Monday, 8 Jul 2024

ഈ ഞായറാഴ്ച സന്ധ്യയ്ക്ക് ശിവഭഗവാനെ
ഇങ്ങനെ ഉപാസിച്ചാൽ സർവ്വൈശ്വര്യം

മംഗള ഗൗരി
ശ്രീ മഹാദേവന്റെ അനുഗ്രഹത്തിന് ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന പവിത്രമായ വ്രതമാണ് എല്ലാ മാസവും കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് വരുന്ന പ്രദോഷം. ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും ഈ വ്രതം നോറ്റാൽ ലഭിക്കും. 2023 മാർച്ച് 19 നാണ് മീനത്തിലെ കൃഷ്ണപക്ഷ പ്രദോഷം. ഈ ദിവസം വ്രതം നോറ്റ് സന്ധ്യയ്ക്ക് പ്രദോഷ പൂജയിൽ പങ്കെടുക്കുന്നത് ശിവപാർവതിമാരുടെ മാത്രമല്ല സകല ദേവതകളുടെയും അനുഗ്രഹം നേടാനും ഉത്തമാണ് എന്ന് വിശ്വസിക്കുന്നു. അതിന് ഒരു കാരണമുണ്ട്: പ്രദോഷ സന്ധ്യാസമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, ശ്രീമഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ഈ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കും. ബ്രഹ്മാവ് താളം പിടിക്കും. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും. മഹാലക്ഷ്മി ഗീതം ആലപിക്കും. മഹാവിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കും. ഗന്ധര്‍വ യക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ തുടങ്ങി എല്ലാവരും ഉമാമഹേശ്വരന്മാരെ സേവിച്ചു നില്‍ക്കും. അങ്ങനെ പ്രദോഷ സന്ധ്യാവേളയിൽ കൈലാസത്തില്‍ എല്ലാ ദേവീ ദേവന്മാരുടെയും സാന്നിധ്യമുണ്ട്. അതിനാൽ ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും. പ്രദോഷവ്രതം തികഞ്ഞ ഭക്തിയോടെ നോറ്റാൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും നിറവേറിയ ശേഷം ശിവപദം പുൽകാം. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും. രണ്ടു പ്രദോഷവും വ്രതവും അനുഷ്ഠിക്കുമെങ്കിലും ഏറെ വിശേഷം കറുത്തപക്ഷ പ്രദോഷമാണ്. പുണ്യകരമായ കർമ്മങ്ങൾക്ക് ഏറ്റവും ഉത്തമമായ ദിവസവുമാണിത്. തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും ശ്രേഷ്ഠമാണ്. ഇതിന് ഇരട്ടിഫല സിദ്ധിയുണ്ട്.

പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കണം. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവ അഷ്ടോത്തര ശതനാമാവലി, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ ഇവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന എന്നിവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങിയും കഴിക്കാം. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ എല്ലാ ദുരിതങ്ങളും ശമിക്കും. പ്രദോഷ വ്രതം എടുക്കാൻ കഴിയാത്തവർ അന്ന് സന്ധ്യയ്ക്ക് ശിവക്ഷേത്ര ദർശനം നടത്തി ജലധാര, കൂവളദളാർച്ചന തുടങ്ങി കഴിവിനൊത്ത വഴിപാടുകൾ നടത്തിയ ശേഷം 108 ഉരു ഓം നമഃ ശിവായ, ശിവ അഷ്ടോത്തര ശതനാമാവലി എന്നിവ ജപിക്കണം.

Story Summary: Significance of Pradosha Vritham 2023 March 19


error: Content is protected !!
Exit mobile version