ഈ വ്യാഴാഴ്ച ഗണേശ ഉപാസനനടത്തി ആഗ്രഹങ്ങൾ സഫലമാക്കൂ
മംഗളഗൗരി
ഗണേശ്വര വ്രതമനുഷ്ഠിച്ചാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും കൈവരിക്കുവാന്‍ സാധിക്കും. എല്ലാ മാസത്തിലും
കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും വരുന്ന
ചതുര്‍ത്ഥിദിനങ്ങളിലാണ് ഗണേശ്വര വ്രതം നോൽക്കുക.
ഇതിൽ കറുത്തപക്ഷത്തിലെ നാലാം നാൾ വരുന്ന ചതുർത്ഥി സങ്കട ചതുർത്ഥി അഥവാ സങ്കടഹര ചതുർത്ഥിയായി ആചരിക്കുന്നു. വെളുത്ത പക്ഷത്തിൽ വരുന്ന ചതുർത്ഥി വിനായക ചതുർത്ഥി എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ടു ചതുർത്ഥികളിലും വ്രതം അനുഷ്ഠിക്കാം. മാസം തോറും ശുക്ലപക്ഷത്തിൽ വരുന്ന ചതുർത്ഥി നാളിലെ വ്രതാനുഷ്ഠാനം വിഘ്നങ്ങൾ തീർക്കുന്നതിനും ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഉത്തമമാണ് ഒരോ മാസത്തിലെയും വെളുത്തപക്ഷ ചതുർത്ഥി വ്രതത്തിന് ഒരോ ഫലം പറയുന്നു. ഇതനുസരിച്ച് 2023 ജൂൺ 22 വ്യാഴാഴ്ചത്തെ ഗണേശ്വരവ്രതം അനുഷ്ഠിച്ചാൽ എല്ലാ അഭിലാഷങ്ങളും സഫലമാകും എന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. മിഥുന മാസത്തിലെ സങ്കഷ്ട ചതുർത്ഥി വ്രതം നോറ്റാൽ സന്താനസൗഭാഗ്യമുണ്ടാകും. പുത്രദായക ഗണേശ്വര വ്രതമായി ഇത് അറിയപ്പെടുന്നു.
ഈ ദിവസം വ്രതം അനുഷ്ഠിക്കാൻ കഴിയാത്തവർ ഗണപതിക്ഷേത്ര ദർശനവും ഗണപതി ഹോമം, കറുകമാല സമർപ്പണം തുടങ്ങിയ വഴിപാടുകളും നടത്തി പ്രാർത്ഥിക്കണം.
കർക്കടക മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിദിനത്തില്‍ ഗണേശ്വരവ്രതമനുഷ്ഠിച്ചാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭ്യമാകും. കർക്കടക മാസത്തില്‍ ശുക്ലപക്ഷ ചതുര്‍ത്ഥി ദിവസം വരദ ചതുര്‍ത്ഥിവ്രതമായാണ് ആചരിക്കുന്നത്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിവസത്തില്‍ അനുഷ്ഠിക്കുന്ന വ്രതം വിനായക ചതുര്‍ത്ഥി വ്രതമാണ്. സര്‍വ്വ ഐശ്വര്യമാണ് ഇതിന്റെ ഫലം. വിനായക ചതുര്‍ത്ഥിവ്രതം അനുഷ്ഠിക്കുന്ന ദിവസം രാത്രി ചന്ദ്രനെ ദര്‍ശിക്കരുത്. ദര്‍ശിച്ചാല്‍ അപകീര്‍ത്തി, ദുര്‍യോഗങ്ങള്‍ എന്നിവയുണ്ടാകുന്നതാണ്. അതിനും പുറമേ വ്രതഫലവും നഷ്ടമാകും. അനിഷ്ടസംഭവങ്ങള്‍ പലതും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അന്നേ ദിവസം ചന്ദ്രനെ ദര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഗണേശ്വരവ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളില്‍ താഴെ കൊടുത്തിരിക്കുന്നു ഗണേശ്വരഭഗവാന്റെ തിരുനാമങ്ങള്‍ 108 പ്രാവശ്യം ജപിക്കുക:
ഓം സുമുഖായ നമഃ
ഓം ഉമാപുത്രായ നമഃ
ഓം ലംബോദരായ നമഃ
ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
ഓം ഗുഹാഗ്രജായ നമഃ
ഓം ഹേരംബായ നമഃ
ഓം സര്‍വ്വേശ്വരായ നമഃ
ഓം ധൂമ്രവര്‍ണ്ണായ നമഃ
ഓം കപിലായ നമഃ
ഓം സുരാഗ്രജായ നമഃ
ഓം ഗണാധീശായ നമഃ
ഓം ഗജമുഖായ നമഃ
ഓം ഹരസൂനവേ നമഃ
ഓം വക്രതുണ്ഡായ നമഃ
ഓം ഏകദന്തായ നമഃ
ഓം ചതുര്‍ഹോത്രേ നമഃ
ഓം വികടായ നമഃ
ഓം വിനായകായ നമഃ
ഓം വടവേ നമഃ
ഓം സിദ്ധിവിനായകനായ നമഃ
ഗണേശഭഗവാനെ ധ്യാനിച്ച് ഭക്തിപൂർവം ചതുര്‍ത്ഥിവ്രതം അനുഷ്ഠിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ഭൗതിക സുഖവും അന്ത്യത്തില്‍ വിഷ്ണുപദ പ്രാപ്തിയും സിദ്ധിക്കും. ഏതു കാര്യത്തിനും വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു വിഘ്‌നവും കൂടാതെ കാര്യങ്ങള്‍ ശുഭകരമായിത്തീരും.
ഓം ഗം ഗണപതയേ നമഃ
Story Summary: Significance and Benefits of Chathuri Vritham