Sunday, 29 Sep 2024

ഈ ബുധനാഴ്ച പ്രദോഷം നോറ്റാൽ ധനം,സന്താനം, ദാരിദ്ര്യശമനം, കീർത്തി, ആരോഗ്യം

ശ്രീകുമാർ ശ്രീഭദ്ര
ഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്നായ പ്രദോഷം ഈ ബുധനാഴ്ച
സമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതദിനമായി കണക്കാക്കുന്നത്. 2024 ഫെബ്രുവരി 21 ന് ബുധനാഴ്ചയാണ് കുംഭ
മാസത്തിലെ ശുക്ലപക്ഷ പ്രദോഷം ആചരിക്കുന്നത്. ഈ ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ
സമ്പൽ സമൃദ്ധി, സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്ന് ശിവക്ഷേത്രദർശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നത് വിശിഷ്ടമാണ്. പുണ്യ കർമ്മങ്ങൾ ചെയ്യുന്നതിന് ഏറെ ഉത്തമമായ ദിനമാണിത്. ജാതകദോഷം, ഗ്രഹദോഷം, ദശാദോഷം, ശനി ദോഷംഎന്നിവയാൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ പ്രദോഷം നോറ്റാൽ ശാന്തി ലഭിക്കുന്നതാണ്‌. അതുപോലെ കുടുംബസുഖം, ഭാര്യ ഭര്‍ത്തൃ സുഖം, സന്താനലാഭം, ആരോഗ്യം എന്നിവ മാത്രമല്ല ബ്രഹ്‌മഹത്യാപാപം പോലും ഒഴിഞ്ഞുപോയി മനഃശാന്തിയുണ്ടാകും.

ശിവമന്ത്രങ്ങൾ ജപിക്കുക
ത്രയോദശി തിഥി പ്രദോഷ വേളയിൽ പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുമത്രേ. ഈ സന്ദർഭത്തിൽ എല്ലാ ദേവീദേവന്മാരും സന്നിഹിതരാകും. അതിനാൽ പ്രദോഷ നോറ്റാൽ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും എന്ന് കരുതുന്നു. ഈ സമയത്ത് ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും സർവ മംഗളകരമാണ്. സന്തുഷ്ട കുടുംബജീവിതം, ധനം, സന്താനം, സദ്കീർത്തി, ആരോഗ്യം എന്നിവ ഇത് വഴി ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. പ്രദോഷ വേളയിൽ എവിടെയായിരുന്നാലും
കഴിയുന്നത്ര ഓം നമഃ ശിവായ ജപിക്കുന്നത് ഉത്തമമാണ്. ഈ സമയത്ത് ശിവ അഷ്ടോത്തരം, ശിവ സ്തുതികൾ,
ശിവമന്ത്രങ്ങൾ എന്നിവ കേൾക്കുന്നതും ജപിക്കുന്നതും ഉത്തമമാണ്. ശിവാഷ്ടകം, ഉമാമഹേശ്വര സ്തോത്രം,
ശിവപഞ്ചാക്ഷരി സ്തോത്രം, ശങ്കര ധ്യാന പ്രകാരം സ്തുതി എന്നിവ ഇതിൽ ചിലതാണ്. പ്രദോഷ സമയത്ത് വിനോദങ്ങളിൽ ഏർപ്പെടുക, ഭക്ഷണം കഴിക്കുക, പാകം ചെയ്യുക എന്നിവയൊന്നും പാടില്ല.

പ്രദോഷ വ്രത വിധി
പ്രദോഷ ദിനത്തിന്റെ തലേന്ന് ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. പ്രദോഷ നാൾ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തി കൂവളയില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻ വിളക്ക് ജലധാര എന്നിവ നടത്തണം. പകൽ മുഴുവൻ ഉപവാസം നല്ലത്. അതിനു കഴിയാത്തവർക്ക് ഉച്ചയ്ക്ക് മാത്രം ഊണ്
കഴിക്കാം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവ അഷ്ടോത്തരം, ശിവപുരാണം ഇവ ഭക്തിപൂർവ്വം ചൊല്ലുക. പാരായണം ചെയ്യണം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന എന്നിവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ , മലരോ , പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്.

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ

Story Summary: Significance of Pradosha Vritham observation on 2024 February 21

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version