Wednesday, 3 Jul 2024

ഈ 16 ദിവ്യനാമങ്ങൾ ജപിച്ച്തു ടങ്ങുന്നതെല്ലാം വിജയം വരിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്
സ്കന്ദപുരാണത്തിൽ ഗണപതി ഭഗവാന്റെ 16 ദിവ്യനാമങ്ങൾ വ്യാസ മഹാമുനി വർണ്ണിച്ചിട്ടുണ്ട്. ഏത് ശുഭകർമ്മങ്ങളുടെ ആരംഭത്തിലും ഈ ദിവ്യനാമങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചാൽ എല്ലാവിധ ഐശ്വര്യവും വിജയവും ലഭിക്കും. ശുഭകർമ്മങ്ങൾ എന്ന് പറയുമ്പോൾ വിദ്യാരംഭം, വിവാഹം, ഗൃഹപ്രവേശം, ഗൃഹനിർമ്മാണ ആരംഭം, പുതിയ സംരംഭങ്ങളുടെ തുടക്കം, സ്ഥാപനങ്ങളുടെ ശുഭാരംഭം എന്നിവയെല്ലാം അതിൽ ഉൾപ്പെടും. മത്സര പരീക്ഷയിൽ പങ്കെടുക്കാൻ പോകുമ്പോഴും യാത്ര പോകുമ്പോഴും ചിട്ടിയും മറ്റും ലേലം വിളിക്കാൻ ഒരുങ്ങുമ്പോഴും വ്യവഹാരത്തിന് നീങ്ങുമ്പോഴും ഗണേശഭഗവാന്റെ ഈ ദിവ്യനാമങ്ങൾ ജപിക്കുന്നത് നല്ലതു തന്നെ. തടസങ്ങളെല്ലാം നീങ്ങി ജീവിതവും നവസംരംഭങ്ങളും ഐശ്വര്യ സമൃദ്ധമാകും.

ഐശ്വര്യ പൂർണ്ണമായ മുഖത്തോട് കൂടിയ, ഒറ്റക്കൊമ്പനായ, സ്വർണ്ണ നിറമുള്ള, ആനയുടെ ചെവിയുള്ള, വലിയ വയറുള്ള, ആഹ്ലാദം നൽകുന്ന, തടസങ്ങളുടെ രാജാവായ, അഗ്നിയെപ്പോലെ ജ്വലിക്കുന്ന, ഭൂതഗണങ്ങളിൽ പ്രഥമനായ, ശിരസിൽ ബാലചന്ദ്രനെ ചൂടിയ, ആനയുടെ മുഖമുള്ള, വളഞ്ഞ തുമ്പിക്കൈയുള്ള, മുറം പോലെ വലിയ ചെവിയുള്ള, ആശ്രയിക്കുന്നവരെ അനുഗ്രഹിക്കുന്ന, സുബ്രഹ്മമണ്യന്റെ ജ്യേഷ്ഠനായ, ഭീമമായ ശരീരമുള്ള ഗണപതി ഭഗവാനെയാണ് ഈ 16 ദിവ്യനാമങ്ങളിൽ കീർത്തിച്ച് നമിക്കുന്നത്.

ഗണേശ ഷോഡശ നമാവലി

ഓം സുമുഖായ നമ:
ഓം ഏകദന്തായ നമ:
ഓം കപില വർണ്ണായ നമ:
ഓം ഗജകർണ്ണായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്നരാജായ നമ:
ഓം ധൂമകേതുവേ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം ബാലചന്ദ്രായ നമ:
ഓം ഗജാനനായ നമ:
ഓം വക്രതുണ്ഡായ നമ:
ഓം ശൂർപ്പകർണ്ണായ നമ:
ഓം ഹേരംബായ നമ:
ഓം സ്കന്ദപൂർവ്വജായ നമ:
ഓം ഗജവക്ത്രായ നമ:

ജ്യോതിഷരത്നം വേണു മഹാദേവ്, Mobile: +91 98474 75559

error: Content is protected !!
Exit mobile version