Friday, 22 Nov 2024

സോമപ്രദോഷ നാളിൽ ശിവനാമം ജപിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. അതിൽത്തന്നെ പ്രധാനമാണ് തിങ്കൾ, ശനി പ്രദോഷ വ്രതങ്ങൾ. 2022 നവംബർ 21 തിങ്കളാഴ്ച പ്രദോഷമാണ്. സോമപ്രദോഷം എന്നറിയപ്പെടുന്ന ഈ ദിവസം വ്രതം നോറ്റാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവയുടെ ദുരിതകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമമത്രേ.

ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യയിലെ ശിവപൂജ, ക്ഷേത്ര ദർശനം എന്നിവ പുണ്യദായകമാണ്. അന്ന് വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷ ദിവസം പഞ്ചാക്ഷരി ജപവും ശിവക്ഷേത്രദർശനവും നടത്തി സ്വന്തം കഴിവിനൊത്ത വഴിപാട് നടത്തുന്നത് ഭഗവത് കൃപയേകും. പ്രദോഷ സന്ധ്യയിൽ ക്ഷേത്ര ദർശനം കഴിഞ്ഞില്ലെങ്കിലും ശിവഭജനം മുടക്കരുത്. സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ ലഭിക്കും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് വളരെ വിശേഷമാണ്. കഴിയുന്നത്ര തവണ ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവാഷ്ടോത്തരം എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നു എന്നാണ് പ്രദോഷ വ്രതഅനുഷ്ഠാനത്തെ പറ്റിയുള്ള ഒരു വിശ്വാസം.

ഈ ദിനത്തില്‍ വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നതിലൂടെ സകല പാപങ്ങളും നശിക്കും. വ്രതമെടുക്കുന്നവർ പ്രദോഷത്തിന്റെ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻവിളക്ക്, ജലധാര എന്നിവ നടത്തുക.

അന്ന് പകൽ മുഴുവൻ ഉപവാസം വളരെ നല്ലത്. അതിന് കഴിയാത്തവർ ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ചോറു വാങ്ങി കഴിക്കണം.

കൃഷ്ണപക്ഷത്തിൽ ശനിപ്രദോഷത്തിനും തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും മഹാത്മ്യമേറും. ആദിത്യദശാ കാലമുള്ളവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ട ദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും ഫലപ്രദവുമായിരിക്കും. പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു മഥനം. സര്‍വ്വ ദേവന്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ഇത് നടന്നത്.

പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വാസുകി അതിനിടെ വിഷം ഛർദ്ദിക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി. ലോകത്തെ സര്‍വ്വ ചരാ ചരങ്ങളേയും നശിപ്പിക്കാന്‍ പോന്നതായിരുന്നു വിഷം. ഈ സങ്കടത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഭക്തർ ശിവനെ ധ്യാനിച്ചു. ലോകത്തിന്‍റെ നന്മ ആഗ്രഹിച്ച് ശിവന്‍ കൊടിയ കാളകൂട വിഷം ഏറ്റുവാങ്ങി ഭക്ഷിച്ചു. ആ വിഷം ഭഗാവാനെ പോലും നശിപ്പിക്കാൻ ശക്തിയുള്ളതാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതി ദേവി വിഷം ഭഗവാന്‍റെ ഉള്ളിൽ ഇറങ്ങാതിരിക്കാന്‍ കണ്ഠത്തിൽ ശക്തിയായി പിടിച്ചു. അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഠത്തില്‍ കട്ടയായി. അതോടെ കണ്ഠം നീല നിറമായി. ഭഗവാന്‍ ലോകരക്ഷ എന്ന കര്‍മ്മമാണ് സ്വരക്ഷ മറന്നും നിറവേറ്റിയതെന്നാണ് വിശ്വാസം.

അതിനു ശേഷം ഭഗവാന്‍ വാഹനമായ നന്ദിയുടെ ശിരസിൽ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നു എന്നാണ് വിശ്വാസം. ഈ ദിവസം തിരുനീലകണ്ഠം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിക്കും. കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊടിയവിഷം പോലും കുടിക്കാന്‍ പ്രേരിപ്പിച്ചത്.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Importance of Soma Pradosha Vritham.

error: Content is protected !!
Exit mobile version