Monday, 30 Sep 2024

ഈ 4 നക്ഷത്രക്കാർ ശാസ്താവിനെ ഭജിച്ചാൽ സദ്ഫലം വർദ്ധിക്കും

ശനിദോഷ നിവാരണത്തിന് ഏറ്റവും നല്ല പരിഹാരം ധർമ്മശാസ്താവിനെ ആരാധിക്കുകയാണ്. ശനിയാഴ്ചകളും ഉത്രം നക്ഷത്രവും വൃശ്ചികം ഒന്നിന് തുടങ്ങുന്ന മണ്ഡല – മകര വിളക്ക് മഹോത്സവ കാലവുമാണ് ശ്രീ ധർമ്മശാസ്താവിനെ ഉപാസിക്കുവാൻ ഏറ്റവും നല്ലത്. ഈ സമയത്ത് അയ്യപ്പസ്വാമിയെ ആരാധിച്ചാൽ കൂടുതൽ ഫലസിദ്ധി അതിവേഗം ലഭിക്കുന്നത് അനേകം ഭക്തരുടെ അനുഭവമാണ്. നവഗ്രഹങ്ങളിൽ ദുരിത കാരകൻ ശനിയാണ്. ഏകദേശം രണ്ടര വർഷമാണ് ശനി ഒരു രാശിയിൽ സഞ്ചരിക്കുന്നത്. നമ്മൾ ജനിച്ച രാശിയിലും അതിന്റെ രണ്ടിലും പന്ത്രണ്ടിലും ശനി സഞ്ചിക്കുമ്പോഴാണ് ഏറ്റവും ദുരിതകാലമായ ഏഴര ശനി. 2022 ഏപ്രിൽ 28 വരെ ശനി മകരം രാശിയിലാണ്. അപ്പോൾ ധനു, മകരം, കുംഭം രാശികളിൽപ്പെട്ട മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രക്കാർ ഏഴര ശനിദോഷത്തിലാണ്. ശനി 4, 7, 10 ഭാവങ്ങളിൽ സഞ്ചരിക്കുന്ന തുലാം, കർക്കടകം, മേടം ജന്മരാശിക്കാരായ ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം, അശ്വതി, ഭരണി, കാർത്തിക ആദ്യപാദം നക്ഷത്രക്കാർക്ക് കണ്ടക ശനിദോഷ കാലമാണ്. ഇതിൽ തുലാം രാശിക്കാർക്ക് ശനിയുടെ ഉച്ചക്ഷേത്രമായതു കൊണ്ടും മകരത്തിലെ ശനിക്ക് തുലാം രാശിയിലേക്ക് ദൃഷ്ടി ഉള്ളതു കൊണ്ടും ദോഷകാഠിന്യം കുറയും. മിഥുനം രാശിയിലെ മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ നക്ഷത്രജാതർക്ക് അഷ്ടമശനി കാരണം ദേഹാരിഷ്ടത ഫലമാകുന്നു. ഇതു കൂടാതെ ചിലർക്ക് 19 വർഷം ശനി മഹാദശയും അനുഭവിക്കേണ്ടി വരും. ഇതിനെല്ലാമുള്ള മികച്ച പരിഹാരം ധർമ്മശാസ്താ പൂജയാണ്. ശനി ദുരിത കാരകനാണെങ്കിലും ചിലർക്ക് യോഗ കാരകനുമാണ്. ഇടവം, തുലാം, മകരം, കുംഭം രാശികൾ ലഗ്നമായി ജനിച്ചവർക്കാണ് ശനിയോഗ കാരകൻ ആകുന്നത്. ഇവർ പതിവായി ശനിയുടെ ദേവതയായ ശാസ്താവിനെ പ്രാർത്ഥിച്ചാൽ സദ്ഫലങ്ങൾ ലഭിക്കും. ശനി നക്ഷത്രാധിപനായിട്ടുള്ള പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവരും അയ്യപ്പന്റെ നക്ഷത്രമായ ഉത്രത്തിൽ പിറന്നവരും പതിവായി ധർമ്മശാസ്താവിനെ പൂജിച്ചാൽ ധാരാളം സദ്ഫലങ്ങൾ ലഭിക്കും നിഷ്ഠയോടെ പതിവായി നിശ്ചിത തവണ ഭജിച്ചാൽ അതിവേഗം ഫലം ലഭിക്കുന്ന ധർമ്മശാസ്താവിന്റെ 8 ദിവ്യ മന്ത്രങ്ങൾ ഇവിടെ ചേർക്കുന്നു. ഇത് പതിവായി ജപിച്ചാൽ ശത്രുദോഷവും തടസങ്ങളും അകന്ന് മന:ശാന്തിയും പുരോഗതിയുമുണ്ടാകും. എന്നും രാവിലെ ശാസ്താവിന്റെ മൂലമന്ത്രം ജപിച്ച ശേഷം ഈ എട്ടു മന്ത്രങ്ങളും 41 തവണ ജപിക്കുക:

മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

അഷ്ടമന്ത്രങ്ങൾ
ഓം ഗോപ്ത്രേ നമഃ
ഓം പിംഗളായ നമഃ
ഓം വീരസേനായ നമഃ
ഓം ശാംബവായ നമഃ
ഓം ത്രിനേത്രായ നമഃ
ഓം ത്രിശൂലിനേ നമഃ
ഓം ദക്ഷായ നമഃ
ഓം ഭീമരൂപായ നമഃ

ഡോ. രാജേഷ്,
+91 90377 48752

error: Content is protected !!
Exit mobile version