Friday, 20 Sep 2024

ഈ വ്യാഴാഴ്ച മകരത്തിലെ പൗർണ്ണമി; ദാരിദ്ര്യം അകറ്റാം, ഐശ്വര്യം വർദ്ധിപ്പിക്കാം

മംഗള ഗൗരി
ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് പ്രാർത്ഥിക്കുന്നത് ഭഗവതി പ്രീതിക്കും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖങ്ങൾ മാറ്റാനും നല്ലതാണ്. ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് മകരമാസത്തിലെ പൗർണ്ണമി വ്രതം ദാരിദ്ര്യ ദു:ഖം മാറ്റുന്നതിന് വിശേഷാൽ നല്ലതാണ്. ഈ വ്യാഴാഴ്ച, 2024 ജനുവരി 25 നാണ് മകര മാസത്തിലെ പൗർണ്ണമി.

പൂയം നക്ഷത്രത്തിലോ അതിനടുത്തോ പൗർണ്ണമി വരുന്ന മാസമാണ് പൗഷം.( ധനു – മകരം ) സുബ്രഹ്മണ്യ പ്രധാനമായ തൈപ്പൂയം ദക്ഷിണേന്ത്യയിലെ പ്രധാന ആഘോഷമാണ്. ശിവശക്തിമാർക്ക് തേൻ നിവേദ്യമോ, അഭിഷേകമോ നടത്തുന്നത് ശ്രേഷ്കരമാണ്. കൂവളം നന്ത്യാർവട്ടം എന്നിവയാൽ പുഷ്പാഞ്ജലി നടത്തുന്നതും ഐശ്വര്യദായകമായി കരുതപ്പെടുന്നു. പൗഷ പൗർണ്ണമി മുതൽ മാഘപൗർണ്ണമി വരെ ഒരുമാസം നീളുന്ന പുണ്യസ്നാനം ഏറെ വിശേഷമാണ്. മകരക്കുളി എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നു. വിഷ്ണു പ്രധാനമായി മധുസൂദന പൂജയോടെ വ്രതമെടുത്ത് തീർത്ഥസ്നാനവും, അന്നദാനവും, ദാനധർമ്മാദികളും നടത്തുന്നവർക്ക് സ്വർഗ്ഗ പ്രാപ്തി സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു പുണ്യാത്മാക്കൾക്ക് മാത്രം സാധിക്കുന്നതാണത്രേ.

എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ വളരെയധികം നല്ലതാണ് പൗർണ്ണമി ദിനാചരണം. പൗർണ്ണമി നാൾ ദുർഗ്ഗാ ഉപാസന, വഴിപാടുകൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.

നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം; ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം; ആയിരം ശിവനാമത്തിനു തുല്യമാണ് ഒരു ദേവിനാമമെന്ന് ദേവീഭക്തർ വിശ്വസിക്കുന്നു. മാതൃ സ്വരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകല പാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം ആർക്കും തന്നെ വിവരിക്കാൻ കഴിയില്ല.

മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും ലളിതസഹസ്രനാമവും മറ്റും ചെല്ലുന്നത് ഉത്തമമാണ്. ലളിതസഹസ്രനാമം മുഴുവൻ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനമെങ്കിലും ചൊല്ലണം.

പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക്‌ നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.

പൗർണ്ണമി വ്രത ഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ പറയുന്നുണ്ട്:
ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിന് ഉത്തമമാണ്.
കന്നിയിലെ വ്രതം സമ്പത്ത് വർദ്ധനവ് നൽകും. തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനുതകും. വൃശ്ചികത്തിലെ വ്രതം സത്കീർത്തിയേകും. ധനുമാസത്തിലെ വ്രതം ആരോഗ്യവർദ്ധനവിന് നല്ലത്. മകരമാസത്തിലെ വ്രതം ദാരിദ്ര്യം നശിപിക്കും. കുംഭമാസത്തിലെ വ്രതം ദുരിതനാശം നൽകും.
മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിപ്പിക്കും.
മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയ്ക്ക് ഉത്തമം.
ഇടവമാസത്തിലെ വ്രതം വിവാഹതടസം മാറ്റും.
മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനുതകും. കർക്കടകത്തിലെ വ്രതം ഐശ്വര്യവർദ്ധനവേകും.

പൗർണ്ണമി നാളിൽ ജപിക്കേണ്ട മന്ത്രങ്ങൾ

1 ദേവീ പ്രാർത്ഥനാ മന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
( ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും )

2 ദേവീ സ്തുതി
സര്‍വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
(സർവ്വാഭീഷ്ടദായിനിയായ ദേവീ പ്രീതിയിലൂടെ
ശ്രേയസ്സും കുടുംബക്ഷേമവും നേടാൻ ഉത്തമം )

3 ദീർഘ സുമംഗലീ മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ
( ദാമ്പത്യ ക്ഷേത്തിനും ദീർഘമാംഗല്യത്തിനും )

4 ദേവീസ്തുതി
ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി
( ആയുസ്, ധനം , വിദ്യ, ഐശ്വര്യം എന്നിവയ്ക്ക് )

ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ….
( ക്രിയാ ശക്തിക്കും കർമ്മ വിജയത്തിനും )

Story Summary: Significance of Powrnami Vritham


error: Content is protected !!
Exit mobile version