Saturday, 31 Aug 2024

ഈ സ്‌തോത്രം എന്നും ജപിക്കുക; എല്ലാ ഐശ്വര്യങ്ങളും വന്നു കയറും

തരവത്ത് ശങ്കരനുണ്ണി
ഐശ്വര്യദേവതയായ മഹാലക്ഷ്മിയെ നിത്യവും അഷ്ടലക്ഷ്മീസ്‌തോത്രം ജപിച്ച് ആരാധിച്ചാൽ എല്ലാ വിധമായ ഐശ്വര്യങ്ങളും നമുക്ക് കരഗതമാകും.

ലക്ഷ്മി ദേവിയെ എട്ട് രൂപ ഭാവങ്ങളിൽ ആരാധിക്കുന്നു. ആദിലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, അഥവാ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധനലക്ഷ്മി, വിദ്യാലക്ഷ്മി എന്നീ രൂപ ഭാവങ്ങളിലാണ് ഐശ്വര്യ ദേവതയെ ആരാധിക്കുന്നത്. ഈ ഭാവങ്ങൾ എല്ലാം ചേർന്നതാണ് അഷ്ടലക്ഷ്മി എന്നു പറയുന്നത്.

വൈകുണ്ഠത്തിൽ വസിക്കുന്ന ലക്ഷ്മീരൂപമാണ് ആദിലക്ഷ്മി. സൂര്യ ദേവന് പ്രകാശം നൽകുന്നത് പോലും ആദിലക്ഷ്മിയാണ്. അങ്ങനെ ആദിലക്ഷ്മി ഒരോ ഭക്തർക്കും ജീവനും ശാന്തിയും നൽകുന്നു. ധാന്യലക്ഷ്മി നമുക്ക് നല്ല ഭക്ഷണവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കുന്നു. ധൈര്യലക്ഷ്മി ധൈര്യവും ശക്തിയും നൽകുന്നു. പാലാഴിമഥന സമയത്ത് ഉയർന്നു വന്ന ലക്ഷ്മീരൂപമാണ് ഗജലക്ഷ്മി. കയ്യിൽ താമരയും ഇരുവശത്തും ആനകളും ഈ ദേവീ രൂപത്തിൽ കാണാം. ദീർഘായുസും ബുദ്ധിയുമുള്ള സന്താനങ്ങളെ നൽകി സന്താനലക്ഷ്മി ഭക്തരെ അനുഗ്രഹിക്കുന്നു. ജീവിത പ്രതിസന്ധികളിൽ വിജയം നേടാൻ സഹായിക്കുന്ന ദേവിയാണ് വിജയലക്ഷ്മി. ധനലക്ഷ്മി സമ്പത്ത് നൽകി നമ്മെ അനുഗ്രഹിക്കുന്നു.

ഇങ്ങനെ എട്ടു രൂപങ്ങളിലുള്ള ലക്ഷ്മീദേവിയെ ആരാധിക്കുവാൻ വേണ്ടിയുള്ളതാണ് അഷ്ടലക്ഷ്മി സ്‌തോത്രം. സർവൈശ്വര്യമാണ് അഷ്ട ലക്ഷ്മി ഉപാസനയുടെ ഫലം. നിത്യ പ്രാർത്ഥനയുടെ ഭാഗമായി ഒരു നേരമെങ്കിലും ഇത് ജപിക്കുന്നത് ഉത്തമമാണ്. അഷ്ടലക്ഷ്മീസ്‌തോത്രം താഴെകൊടുക്കുന്നു.

ആദിലക്ഷ്മി
സുരഗണ വന്ദിത സുന്ദരിമാധവി
ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിതമോക്ഷപ്രദായിനി
മജ്ജുള ഭാഷിണി വേദനുതേ
പങ്കജവാസിനി വേദസുപൂജിത
സദ്ഗുണവർഷിണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ആദിലക്ഷ്മി ജയ പാലയമാം

ധാന്യലക്ഷ്മി
അയികലികല്മഷനാശിനികാമിനി
വൈദിക രൂപിണിവേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി
മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
ധാന്യലക്ഷ്മി ജയ പാലയമാം

ധൈര്യലക്ഷ്മി
ജയവര വർണ്ണിനി വൈഷ്ണവി
ഭാർഗ്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയ ഹാരിണി പാപവിമോചിനി
സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
ധൈര്യലക്ഷ്മി ജയ പാലയമാം

ഗജലക്ഷ്മി
ജയ ജയ ദുർഗതിനാശിനികാമിനി
സർവ്വഫലപ്രദശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത
പരിജനമണ്ഡിതലോകനുതേ
ഹരിഹരബ്രഹ്മസുപൂജിതസേവിത
താപനിവാരിണി പാദയുതേ
ജയജയഹേ മധുസൂദനകാമിനി
ശ്രീഗജലക്ഷ്മി പാലയമാം

സന്താനലക്ഷ്മി
അയിഖഗവാഹിനി മോഹിനി ചക്രിണി
രാഗവി വർദ്ധിനിജ്ഞാനമയേ
ഗുണഗണവാരിധിലോകഹിതൈഷിണി
സപ്തസ്വരായുധഗാനയുതേ
സകലസുരാസുരദേവമുനീശ്വര
മാനവ വന്ദിതപാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
സന്താനലക്ഷ്മി പാലയമാം

വിജയലക്ഷ്മി
ജയകമലാസനി സദ്ഗതിദായിനി
ജ്ഞാനവികാസിനി രാഗമയേ
ˆ അനുദിനമർച്ചിത കുങ്കുമധൂസര
ഭൂഷിതവാസിതവാദ്യനുതേ
കനകധരാസ്തുതി വൈഭവവന്ദിത
ശങ്കരദേശികമാന്യപ്രദേ
ജയ ജയ ഹേ മധുസൂദനകാമിനി
വിജയലക്ഷ്മിജയപാലയമാം

വിദ്യാലക്ഷ്മി
പ്രണതസുരേശ്വരിഭാരതി ഭാർഗ്ഗവി
ശോകയിനാശിനിനി രത്‌നമയേ
മണിമയഭൂഷിതകർണ്ണവിഭൂഷണ
ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനികലിമലഹാരിണി
കാമ്യഫലപ്രദഹസ്തയുതേ
ജയ ജയ ഹേമധുസൂദനകാമിനി
വിദ്യാലക്ഷ്മി പാലയമാം

ധനലക്ഷ്മി
ധിമിധിമിധിംധിമിധിംധിമി
ധിം ധിമിദുന്ദു ഭി നാദസുപൂർണ്ണമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും
ശംഖനിനാദസുവാദ്യയുതേ
വേദപുരാണിതിഹാസസുപൂജിതേ
വൈദികമാർഗ്ഗപ്രദർശയുതേ
ജയ ജയ ഹേമധുസൂദനകാമിനി
ശ്രീധനലക്ഷ്മി പാലയമാം

തരവത്ത് ശങ്കരനുണ്ണി
+ 91 9847118340

Story Summary: Ashta Lakshmi Stotram for Prosperity

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version