Monday, 25 Nov 2024

ഉമാ മഹേശ്വര പ്രീതിക്ക് ഇടവത്തിലെ പൗർണ്ണമി; മംഗല്യം, ദാമ്പത്യ ഭദ്രത നേടാം

മംഗള ഗൗരി
ദാമ്പത്യ ജീവിതത്തിലെ വിഷമങ്ങൾ പരിഹരിക്കാനും വിവാഹതടസങ്ങൾ മാറുന്നതിനും വിശേഷാൽ നല്ലതാണ്
ഇടവമാസത്തിലെ പൗർണ്ണമി. ഓരോ മാസത്തിലെയും പൗർണ്ണമി ആചരണത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി ശിവശക്തി പ്രധാനമാണ്. ഉമാ മഹേശ്വര പ്രധാനമായതിനാൽ ഈ ദിവസം ശിവ, ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതും വ്രതം നോൽക്കുന്നതും
അനുഗ്രഹദായകമാണ്. 2024 മേയ് 23 വ്യാഴാഴ്ചയാണ് ഇത്തവണ വൈശാഖ മാസത്തിലെ പൗർണ്ണമി. ഓരോ മാസവും പൗർണ്ണമി സന്ധ്യയിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.

എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല അനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്. പൗർണ്ണമിനാൾ വ്രതം നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും. മന:ശുദ്ധി, ശരീര ശുദ്ധി ഇവ പാലിച്ച് ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും ലളിതസഹസ്രനാമവും മറ്റും ചെല്ലണം. ഉത്തമമാണ്. ലളിതസഹസ്രനാമം മുഴുവൻ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമെങ്കിലും ചൊല്ലണം. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം; ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം; ആയിരം ശിവനാമത്തിനു തുല്യമാണ് ഒരു ദേവിനാമമെന്ന് ദേവീഭക്തർ വിശ്വസിക്കുന്നു. മാതൃ സ്വരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകല പാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം ആർക്കും തന്നെ വിവരിക്കാൻ കഴിയില്ല.

പൗർണ്ണമിവ്രതംം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക്‌ നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. ഇടവത്തിലെ പൗർണ്ണമി മംഗല്യ ഭാഗ്യത്തിനും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഉത്തമമായതിനാൽ പൗർണ്ണമി സന്ധ്യയ്ക്ക് ഉമാമഹേശ്വര സ്തോത്ര ജപം മുടക്കരുത്.

പാർവതീ പരമേശ്വരന്മാരെ ഒരുമിച്ചു ഭജിക്കാവുന്ന സ്തോത്രമാണ് ശങ്കരാചാര്യ വിരചിതമായ ഉമാമഹേശ്വര സ്തോത്രം. ഈ പൗർണ്ണമിക്ക് ശിവപാർവ്വതിമാരെ ഇത് ചൊല്ലി ഭജിച്ചാൽ സർവസൗഭാഗ്യങ്ങളും ദീർഘായുസ്സും മംഗളവും ഉണ്ടാകും എന്നാണു ഫലശ്രുതി. പൗർണ്ണമി സന്ധ്യയ്ക്കു നെയ് വിളക്ക് തെളിച്ച് അതിന് മുന്നിൽ ഇരുന്ന് ജപിക്കുന്നത് ഇരട്ടി ഫലപ്രദമാണ്. ഇതിനൊപ്പം ഏത് ദേവീ മന്ത്രവും സ്തോത്രവും അഷ്ടോത്തരവും ലളിതാ സഹസ്രനാമവും ജപിക്കാം. സ്വയംവരാർച്ചന, ഉമാ മഹേശ്വര പൂജ ഇവയാണ് ഈ ദിവസം നടത്താവുന്ന വഴിപാടുകളിൽ പ്രധാനം. മണക്കാട് ഗോപൻ ആലപിച്ച ഉമാമഹേശ്വര സ്തോത്രം കേൾക്കാം :


ദുർഗ്ഗാ ധ്യാനം
ദുർഗ്ഗാം ധ്യായതു ദുർഗ്ഗതി പ്രശമനീം
ദുർവ്വാദളശ്യാമളാം
ചന്ദ്രാർദ്ധോജ്ജ്വല ശേഖരാം
ത്രിനയനാമ പീതവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡ ബാണാംശയോർ –
മ്മുദ്രേ വാമഭയകാമദേ
സകടിബന്ധാ ഭീഷ്ടദാം വാ നയോ:

(ദുർഗ്ഗാദേവിയെ ഭജിക്കുന്ന ഈ ധ്യാനശ്ലോകം പൗർണ്ണമി ദിവസം 3 പ്രാവശ്യം ജപിക്കുക)

പ്രാർത്ഥനാ സ്തുതി
സർവമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രംബകേ ഗൗരീ
നാരായണീ നമോസ്തുതേ

ദുർഗ്ഗാ സ്തുതി
സർവ സ്വരൂപേ സർവേശേ
സർവ ശക്തി സമന്വിതേ
ഭയേഭ്യ സ്ത്രാഹിനോ ദേവി
ദുർഗ്ഗാ ദേവി നമോസ്തുതേ

Story Summary: Significance of Powrnami Vritham in Malayalam month Edavam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version