Monday, 8 Jul 2024

ഈ നക്ഷത്രജാതർ രാഹുദോഷം
മാറ്റാൻ നാരങ്ങ വിളക്ക് കത്തിക്കുക

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

രാഹുദോഷ പരിഹാരത്തിന് ദേവീ ക്ഷേത്രങ്ങളിൽ നടത്താവുന്ന ഏറ്റവും നല്ല വഴിപാടാണ് നാരങ്ങാവിളക്ക്. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞ ശേഷം തിരിച്ച് മലർത്തി പുറന്തോട് അകത്തു വരുന്ന രീതിയിൽ ചിരാതിന്റെ രൂപത്തിലാക്കി അതിനുള്ളിൽ എള്ളെണ്ണയോ നെയ്യോ ഒഴിച്ച് നാരങ്ങാ വിളക്ക് കത്തിക്കുന്നു. അമ്ലഗുണമുള്ള നാരങ്ങത്തോടിന് ഉള്ളിൽ എള്ളെണ്ണ കത്തുമ്പോൾ വ്യാപിക്കുന്ന ഗന്ധം ഭക്തരിലെ തമോഗുണവും പ്രതികൂല ഊർജ്ജവും നീക്കം ചെയ്ത് രാഹുദോഷം മാറ്റും എന്നാണ് കരുതുന്നത്.

രാഹു ദേവിയുടെ സേവകനാണ്. അതിനാൽ രാഹു ദോഷം നീക്കുന്നതിന് ദേവിയെ പ്രീതിപ്പെടുത്തണം. നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു എങ്കിലും രാഹു തമോഗ്രഹമാണ്. ലോകത്തിന് അഹിതകാരി ആയാണ് രാഹുവിനെ കാണുന്നത്. ജാതകത്തിൽ രാഹുദോഷം ഉള്ളവരും രാഹുവിന്റെ ആധിപത്യമുള്ള നക്ഷത്രങ്ങളിൽ പിറന്നവരും പതിവായി നാരങ്ങാ വിളക്ക് തെളിക്കണം. രാഹുവിന്റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്റെ അപഹാരം നടക്കുമ്പോഴും ഗോചരാൽ 3, 6, 11 ഭാവങ്ങളിൽ ഒഴികെയുള്ള സ്ഥാനങ്ങളിൽ രാഹു വരുമ്പോഴും ജാതകർക്ക് അഹിതകരമായ കാര്യങ്ങൾ സംഭവിക്കും. ഇവരും നാരങ്ങാ വിളക്ക് തെളിക്കണം.

ദേവീ പ്രധാനമായ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാഹുവിന്റെ നിഴലാട്ടം ഉണ്ടാകുന്ന രാഹുകാലത്താണ് നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്.
ദുർഗ്ഗാ പൂജനത: പ്രസന്ന ഹൃദയ: എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നത്. രാഹുദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അർത്ഥം.

രാശിചക്രത്തിൽ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല. ജ്യോതിഷഗ്രന്ഥങ്ങളിൽ രാഹുവിന്റെ സ്വക്ഷേത്രത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പലതിലും കാണുന്നത് കന്നിയാണ് രാഹുവിന്റെ സ്വക്ഷേത്രം എന്നാണ്. എന്നാൽ ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ ആശ്രിതനായി സ്ഥിതി ചെയ്യുന്നു രാഹു എന്ന് കരുതുന്നു. അതുകൊണ്ടാണ് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ സ്ഥിതിചെയ്യുന്ന രാഹു സൃഷ്ടിക്കുന്ന ദോഷങ്ങളുടെ പരിഹാരത്തിന് ദേവിയെ ആരാധിക്കണമെന്ന് പറയുന്നു.

അത്യധികം അമ്ലഗുണമുള്ള നാരങ്ങയുടെ തൊലിയിൽ എള്ളെണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ നടത്തുന്ന രാജസപൂജയുടെ ഭാഗമായായി കത്തിക്കുന്ന നാരങ്ങാവിളക്ക് ഭക്തർ നേരിട്ടു നടത്തുന്ന ലഘുവായ ഒരു ഹോമമായാണ് കണക്കാക്കുന്നത്. അതായത് ഒരു ചെറിയ ഹോമം നടത്തുന്നതിന്റെ ഫലമാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്. നാരങ്ങാ വിളക്ക് കത്തിച്ച് അഗ്നിഭഗവാനെ സാക്ഷിനിർത്തി മന്ത്രോചാരണത്തോടെ ദേവിയെ സ്തുതിച്ചാൽ രാഹുദോഷം അകന്നുപോകും എന്നാണ് വിശ്വാസം. വെള്ളിയും ചൊവ്വയും ആണ് നാരങ്ങാ വിളക്കു കത്തിക്കാൻ ഉത്തമമായ ദിവസം.

ഉദ്ദിഷ്‌ട കാര്യസിദ്ധിക്കും വിവാഹ തടസ്സം മാറുന്നതിനും ദേവിക്ക് മുന്നിൽ നാരങ്ങാ വിളക്ക് സമർപ്പിക്കുന്നത് ഉത്തമാണ്. തെളിക്കുന്ന നാരങ്ങാ വിളക്കിന്റെ എണ്ണം ഒറ്റ സംഖ്യയിൽ ആയിരിക്കണം. അതായത് എത്ര നാരങ്ങ എടുക്കുന്നുവോ അതിൽ ഒരു പകുതി ഉപേക്ഷിക്കണം. അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിലാണ് സാധാരണ നാരങ്ങാ വിളക്ക് തെളിയിക്കുന്നത്. (ഒരു പകുതി നാരങ്ങാത്തോടിൽ ഒരു നാരങ്ങാ വിളക്ക്) നാരങ്ങാ വിളക്ക് തെളിച്ചതിന് ശേഷം ദേവി മന്ത്രങ്ങൾ ഉരുവിടുന്നത് ഉത്തമമാണ്. ദേവിക്കു മുന്നിലും ഹനുമാൻ സ്വാമി ക്ഷേത്രങ്ങളിലും നവഗ്രഹങ്ങളുടെ മുന്നിലും നാരങ്ങാവിളക്ക് കത്തിക്കാം. ദേവീപ്രീതിക്കായി നടത്തുന്ന രാഹുകാലപൂജക്ക് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും രോഗനിവാരണത്തിനും രാഹുദോഷം നീങ്ങുന്നതിനും സഹായിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാഹുകാലത്താണ് കൂടുതൽ ഭക്തരും കാര്യസിദ്ധിക്ക് നാരങ്ങാവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്.

രാഹു നക്ഷത്രാധിപനായ തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ എപ്പോഴും രാഹു പ്രീതികരമായ നാരങ്ങാ വിളക്ക് കത്തിക്കുന്നത് ഗുണഫലങ്ങൾ നൽകും. ശനിവത് രാഹു കുജവത് കേതു എന്ന പ്രമാണ പ്രകാരം പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാരും രാഹുവിന്റെ സ്വാധീനത്തിൽ വരും. ഇവരും എന്നും നാരങ്ങാ വിളക്ക് തെളിക്കുന്നത് നല്ലതാണ്.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,

+91 9847575559
Summary: Predictions: Lemon Lamp: The best remedy for Rahu Dosham


error: Content is protected !!
Exit mobile version