Friday, 20 Sep 2024

ഈ നാമങ്ങൾ ജപിച്ച് ഗണേശനെ ഭജിച്ചാൽ
വിനകളകന്ന് എല്ലാ അഭിലാഷങ്ങളും സാധിക്കും

ജോതിഷരത്നം വേണു മഹാദേവ്
ഗണപതി ഭഗവാന്‍റെ പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് ചതുര്‍ത്ഥി വ്രതാചരണം. എല്ലാ മാസത്തിലെയും രണ്ടു പക്ഷങ്ങളിലെയും ചതുര്‍ത്ഥി ദിവസം ഗണേശപ്രീതിക്ക് ഗുണകരമാണ്. എന്നാൽ ഭഗവാന്റെ അവതാരദിനമായി ആഘോഷിക്കുന്ന ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് അതിവിശേഷം. അന്ന് അത്തം നാളിൽ മദ്ധ്യാഹ്നത്തിൽ ചതുർത്ഥി തിഥി വരണം എന്ന് പ്രമാണം. അത്തമാണ് ഭഗവാന്റെ ജന്മനക്ഷത്രം. 2022 ആഗസ്റ്റ് 31 ബുധനാഴ്ചയാണ് ഇത്തവണ വിനായക ചതുർത്ഥി. ഈ ദിവസം നടത്തുന്ന ഗണേശ പൂജകൾക്ക് അതിവേഗം ഫലം ലഭിക്കും എന്നാണ് വിശ്വാസം.

ചതുര്‍ത്ഥി വ്രതം തന്നെ രണ്ടു തരത്തിൽ ഉണ്ട്. എല്ലാ മാസവും ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി നാളിൽ വ്രതം ആചരിക്കുന്നത് തടസങ്ങൾ അകലാൻ നല്ലതാണ്. വിഘ്‌ന വിനാശത്തിന് പുറമെ ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഈ വ്രതം നമ്മെ സഹായിക്കും. കറുത്തവാവ് കഴിഞ്ഞ് വരുന്ന ചതുർത്ഥിയാണ് ഇത്.

വിഘ്‌നേശ്വരന് ഏറ്റവും പ്രിയപ്പെട്ട ചതുര്‍ത്ഥിവ്രതം എടുക്കുന്നവർ തലേദിവസം രാത്രി അരിയാഹാരം ഒഴിവാക്കണം. ചതുര്‍ത്ഥിദിവസം ഒരിക്കലൂണ് ആകാം. ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും കറുകമാല ചാര്‍ത്തിക്കുന്നതും നാളികേരം ഉടയ്ക്കുന്നതും വളരെ ശ്രേയസ്‌കരം. ചതുര്‍ത്ഥി ദിവസം ചുവന്നവസ്ത്രം ധരിച്ച് ഗണപതി സ്തുതികൾ, മന്ത്രങ്ങൾ കഴിയുന്നത്ര തവണ പ്രാര്‍ത്ഥിക്കുക. പിറ്റേന്നാള്‍ വ്രതം മുറിക്കാം. സമുദ്രതീര്‍ത്ഥസ്‌നാനം, അന്നദാനം എന്നിവ വ്രതഫലം കൂട്ടും. തുടർച്ചയായി 18 ചതുര്‍ത്ഥി വ്രതം നോറ്റാൽ ഏതൊരു മേഖലയിലെയും തടസ്‌സം നീങ്ങി അഭിവൃദ്ധിയുണ്ടാകും. ഗണപതിഹോമം, ഗണപതി ഭജനം എന്നിവ ഈ ദിവസം ക്ഷേത്രങ്ങളില്‍ നടത്തുന്നത് ഉത്തമമാണ്.

കറുത്ത പക്ഷത്തിൽ വരുന്ന ചതുർത്ഥി വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്ന് അറിയപ്പെടുന്നു. ഈ വ്രതം സങ്കടങ്ങള്‍ക്കു പരിഹാരമുണ്ടാക്കും എന്നാണ് വിശ്വാസം. പൗര്‍ണമിക്കു ശേഷം കറുത്തപക്ഷത്തില്‍ വരുന്ന സങ്കടഹര ചതുര്‍ത്ഥിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സങ്കടചതുര്‍ത്ഥി ദിവസം അപ്പം, കൊഴുക്കട്ട, അവല്‍, മലര്‍ തുടങ്ങിയവ ഭഗവാന് നിവേദ്യമായി സമര്‍പ്പിക്കണം. അന്ന് ഗണപതിക്ഷേത്ര ദര്‍ശനം നടത്തി ഭഗവാന് കറുകമാല ചാര്‍ത്തി പ്രാർത്ഥിക്കുന്നതും അത്യുത്തമം. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതിനാലാണ് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്. ഈ വ്രതമെടുക്കുന്നവർ നാരദപുരാണത്തിലുള്ള സങ്കട നാശന ഗണപതി സ്‌തോത്രം എന്ന് പ്രസിദ്ധമായ ശ്രീ ഗണേശ ദ്വാദശ നാമ സ്‌തോത്രം കഴിയുന്നത തവണ ജപിക്കണം.

സങ്കടനാശന ഗണപതി സ്‌തോത്രം

പ്രണമ്യ ശിരസാദേവം ഗൗരീപുത്രം
വിനായകം ഭക്ത്യാവ്യാസം സ്മരേന്നിത്യം ആയുഷ്‌കാമാർത്ഥസിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം
ദ്വിതീയകം തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം

ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം

നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

(ഗൗരീ പുത്രനായ, ഭക്തവത്സലനായ, ദേവൻ വിനായകനെ ആയുസ്‌, കാമം, അർത്ഥം എന്നിവ ലഭിക്കാനായി ശിരസാൽ പ്രണമിച്ച് എന്നും സ്മരിക്കണം. 1 വക്രതുണ്ഡനെ 2 ഏകദന്തനെ 3 കൃഷ്ണ പിംഗാക്ഷനെ 4 ഗജവക്ത്രനെ 5 ലംബോദരനെ 6 വികടനെ
7 വിഘ്‌നരാജനെ 8 ധൂമ്രവർണ്ണനെ 9 ഫാലചന്ദ്രനെ 10 വിനായകനെ 11 ഗണപതിയെ 12 ഗജാനനനെ ഈ പന്ത്രണ്ടു നാമങ്ങളെയും മൂന്നു സന്ധ്യകളിലും ജപിക്കുന്നവന് യാതൊരു വിഘ്‌ന ഭയവുമില്ലെന്ന് മാത്രമല്ല സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും വിദ്യയെ ആഗ്രഹിക്കുന്നവന് വിദ്യയും ധനത്തെ ഇച്ഛിക്കുന്നവന് ധനവും പുത്രാർത്ഥിക്ക് പുത്രൻമാരും മോക്ഷാർത്ഥിക്ക് മുക്തിയും ലഭിക്കും. മുടങ്ങാതെ ജപിച്ചാൽ ആറുമാസം കൊണ്ട് സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും സംശയമില്ല. ഈ നാമങ്ങൾ എഴുതി ഗണപതി ക്ഷേത്രത്തിൽ ഭക്തിപൂർവ്വം സമർപ്പിക്കുന്നവർക്ക് ഗണേശപ്രസാദത്താൽ സർവ്വവിദ്യയും ഉണ്ടാകും.)

ജോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Importance and benefits of Sankada Nashana Ganapathy Sthothram and
Ganesh Chaturthi vritham every month

error: Content is protected !!
Exit mobile version