Friday, 20 Sep 2024

ഈ ഞായറാഴ്ച സന്ധ്യയ്ക്ക് ശിവപൂജ നടത്തൂ; ആഗ്രഹങ്ങളെല്ലാം സഫലമാകും

മംഗളഗൗരി
പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് ത്രയോദശി തിഥികളിലെ പ്രദോഷ സന്ധ്യാവേളകൾ. എല്ലാ മാസവും രണ്ടു പ്രദോഷമുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും അടുത്തത് ശുക്ലപക്ഷത്തിലും. ഇങ്ങനെ കറുത്തവാവിനും വെളുത്തവാവിനും മുമ്പ് വരുന്ന ത്രയോദശികളെയാണ് പ്രദോഷം എന്ന് പറയുന്നത്. പരമശിവന്‍റെയും പാർവതി ദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഇതിലും മഹത്തായ ദിനം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷദിവസം വ്രതമെടുക്കണം. ഈ ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം 2023 ഡിസംബർ 24 ഞായറാഴ്ചയാണ്.

പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങണം. മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേന്ന് രാവിലെ തീര്‍ത്ഥം സേവിച്ച് വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കണം. സൗകര്യപ്രദമായത് സ്വീകരിക്കാം.

പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ എപ്പോഴും ജപിക്കണം. ശിവഅഷേ്ടാത്തര ശതനാമാവലി, ശിവാഷ്ടകം, ഉമാ മഹേശ്വര സ്തോത്രം, ശങ്കരധ്യാനപ്രകാരം,
ശിവ സഹസ്രനാമം തുടങ്ങിയ മന്ത്രങ്ങൾ, കീർത്തനങ്ങൾ പാരായണം ചെയ്യുന്നത് ഉത്തമം. ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തര പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിന് ഏറെ ഉത്തമം.

ശിവലിംഗത്തോളം തന്നെ ശക്തി മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്‍റെ അനുമതിയില്ലാതെ ശിവ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ ആർക്കും പ്രവേശിക്കാനും ആരാധിക്കാനും സാധിക്കില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത്‌ മതി; അതിവേഗം ശിവഭഗവാൻ പ്രസാദിച്ചിരിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്ക് ഈ പുണ്യ ദിനം മറക്കാതിരിക്കുക.

മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

Story Summary: Pradosha Vritham Rituals and Benefits


error: Content is protected !!
Exit mobile version