ഈ 3 നക്ഷത്രജാതർക്ക് എപ്പോഴുമുണ്ട് സുബ്രഹ്മണ്യന്റെ പ്രത്യേക അനുഗ്രഹം
ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ
സുബ്രഹ്മണ്യന്റെ പ്രത്യേക അനുഗ്രഹമുള്ളവരാണ് വിശാഖം, പൂയം, കാർത്തിക നക്ഷത്രങ്ങളിൽ ജനിക്കുന്നവർ. ഇക്കൂട്ടർ വിധി പ്രകാരം പതിവായി ശ്രീ മുരുകനെ ആരാധിച്ചാൽ ജീവിതത്തിൽ ധാരാളം ഭാഗ്യാനുഭവങ്ങളും നിരന്തരം ഉയർച്ചയും ഉണ്ടാകും. സുബ്രഹ്മണ്യ ഭഗവാന്റെ അവതാരവും ശ്രേഷ്ഠമായ സംഭവങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണ് വിശാഖം, പൂയം, കാർത്തിക എന്നിവ മുരുക ഭക്തർക്ക് പുണ്യ നക്ഷത്രങ്ങളായത്.
വിശാഖം ഭഗവാന്റെ ജന്മ നക്ഷത്രമാണ്. പൂയം പാർവതി ദേവി മുരുകന് വേൽ സമ്മാനിച്ച ദിവസമാണ്. ഷൺമുഖന് സ്തന്യം നൽകിയ കൃത്തികാ ദേവിമാരുടെ നക്ഷത്രമാണ് കാർത്തിക. ഈ 3 നക്ഷത്ര ദിനങ്ങളിലും മുരുകനെ ഉപാസിച്ചാൽ ക്ഷിപ്രഫലം ലഭിക്കുമെന്നാണ് വിശ്വാസവും അനുഭവവും. ചന്ദ്രന് ഏറ്റവുമധികം ബലം സിദ്ധിക്കുന്നത് പൗർണ്ണമി ദിവസമാണ്. പൂയം നക്ഷത്രവും പൗർണ്ണമിയും ഏറെക്കുറെ യോജിച്ചു വരുന്ന ദിനമാണ് മകരത്തിലെ തൈപ്പൂയം. ഈ ദിവസം വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുകയും സുബ്രഹ്മണ്യ കീർത്തനങ്ങൾ ജപിക്കുകയും ചെയ്താൽ തീർച്ചയായും ആഗ്രഹസാഫല്യം കൈവരും. 2023 ഫെബ്രുവരി 5 നാണ് ഇത്തവണ തൈപ്പൂയ മഹോത്സവം. ആഗ്രഹസാഫല്യം നേടുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കുന്നതിനും പ്രണയസാഫല്യം നേടുന്നതിനും ഗൃഹ സംബദ്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മന:ശാന്തിക്കുമെല്ലാം തൈപ്പൂയ നാളിലെ ഷൺമുഖ ഉപാസന ഉപകരിക്കും. മനോമാലിന്യങ്ങളെല്ലാം അകന്നു പോയി മനസ് ശുദ്ധമാകുന്നതിനും സുബ്രഹ്മണ്യ ഉപാസന ഉത്തമമാണ്.
സുബ്രഹ്മണ്യ ഭഗവാന അനേകം നാമങ്ങളുണ്ട്. ശിവ രേതസ് സ്ഖലിച്ച് ഉണ്ടായത് കൊണ്ട് സ്കന്ദനെന്നും അഗ്നിയുടെ പുത്രനായതുകൊണ്ട് മഹാസേനൻ എന്നും മഹത്തായ ജ്ഞാനം സ്വരൂപമായിരിക്കുന്നതു കൊണ്ട് സുബ്രഹ്മണ്യനെന്നും കൗമാര ഭാവത്തിൽ ഇരിക്കുന്നത് കൊണ്ട് കുമാരനെന്നും കൃത്തികാ ദേവിമാർ സ്ത്യന്യം നൽകി വളർത്തിയത് കൊണ്ട് കാർത്തികേയൻ എന്നും ശരവണ പൊയ്കയിൽ ജാതനായതുകൊണ്ട് ശരവണൻ എന്നും 6 മുഖങ്ങളോടു കൂടിയവൻ ആയതുകൊണ്ട് അറുമുഖൻ എന്നും പറയുന്നു. കുമാരൻ എന്നതിൻ്റെ പ്രാദേശിക രൂപമാണ് മുരുകൻ. പാർവ്വതി നൽകിയ ശക്തി എന്ന വേലായുധം എപ്പോഴും മാറോടു ചേർത്തു പിടിച്ചിരിക്കുന്നതു കൊണ്ട് ശക്തിധരൻ, വേലായുധൻ എന്നീ പേരുകൾ ഭഗവാനുണ്ട്.
സുബ്രഹ്മണ്യൻ്റെ ജൻമനക്ഷത്രമായ വിശാഖം നക്ഷത്രത്തിൽ സ്കന്ദനെ ആരാധിച്ചാൽ എതിരാളികൾ നിഷ്പ്രഭരാകും. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള സാമർത്ഥ്യമുണ്ടാകും. കൃത്തികാ ദേവിമാർ എടുത്തു വളർത്തിയതുകൊണ്ട് കാർത്തികയും മുരുകന് പ്രധാനപ്പെട്ടതാണ്. അഗ്നിനക്ഷത്രമായ കാർത്തികയിൽ സ്കന്ദനെ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങളെല്ലാം നശിക്കും. ജ്ഞാനവും വിവേകവും വർദ്ധിക്കും. ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും, ഭൂമി സംബന്ധമായ പ്രശ്നങ്ങളുള്ളവരും ഈ ദിവസം സുബ്രഹ്മണ്യനെ ഭജിക്കണമെന്ന് പറയുന്നത്. അങ്ങനെ ഭജിച്ചാൽ ഭൂമി സംബന്ധമായ എല്ലാ ദോഷഫലങ്ങളും അകന്നു പോകും. സുബ്രഹ്മണ്യനെ ഭജിക്കാൻ ഉത്തമമായ ചില മന്ത്രങ്ങൾ :
സുബ്രഹ്മണ്യമൂലമന്ത്രം
ഓം വചത്ഭുവേ നമഃ
(ഈ മൂല മന്ത്രം വളരെയധികം ഫലസിദ്ധി ഉള്ളതാണ്.
വിദ്യാവിജയത്തിനും അത്യുത്തമം. വ്രതനിഷ്ഠയോടെ ജപിക്കുക)
സുബ്രഹ്മണ്യ ഗായത്രി
1
ഓം തത്കുമാരായ വിദ്മഹേ
കാർത്തികേയായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
(ഈ മന്ത്രം ദാമ്പത്യ സൗഖ്യത്തേയും
സന്താനലാഭത്തെയും പ്രദാനം ചെയ്യും നിത്യം
41 തവണ ജപിക്കുക)
2
ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
(ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ്
നിത്യവും 108 തവണ ജപിക്കുക)
അഭീഷ്ടസിദ്ധിക്ക് മുരുക മന്ത്രങ്ങൾ
1
ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതീം ദിവ്യമയൂര വാഹനം
രുദ്രസ്യസൂനും സുര സൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
2
ശക്തിഹസ്തം വിരൂപാക്ഷം
ഗിഖിവാഹം രിപുരോഗഘ്നം
ഭാവയേകുക്കുട ധ്വജ
(ഈ മന്ത്രങ്ങൾ വ്രതനിഷ്ഠകൂടാതെ ജപിക്കാം. ആപത്തിൽ നിന്നും മോചനവും ആഗ്രഹസാഫല്യവും ഉണ്ടാകും )
ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ, +91 9447865011
Summary : Significance of Vishakam, pooyam and Karthika Nakshatram in Subramaniaya Upasana,