്നത്.
ശത്രുനാശവും സന്താന ലാഭവുമാണ് സക്ന്ദ ഷഷ്ഠി അനുഷ്ഠാനത്തിന്റെ ഫലം. 6 ദിവസം വ്രതമെടുത്തും ഒരു ദിവസം വ്രതമെടുത്തും ഇത് ആചരിക്കാറുണ്ട്. തുലാമാസത്തിൽ അവസാനിക്കും വിധം 6 മാസം ഷഷ്ഠിയെടുത്താൽ 12 ഷഷ്ഠി നോറ്റ പുണ്യം
ലഭിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. ചൊവ്വാ ദോഷം പരിഹരിക്കാൻ സക്ന്ദഷഷ്ഠി വ്രതം ഉത്തമമാണ്.

ബ്രഹ്മാവിനെ കാരാഗ്രഹത്തിൽ അടച്ച പാപത്തിന്
പ്രായശ്ചിത്തമായി സ്‌കന്ദന്‍ സര്‍പ്പരൂപിയായി മാറി. അമ്മ പാര്‍വതീദേവി 9 വർഷം 108 ഷഷ്ഠിവ്രതം നോറ്റ് മകനെ ഈ പാപത്തിൽ നിന്നും മോചിപ്പിച്ചു. വിഷ്ണു സ്പര്‍ശനത്താൽ വൃശ്ചികത്തിലെ ഷഷ്ഠി നാളില്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യത്ത് വച്ച് മുരുകന് പൂര്‍വ്വരൂപം തിരിച്ചു കിട്ടി. അതിനാൽ ഇത് സുബ്രഹ്മണ്യ ഷഷ്ഠിയായി. ഈ വ്രതമെടുത്താൽ
പാപദോഷം, സര്‍പ്പശാപം, കുഷ്ഠം തുടങ്ങിയ മഹാരോഗങ്ങള്‍, സന്തതിദുഃഖം മുതലായവയില്‍ നിന്ന് മോചനം കിട്ടും. ഒരു വർഷത്തെ ഷഷ്ഠിവ്രതാചരണം തുടങ്ങുന്നത് വൃശ്ചികത്തിലെ ഷഷ്ഠിക്കാണ് – (2020 നവംബർ 20). ചിലർ തുലാം മുതൽ അടുത്ത തുലാം വരെ 13 ഷഷ്ഠി വ്രതാനുഷ്ഠാനവും നടത്താറുണ്ട്.

സ്‌കന്ദന്‍ താരകാസുരനെ വധിച്ചത് കണ്ടു ബ്രഹ്മാവ് സ്തുതിച്ചത് മാര്‍ഗ്ഗശീര്‍ഷ (വൃശ്ചികം – ധനു)
മാസത്തിലെ ഷഷ്ഠി നാളില്‍ ആയിരുന്നു. അന്ന് സ്‌കന്ദനെ പൂജിച്ചാല്‍ കീര്‍ത്തിമാനാകുമെന്നാണ് വിശ്വാസം.

ധനു – മകരത്തിലെ (പൗഷ) ഷഷ്ഠിയില്‍ സ്‌കന്ദനെയും
സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തിയുമുണ്ടാകും. സൂര്യന്‍ വിഷ്ണുരൂപം പ്രാപിച്ച ദിവസമാണത്.

മകരം – കുംഭത്തിലെ (മാഘ) ശുക്ലപക്ഷ ഷഷ്ഠി വരുണ ഷഷ്ഠിയെന്ന് അറിയപ്പെടുന്നു. അന്ന് വരുണനെയും സ്‌കന്ദനെയും പൂജിച്ചാല്‍ ധനസമൃദ്ധി ഫലം.

കുഭം – മീനത്തിലെ (ഫാല്‍ഗുന) ഷഷ്ഠിയില്‍ ശിവനെയും മുരുകനെയും പൂജിച്ചാല്‍ കൈലാസ വാസം ഫലം.

മീനം – മേടത്തിലെ (ചൈത്രം) ഷഷ്ഠിനാളില്‍ സ്‌കന്ദനെ പൂജിച്ചാല്‍ തേജസ്വിയും ദീര്‍ഘായുഷ്മാനുമായ പുത്രനെ ലഭിക്കും. സല്‍പുത്രലാഭവും രോഗശാന്തിയും ലഭിക്കുന്ന ഇത് കുമാരവ്രതം എന്നറിയപ്പെടുന്നു.

മേടം – ഇടവത്തിലെ (വൈശാഖം) ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം ഫലം.

ഇടവം – മിഥുനത്തിലെ (ജ്യേഷ്ഠം) ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ പുണ്യലോക പ്രാപ്തി ഫലം.

സുബ്രഹ്മണ്യന്റെ ധ്യാനം
സിന്ദൂരാരുണ കാന്തിമിന്ദുവദനം
കേയൂരഹാരാദിഭിർ
ദിവ്യയ്രാഭരണർവ്വിഭൂഷിതതനും
ദേവാരി ദുഃഖപ്രദം
അംഭോജാഭയ ശക്തികുക്കടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതി പ്രണാശോദ്യതം

(സിന്ദൂര വർണ്ണകാന്തിയുളള , ചന്ദ്രന്റെ മുഖമുള്ളവനും
കേയൂരം, ഹാരം തുടങ്ങിയ ദിവ്യാഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട ദേഹത്തോട് കൂടിയവനും അസുരന്മാർക്ക് ദുഃഖം നൽകുന്നവനും താമരപ്പൂവ്, അഭയ മുദ്ര, വേൽ, കോഴി, എന്നിവ കൈകളിൽ ഉള്ളവനും ചുവന്ന പട്ടും കുറിക്കൂട്ടുകളും
അണിഞ്ഞവനും ഭക്തരുടെ ഭയം നശിപ്പിക്കുന്നവനും ആയ സുബ്രഹ്മണ്യനെ പ്രണമിക്കുന്നു.)

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം

ഡോ.രാജേഷ്, തിരുവനന്തപുരം

91 9895502025

error: Content is protected !!
Exit mobile version