Saturday, 23 Nov 2024

ഈ മന്ത്രം ജപിച്ചാൽ സുബ്രഹ്മണ്യസ്വാമി വേഗം അനുഗ്രഹിക്കും

ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം അനുഗ്രഹിക്കുന്ന ഭഗവാനാണ് സുബ്രഹ്മണ്യസ്വാമി. ദുരിതങ്ങൾ അകറ്റുന്നതിനും ആഗ്രഹസാഫല്യത്തിനും  സുബ്രഹ്മണ്യ ഭജനം എപ്പോഴും  സഹായിക്കും.

അത്ഭുതശക്തിയുള്ളതാണ് മുരുകന്റെ മൂലമന്ത്രമായ ഓം വചത്ഭൂവേ നമ:  എന്നും ധ്യാന ശ്ളോകം ( അവസാനം ചേർത്തിട്ടുണ്ട്) ചൊല്ലി സുബ്രഹ്മണ്യസ്വാമിയുടെ രൂപം  ധ്യാനിച്ച് വേണം  മൂലമന്ത്രം ജപിക്കേണ്ടത്;  108 പ്രാവശ്യം ജപിക്കുക. രണ്ടുനേരവും ജപിക്കുന്നത് നല്ലതാണ്.  നിത്യജപത്തിന് മത്സ്യമാംസാദികൾ ഉപേക്ഷിക്കണമെന്നില്ല. ബ്രഹ്മചര്യവും വേണ്ട. ആദ്യം 108 വീതം 36 ദിവസം ജപിക്കണം.നെയ്‌വിളക്കാണ് തെളിച്ചാണ് ജപം നടത്തേണ്ടത്. കിഴക്കും പടിഞ്ഞാറും തിരിയിട്ട് തെളിക്കുന്നത് ഏറ്റവും നല്ലത്. പതിവായി ഇത് ജപിച്ചാൽ തന്നെ എല്ലാ വിഷമങ്ങളും തീരും. സ്ത്രീകൾ ആർത്തവ കാലത്തെ 7 ദിവസം ജപിക്കരുത്. അതിനു മുമ്പും പിൻപും ജപിക്കുക. പുല, വാലായ്മ വന്നാൽ ജപിക്കരുത്. 18 ദിവസത്തിൽ കൂടുതൽ ജപത്തിന്  മുടക്കം വരരുത്. 

ഇതിനൊപ്പം  സുബ്രഹ്മണ്യപ്രീതിക്ക് ക്ഷേത്രത്തിൽ  
ഭസ്മാഭിഷേകം, നാരങ്ങമാല, പനിനീരഭിഷേകം, മഞ്ഞപ്പട്ട് ചാർത്തൽ, കളഭം ചാർത്തൽ എന്നീ വഴിപാടുകൾ സ്വന്തം കഴിവനുസരിച്ച് ചെയ്യുക. നന്നായി പ്രാർത്ഥിച്ചിട്ട്  ഈ  വഴിപാടുകൾ നടത്തിയാൽ തന്നെ മിക്ക ദുരിതങ്ങളും ഒഴിയും. എന്നാൽധാരാളം പ്രാർത്ഥിച്ചിട്ടും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ അതിനു കാരണം  ആ വ്യക്തിയുടെ  ശാപദോഷങ്ങൾ മുൻജന്മപാപം എന്നിവയാകാം. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ  കദളിപ്പഴനിവേദ്യം, പാലഭിഷേകം എന്നിവ നടത്തിയാൽ ശക്തമായ പാപം പോലും മാറ്റും. ഒരു ഗുരുവിനെ സമീപിച്ചാൽ തന്നെ ഈ വക പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. ദോഷശക്തി കൂടുതലുണ്ടെങ്കിൽ ഗുരു പറഞ്ഞു തരും; ദോഷശക്തി ക്ഷയിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ഉപദേശിക്കും.

അപാരമായ ഈശ്വരാനുഭൂതിയും വിശിഷ്ടഫലവും ആഗ്രഹിക്കുന്നവർ വിധി പ്രകാരം ആകെ 8 ലക്ഷം പ്രാവശ്യം മൂലമന്ത്രം ജപിച്ചാൽ  മന്ത്ര ശക്തി പൂർണ്ണമായും ഉണരുന്നത്  അനുഭവിച്ചറിയാം. വിശദമായ  ഉപാസനാ വിധികൾക്ക് ഒരു നല്ല ഗുരുവിനെ സമീപിക്കണം. കൂടുതൽ മന്ത്രം ജപിക്കുന്നവർ നെല്ല്, പൂവ്, അരിമണി എന്നിവ ജപസംഖ്യ കണക്കാക്കാൻ ഉപയോഗിക്കണം;  വേണമെങ്കിൽ ജപമാലയും ഉപയോഗിക്കാം. രുദ്രാക്ഷം, രക്തചന്ദനം എന്നിവയുടെ മാലകൾ ഉത്തമം. നല്ല മാല വാങ്ങി ഗുരുവിനെ ഏൽപ്പിച്ച് ശുദ്ധീകരിച്ച് ഗുരുവിൽ നിന്നും അനുഗ്രഹത്തോടെ മാല സ്വീകരിക്കണം.

സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻ മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാസോവസം

(തിളങ്ങുന്ന കിരീടവും കാതിലോലയും കൊണ്ട് അലങ്കരിക്കപ്പെട്ടവനും കഴുത്തിൽ ചമ്പകമാലയണിഞ്ഞ കൈകളിൽ വേലും വജ്രായുധവും ധരിച്ചവും അല്ലെങ്കിൽ ഇടതുകൈ അരയിൽ ചേർത്ത് വലതുകൈയിൽ വരമുദ്ര ധരിച്ചവനും കുങ്കുമം പോലെ ചുവന്ന നിറത്തോടു കൂടിയവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു.) 

ഇതാണ് സുബ്രഹ്മണ്യ സ്വാമിയുടെ ധ്യാനരൂപം. ഭഗവാന്റെ ഈ രൂപം എന്നും രാവിലെയും വൈകിട്ടും സങ്കല്പിച്ചാൽ തന്നെ മനസ്‌ ശാന്തമാകും; പാപശാന്തിയും ലഭിക്കും. അപ്പോൾ മൂലമന്ത്രജപം കൂടി ശീലിച്ചാൽ ലഭിക്കുന്ന അനുഗ്രഹം പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?

– പുതുമന മഹേശ്വരൻ നമ്പൂതിരി     

മൊബൈൽ: +91 094-470-20655

error: Content is protected !!
Exit mobile version