Saturday, 23 Nov 2024

ഈ വർഷം സരസ്വതീപൂജ 4 ദിവസം;
വിദ്യാരംഭത്തിന് അത്യുത്തമ നേരം ഇതാ

അനിൽ വെളിച്ചപ്പാടൻ
ഈ വർഷത്തെ പൂജവയ്‌പ്പ് ദിവസത്തെക്കുറിച്ച് പല പഞ്ചാംഗങ്ങളിലും വ്യത്യസ്ത ദിവസങ്ങൾ കാണുന്നു. ചിലതിൽ 2022 ഒക്ടോബർ 2, ഞായർ വൈകിട്ടെന്നും അതല്ല 2022 ഒക്ടോബർ 3, തിങ്കൾ വൈകിട്ടെന്നും വ്യത്യസ്‌തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ നമ്മൾ ആചരിക്കേണ്ടത് ഏതാണെന്ന് ശാസ്ത്രീയമായി പരിശോധിക്കാം.

ഭാരതത്തിലെ ആചാര – അനുഷ്ഠാനങ്ങൾ വിവരിക്കുന്ന പ്രധാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീ ജനന്തദേവനാൽ സമാഹരിക്കപ്പെട്ട ‘സ്മൃതി കൗസ്തുഭം’. നവരാത്രി പൂജാവിധിയിൽ പൂജവയ്പ്പ് /ഗ്രന്ഥപൂജ ആരംഭിക്കേണ്ട കാലത്തെക്കുറിച്ച് പറയുന്നത് “കന്യാ സംസ്ഥേ രവാവിഷേ യാ ശുക്ലാ തിഥിരഷ്ടമി തസ്യാം രാത്രൗ പൂജിതവ്യാ മഹാവിഭവ വിസ്തരൈഹി ഇതി. അഥോത്ര രാത്രി പൂജാ പ്രധാനം തദംഗം…” അതായത്, കന്നിമാസത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ശുക്ലപക്ഷത്തിലെ അഷ്ടമി ദിവസം വരുന്ന ആ രാത്രിയിൽ വിശേഷ വിധികളോട് കൂടി പൂജകൾ നടത്തണം. എന്നുവച്ചാൽ ഈ വർഷത്തെ ഇപ്രകാരമുള്ള അഷ്ടമി തിഥി രാത്രിയിൽ വരുന്നത് ഒക്ടോബർ 2 ഞായറാഴ്ചയാണ്. തിങ്കളാഴ്ച രാത്രിയിൽ അഷ്ടമി തിഥി ലഭ്യമല്ല. ഞായറാഴ്ച വൈകിട്ട് 6 മണി 47:32 സെക്കന്റ് മുതൽ തിങ്കളാഴ്ച വൈകിട്ട് 4 മണി 38.01 സെക്കന്റ് വരെയാണ് അഷ്ടമി തിഥി.

അപ്പോൾ ആചാര്യന്മാർ പറഞ്ഞിട്ടില്ലാത്ത ഒരു ദിവസം പൂജവയ്പ്പ് നടത്താനും ഗ്രന്ഥപൂജ നടത്താനും പാടില്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. അതുകൊണ്ടാണ് 2022 ലെ പൂജവയ്പ്പ്, ഒക്ടോബർ 2 കന്നി 16 ഞായർ വൈകിട്ട് നടത്തണമെന്ന് നമ്മൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രവും ആധികാരികമായി പറയുന്നത്.

പൂജ വയ്പ്പ്
2022 ഒക്ടോബര്‍ 02 (1198 കന്നി 16) ഞായറാഴ്ച (ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്പ്പ്)
ദുർഗ്ഗാഷ്ടമി
2022 ഒക്ടോബര്‍ 03 (1198 കന്നി 17) തിങ്കളാഴ്ച

മഹാനവമി, ആയുധപൂജ

2022 ഒക്ടോബര്‍ 04 (1198 കന്നി 18) ചൊവ്വാഴ്ച വൈകിട്ട്
വിജയദശമി, പൂജയെടുപ്പ്
2022 ഒക്ടോബര്‍ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെ പൂജയെടുപ്പ്. പൂജയെടുപ്പിനുശേഷം വിദ്യാരംഭം.
വിദ്യാരംഭം
2022 ഒക്ടോബര്‍ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെ
09.07 വരെ ഉത്തമം. അതിൽ തന്നെ രാവിലെ 07.14 വരെ അത്യുത്തമം

പൂജവയ്പ്പിന്റെ ജ്യോതിഷ നിയമം
അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവയ്ക്കണം. പൂജയെടുപ്പ് – വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.

വിദ്യാരംഭം ക്ഷേത്രത്തിൽ അത്യുത്തമം
കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാം ഭാവത്തിൽ വ്യാഴവും അതോടൊപ്പം ഈ മൂന്ന് ഗ്രഹങ്ങൾക്കും മൗഢ്യമില്ലാതെയും നിൽക്കുന്ന സാരസ്വതയോഗം ഈ വർഷവും ലഭ്യമല്ലാത്തതിനാൽ വിദ്യാരംഭം ക്ഷേത്രങ്ങളിൽ തന്നെ ചെയ്യുന്നതാണ് അത്യുത്തമം. ബുധനാഴ്ചയിലെ സൂര്യോദയം മുതൽ ഒരു മണിക്കൂർ വരെയുള്ള ബുധ കാലഹോരയിൽ എല്ലാ ആഴ്ചകളിലെയും എന്നതിലുപരി ഈ ദിവസം ബുധൻ അതീവബലവാനായി നിൽക്കുന്നു. അതിനാൽ രാവിലെ 07:14 വരെയുള്ള വിദ്യാരംഭം അത്യുത്തമം ആയിരിക്കും.

ഓഫീസ്സുകളും മറ്റും ഒഴിവാക്കണം
ഗണപതിയുടെയും സരസ്വതിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും കടാക്ഷമുള്ള ക്ഷേത്രത്തില്‍ മാത്രം വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. ഓഫീസ്സുകളിലും മറ്റും കച്ചവട സമ്പ്രദായത്തിലോ നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കി സ്വന്തം വീട്ടിലും രാവിലെ 09.07 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം ചെയ്യാവുന്നതാണ്. തിരക്കേറിയ ക്ഷേത്രങ്ങളിൽ മുഹൂർത്തസമയം ചിലപ്പോൾ പാലിക്കാൻ സാധിച്ചെന്ന് വരില്ല. ക്ഷേത്രങ്ങളിലെ മുഹൂർത്ത ആചാരങ്ങൾ നമ്മൾ പരാതിയില്ലാതെ പാലിക്കാൻ ശ്രമിക്കണം.

ഇത്തവണ പൂജയെടുപ്പ് നാലാം ദിവസം
കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ അതായത് വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറു നാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാല്‍ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് അടുത്ത മാസത്തിലാകാം. 2015 ൽ വിജയദശമി തുലാം മാസത്തിലായിരുന്നു. 2018 ലെ വിദ്യാരംഭവും തുലാം മാസത്തിലായിരുന്നു. 2019ലെ വിദ്യാരംഭം കന്നിയിൽ ആയിരുന്നു. ഈ വര്‍ഷത്തെ പൂജയെടുപ്പ് നാലാം ദിവസം ആകുന്നു. ക്ഷേത്രങ്ങളിൽ പൂജവയ്പ്പ്, വിദ്യാരംഭം ഇവ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവക്കാൻ ശ്രമിക്കാവുന്നതാണ്.

മുഹൂര്‍ത്തഗണനം നടത്താതെ ചെയ്യാം
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താം. ക്ഷേത്രങ്ങളിലും സ്വന്തം വീട്ടിലും മാത്രമാണ് മുഹൂർത്തം നോക്കാതെ വിജയദശമി ദിവസം വിദ്യാരംഭം നടത്താവുന്നത്. നിത്യനിദാനവും നിത്യപൂജയുമില്ലാത്ത മറ്റൊരു സ്‌ഥലത്ത്‌ വിദ്യാരംഭം നടത്തണമെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ നക്ഷത്രവുമായുള്ള ശുഭമുഹൂർത്തം നോക്കുകതന്നെ ചെയ്യണം.

സ്വര്‍ണ്ണമോതിരം കൊണ്ട് എഴുതിക്കണം
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് “ഹരിശ്രീ ഗണപതയേ നമഃ എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം. മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്.

ഓച്ചിറ പരബ്രഹ്മക്ഷേത്രം മാതൃക
നിർഭാഗ്യവശാൽ ക്ഷേത്രഭാരവാഹികളും ശാന്തിക്കാരും പൊതുവെ വിശ്വാസികൾ നിശ്ചയിച്ച ആളെക്കൊണ്ട് വിദ്യാരംഭം നടത്തണമെന്ന ആവശ്യം പല കാരണങ്ങളാൽ സാധിച്ചുതരാറില്ല. ക്ഷേത്രത്തിലെ രസീത്, സംഭാവന എന്നിവയും ശാന്തിക്കാരുടെ ദക്ഷിണയും ആയിരിക്കാം ഇത് കാണുന്നത്. എന്നാൽ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ അറിവിൽ കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ മാത്രമാണ് രസീത് എഴുതി വിശ്വാസികൾക്ക് ബന്ധുവിനെക്കൊണ്ട് വിദ്യാരംഭം കുറിപ്പിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തിട്ടുള്ളത്.
വിദ്യാരംഭം സ്വന്തം വീട്ടിലെ പൂജാമുറിയിലായാലും ശുഭപ്രദം തന്നെയാകുന്നു.

അനിൽ വെളിച്ചപ്പാടൻ

+91 94971 34134
(Anil Velichappadan, Uthara Astro Research Center https://uthara.in )

Story Summary: Saraswati Pooja 2022

error: Content is protected !!
Exit mobile version