Friday, 22 Nov 2024

ഈ മാസം രണ്ട് ആയില്യം; സർപ്പദൈവങ്ങൾ കനിഞ്ഞാൽ സന്താനം, ദാമ്പത്യസൗഖ്യം, സമ്പത്ത്

മംഗള ഗൗരി
സർപ്പദൈവങ്ങൾ സംതൃപ്തരായാൽ ദുരിതദുഃഖങ്ങൾ ഒഴിഞ്ഞു പോകും. സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവയെല്ലാം ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കും. അതിവേഗം ഫലം ലഭിക്കുന്ന ഒരു ആരാധനയാണ് സർപ്പപൂജ. കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന സർപ്പങ്ങളെ ശൈവം, വൈഷ്ണവം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. പക്ഷേ സർപ്പപൂജയിലും ആരാധനയിലും കാര്യമായ വ്യത്യാസമില്ല. വെട്ടിക്കോട്, മണ്ണാറശാല, അനന്തൻകാട്‌, പാമ്പുംമേക്കാട്ട്, ആമേട ക്ഷേത്രം, നാഗർകോവിൽ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന നാഗാരാധനാ കേന്ദ്രങ്ങൾ. മിക്ക ക്ഷേത്രങ്ങളിലും ഉപദേവതാ സങ്കല്പത്തിലോ കാവിലോ നാഗദേവതകളെ ആരാധിക്കാറുണ്ട്. മാസന്തോറും ആയില്യം നക്ഷത്രമാണ് നാഗങ്ങൾക്ക് വിശേഷപ്പെട്ട ദിവസം. കന്നിമാസത്തിലാണ് നാഗരാജാവിന്റെ തിരുനാൾ. ഇത് വെട്ടിക്കോട് ആയില്യം എന്ന് അറിയപ്പെടുന്നു. തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത്. ഈ വർഷം തുലാമാസത്തിൽ 2 തവണ ആയില്യം നക്ഷത്രം വരുന്നുണ്ട്. ഇതിൽ ആദ്യത്തേത് 2022 ഒക്ടോബർ 20 ന് വ്യാഴാഴ്ചയാണ്. രണ്ടാമത്തേത് നവംബർ 16 ന് വരുന്നു.
രണ്ട് തവണ വരുന്നതിനാൽ രണ്ടാമത്തെ ആയില്യമാണ് മണ്ണാറശാല ആയില്യമായി ആചരിക്കുന്നത്. ഈ ദിവസം ആയില്യപൂജ, നൂറുംപാലും എന്നിവ നടത്തിയാൽ വളരെ കൂടുതൽ ഫലസിദ്ധി ലഭിക്കും. ഇതിന് പുറമെ സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി ഇവയാണ് നാഗദേവതകൾക്ക് നടത്തുന്ന പ്രധാന വഴിപാടുകൾ. പാൽ അഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സർപ്പദോഷം, രാഹുദോഷം എന്നിവ അകറ്റുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം എന്നിവ സിദ്ധിക്കുന്നതിനും ഉത്തമമാണ് ഈ വഴിപാടുകൾ.

വീട്ടിനടുത്ത് നാഗവിഗ്രഹം ഉണ്ടെങ്കിൽ വൃത്തിയായും വെടിപ്പായും പരിചരിക്കണം. മുടങ്ങാതെ സന്ധ്യക്ക് വിളുക്ക് കൊളത്തണം. വിശേഷദിവസങ്ങളിൽ മഞ്ഞൾ, പാൽ, ഇളനീർ എന്നിവ അഭിഷേകം ചെയ്യണം. പാലും പഴവും നിവേദിക്കണം. മഞ്ഞൾപ്പൊടിയും പൂക്കുലയും മാലയും കൊണ്ട് നാഗ വിഗ്രഹത്തെ അലങ്കരിക്കണം. സർപ്പക്കാവ് വെട്ടിനശിപ്പിക്കാനോ പാമ്പുകളെ കണ്ടാൽ ഉപദ്രവിക്കാനോ പാടില്ല. നാഗകോപം തോന്നിയാൽ തുടർച്ചയായി 18 മാസം ആയില്യം നക്ഷത്രനാളിൽ
നാഗപൂജ നടത്തി പൊങ്കാലയിട്ട് അവസാനിപ്പിക്കണം.

നാഗപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുന്നതാണ് ആയില്യ വ്രതം. തുലാത്തിലെ ആയില്യത്തിൽ നാഗപൂജ ചെയ്യുക ഏറെ ഗുണകരമാണ്. വ്രതം അനുഷ്ഠിക്കുന്നവർ തലേ ദിവസം മുതൽ മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കണം. ലഘുഭക്ഷണം കഴിച്ച് ഉപവസിക്കണം. പിറ്റേദിവസം ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം. ഓം ഹ്രീം നാഗരാജായ നമഃ എന്ന മന്ത്രം 36 വീതം 24 ദിവസം ജപിച്ചാൽ നാഗദോഷം മാറും. സർപ്പ പ്രീതിക്കായി ആയില്യം നാളിൽ നാഗരാജ അഷ്ടോത്തരശത നാമാവലി ഉരുവിടുന്നത് നല്ലതാണ് :

നാഗരാജ അഷ്ടോത്തര ശതനാമാവലി
ഓം അനന്തായ നമഃ
ഓം വാസുദേവാഖ്യായ നമഃ
ഓം തക്ഷകായ നമഃ
ഓം വിശ്വതോമുഖായ നമഃ
ഓം കാർക്കോടകായ നമഃ
ഓം മഹാപത്മായ നമഃ
ഓം പത്മായ നമഃ
ഓം ശംഖായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ധൃതരാഷ്ട്രായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ
ഓം സർപ്പനായകായ നമഃ
ഓം ഇഷ്ടദായിനേ നമഃ
ഓം നാഗരാജായ നമഃ
ഓം പുരാണായ നമഃ
ഓം പുരുഷായ നമഃ
ഓം അനഘായ നമഃ
ഓം വിശ്വരൂപായ നമഃ
ഓം മഹീധാരിണേ നമഃ
ഓം കാമദായിനേ നമഃ
ഓം സുരാർച്ചിതായ നമഃ
ഓം കുന്ദപ്രദായ നമഃ
ഓം ബഹുശിരസേ നമഃ
ഓം ദക്ഷായ നമഃ
ഓം ദാമോദരായ നമഃ
ഓം അക്ഷരായ നമഃ
ഓം ഗണാധിപതായ നമഃ
ഓം മഹാസേനായ നമഃ
ഓം പുണ്യമൂർത്തയേ നമഃ
ഓം ഗണപ്രിയായ നമഃ
ഓം വരപ്രദായ നമഃ
ഓം വായു ഭക്ഷായ നമഃ
ഓം വിശ്വധാരിണേ നമഃ
ഓം വിഹംഗമായ നമഃ
ഓം പുത്രപ്രദായ നമഃ
ഓം പുണ്യരൂപായ നമഃ
ഓം പന്നഗേശായ നമഃ
ഓം ബിലേശായ നമഃ
ഓം പരമേഷ്ഠിനേ നമഃ
ഓം പശുപതയേ നമഃ
ഓം ഭവനാശിനേ നമഃ
ഓം ബാലപ്രദായ നമഃ
ഓം ദാമോദരായ നമഃ
ഓം ദൈത്യഹന്ത്രേ നമഃ
ഓം ദയാരൂപായ നമഃ
ഓം ധനപ്രദായ നമഃ
ഓം മതിദായിനേ നമഃ
ഓം മഹാമായിനേ നമഃ
ഓം മധുവൈരിണേ നമഃ
ഓം മഹോരഗായ നമഃ
ഓം ഭുജഗേശായ നമഃ
ഓം ഭീമരൂപായ നമഃ
ഓം ഭയാപഹൃതേ നമഃ
ഓം ശുക്ലരൂപായ നമഃ
ഓം ശുദ്ധദേഹായ നമഃ
ഓം ശോകഹാരിണേ നമഃ
ഓം ശുഭപ്രദായിനേ നമഃ
ഓം സന്താനദായിനേ നമഃ
ഓം സർപ്പരൂപായ നമഃ
ഓം സർപ്പേശായ നമഃ
ഓം സർവ്വദായിനേ നമഃ
ഓം സരീസ്യപായ നമഃ
ഓം ലക്ഷ്മീകരായ നമഃ
ഓം ലാഭദായിനേ നമഃ
ഓം ലലീതായ നമഃ
ഓം ലക്ഷ്മണാകൃതയേ നമഃ
ഓം ദയാരാശയേ നമഃ
ഓം ദാശരഥയേ നമഃ
ഓം ദൈത്യഹന്ത്രേ നമഃ
ഓം ദമാശ്രയായ നമഃ
ഓം രമ്യരൂപായ നമഃ
ഓം രാമഭക്തായ നമഃ
ഓം രണധീരായ നമഃ
ഓം രതിപ്രദായ നമഃ
ഓം സൗമിത്രയേ നമഃ
ഓം സോമസംകാശായ നമഃ
ഓം സർപ്പരാജായ നമഃ
ഓം സതാം പ്രിയായ നമഃ
ഓം കർസുരായ നമഃ
ഓം കാമ്യഫലദായ നമഃ
ഓം കിരീടിനേ നമഃ
ഓം കിന്നരാർച്ചിതായ നമഃ
ഓം പാതാളവാസിനേ നമഃ
ഓം പരായ നമഃ
ഓം ഫണാമണ്ഡലമണ്ഡിതായ നമഃ
ഓം ബാഹുലേയായ നമഃ
ഓം ഭക്തിനിധയേ നമഃ
ഓം ഭൂമിധാരിണേ നമഃ
ഓം ഭവപ്രിയായ നമഃ
ഓം നാരായണായ നമഃ
ഓം നാഗരാജായ നമഃ
ഓം നാനാരൂപായ നമഃ
ഓം നാഥപ്രിയായ നമഃ
ഓം കാകോദരായ നമഃ
ഓം കാമ്യരൂപായ നമഃ
ഓം കല്യാണായ നമഃ
ഓം കാമിതാർത്ഥദായിനേ നമഃ
ഓം ഹതാസുരായ നമഃ
ഓം ഹല്യഹീനായ നമഃ
ഓം ഹർഷദായ നമഃ
ഓം ഹരഭൂഷണായ നമഃ
ഓം ജഗദാദയേ നമഃ
ഓം ജരാഹീനായ നമഃ
ഓം ജാതിശൂന്യായ നമഃ
ഓം ജഗന്മയായ നമഃ
ഓം വന്ധ്യത്വദോഷശമനായ നമഃ
ഓം പുത്രപൗത്രഫലപ്രദായ നമഃ

ഇതി ശ്രീ നാഗരാജ അഷ്ടോത്തര ശതനാമവലി സമ്പൂർണം

Story Summary: Significance of Aayilya Vritham and Nagaraja Ashtothara Satha Namavali


error: Content is protected !!
Exit mobile version