Sunday, 22 Sep 2024

ഈ ബുധനാഴ്ച ശിവപൂജ ചെയ്താൽ
അഭിവൃദ്ധി, ആയുരാരോഗ്യം, അഭീഷ്ട സിദ്ധി

തരവത്ത് ശങ്കരനുണ്ണി
വെളുത്തവാവും കറുത്തവാവും കഴിഞ്ഞ് പതിമൂന്നാം നാളാണ് അതായത് ത്രയോദശി തിഥിയാണ് പ്രദോഷം എന്ന് അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിന് തൊട്ടു പിമ്പുള്ള വേളയാണ് പ്രദോഷ പൂജാസമയം. ഒരു ദിവസം ത്രയോദശി തിഥി അസ്തമയത്തിന് ശേഷം ഉണ്ടെങ്കിൽ അന്നും, ഇല്ലെങ്കിൽ തലേന്നുമാണ് പ്രദോഷം ആചരിക്കുക.

ശിവോപാസനയ്ക്ക് ഏറ്റവും പ്രധാനമാണ് പ്രദോഷം. ത്രയോദശി നാൾ വൈകിട്ട് കുളിച്ചു ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ശിവനാമങ്ങളും സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കുന്നതും പ്രദോഷ പൂജയിൽ പങ്കെടുക്കുന്നതും സുകൃതമാണ്. പ്രദോഷ വ്രതത്തിന് അല്പാഹരമോ, നിരാഹാരമോ ആകാം. ത്രയോദശി സന്ധ്യയ്ക്ക് ശ്രീപാർവ്വതി ദേവിയെ പീഠത്തിൽ ഇരുത്തി ശിവൻ നൃത്തം ചെയ്യുമെന്നും ഈ സമയത്ത് സകല ദേവതകളും ശിവസവിധത്തിൽ സന്നിഹിതരാകും എന്നുമാണ് സങ്കല്പം. പ്രദോഷ ദിനത്തിൽ വിധിപ്രകാരം വ്രതമെടുത്താൽ പാപങ്ങൾ നശിക്കും. ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്കും ഉത്തമമാണ്. ഇത്തവണ ധനു മാസത്തിലെ തിരുവാതിരയോട് ചേർന്ന് വരുന്ന ശുക്ലപക്ഷ പ്രദോഷം 2023 ജനുവരി 4 ബുധനാഴ്ചയാണ്.

പ്രദോഷസന്ധ്യയിൽ എല്ലാ ദേവതകളുടെയും സാന്നിദ്ധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാകുമെന്നതു കൊണ്ടു കൂടി ഈ സമയത്തെ ആരാധനയ്ക്ക് അതീവപ്രാധാന്യമുണ്ട്. ദാരിദ്ര്യദു:ഖശമനം, ശത്രുനാശം, സന്താനലബ്ധി, ക്ഷേമം, കീർത്തി, രോഗശാന്തി, ആയുരാരോഗ്യം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യാൻ കഴിയുന്നവരാണ് ശിവപാർവതിമാർ. ഈ സമയത്ത് ആരാധയിലൂടെയും വഴിപാടുകളിലൂടെയും മറ്റും ശിവനെയും പാർവതിയെയും പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, സന്താനസൗഖ്യം, ഐശ്വര്യം തുടങ്ങി എല്ലാഭൗതിക അഭിവൃദ്ധിയും ലഭിക്കും.

ആദിത്യദശാകാലമുള്ളവർ പ്രദോഷം നോൽക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വരുന്നവർ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഐശ്വര്യപ്രദവും ഫലദായകവുമായിരിക്കും.

തലേന്ന് മുതൽ സാധാരണ വ്രതനിഷ്ഠകൾ പാലിച്ച ശേഷം പ്രദോഷ നാൾ പ്രഭാത സ്‌നാന ശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മമിട്ട് ശിവക്ഷേത്രദർശനം നടത്തുക. പകൽമുഴുവനും ഉപവസിക്കുക. കഴിയുന്നത്ര തവണ ഓം നമഃ ശിവായ ജപിക്കുക. വൈകിട്ട് കുളിച്ച ശേഷം ക്ഷേത്രദർശനം നടത്തുക. ശിവന് കൂവളമാല ചാർത്തിക്കുക. ഈ സമയത്ത് കൂവളത്തില കൊണ്ടുള്ള അർച്ചന വിശേഷമാണ്. അതിനുശേഷം വ്രതസമാപ്തി വരുത്താം.

കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കേണ്ടതു തന്നെയാണ്. കുംഭമാസത്തിലെ പ്രദോഷമാണ് ശിവരാത്രി വ്രതം. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന ശനി പ്രദോഷം വളരെയധികം പുണ്യകരമാണ്. അതുപോലെ തന്നെയാണ് തിങ്കളാഴ്ചത്തെ സോമപ്രദോഷവും.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്,
+91 9847118340

Story Summary: Significance of Pradosha Vritham


error: Content is protected !!
Exit mobile version