Monday, 8 Jul 2024

എട്ട് യാമങ്ങൾ അഷ്ട ലക്ഷിമാരുടെ ആവാസ നേരം; ആദ്യം വിദ്യാലക്ഷ്മീ യാമം

ദേവൻ
സരസ്വതീയാമം എന്നു കേൾക്കാത്തവരുണ്ടാകില്ല. സരസ്വതീയാമത്തെ ബ്രാഹ്മമുഹൂർത്തം എന്നു പറയാറുണ്ടെങ്കിലും,സൂര്യോദയത്തിനു 48 മിനിട്ടു മുൻപുള്ള സമയമാണത്. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളതു കൊണ്ട് സരസ്വതീ യാമം ബ്രാഹ്മ മുഹൂർത്തം ഇവയെപ്പറ്റി മിക്കവരും കേട്ടിട്ടുണ്ടാകും. എന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്.

ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് 3 മണിക്കൂർ. ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്.

പൊതുവിൽ പറഞ്ഞാൽ വെളുപ്പിന് 3 മണി മുതൽ 6 മണി വരെയാണ് സരസ്വതീയാമം.
കാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന സമയത്തിന് മാറ്റമുണ്ടാകും. ഉദയം 6:15 നാണെങ്കിൽ, സരസ്വതിയാമം തുടങ്ങുന്നത് 3:15 എന്നു കണക്കാക്കണം.

3 മണിക്കൂർ ദൈർഘ്യമുള്ള 8 യാമങ്ങൾ ചേർന്നതാണ് ഒരു ദിവസം. 8 യാമങ്ങൾ അഷ്ട ലക്ഷിമാരുടെ ആവാസ സമയമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആദ്യം വിദ്യാലക്ഷ്മിയുടെ യാമമാണ്. വിദ്യാലക്ഷ്മിയെ ആണ് സരസ്വതി എന്ന് പറയുന്നത്. അതിനാൽ സരസ്വതീയാമം എന്ന് ആദ്യയാമത്തെ പറയുന്നു:
സരസ്വതീ യാമം വെളുപ്പിന് 3 മുതൽ 6 വരെ.
ധനലക്ഷ്മി യാമം രാവിലെ 6 മുതൽ മുതൽ വരെ.
ആദിലക്ഷ്മി യാമം രാവിലെ 9 മുതൽ 12വരെ.
ധാന്യലക്ഷ്മീ യാമം പകൽ 12 മുതൽ 3 വരെ.
ഗജ ലക്ഷ്മി യാമം വൈകിട്ട് 3 മുതൽ 6 വരെ.
സന്താന ലക്ഷ്മി യാമം വൈകിട്ട് 6 മുതൽ രാത്രി 9 വരെ
വീരലക്ഷ്മീ യാമം രാത്രി 9 മുതൽ 12 വരെ
വിജയലക്ഷ്മീയാമം രാത്രി12 മുതൽ വെളുപ്പിന് 3 വരെ

മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവുമായിരിക്കുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. രാത്രിയുടെ നാലാം യാമത്തിൽതന്നെ നാം നിദ്ര വിട്ട് എഴുന്നേൽക്കണം. സൂര്യോദയത്തിനു മൂന്നു മണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നത്. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പു വരെ ബ്രാഹ്മമുഹൂർത്തം ഉണ്ട്. രാത്രിയുടെ അന്ത്യയാമം. (ഏഴരനാഴിക കൂടിയ സമയമാണ് ഒരു യാമം) പ്രഭാതക്കാലം. ‘സരസ്വതിയാമം’ എന്നു പറയും.

ഈ സമയം ബ്രഹ്മാവ് ഉണർന്നിരിക്കുന്നതിനാൽ സരസ്വതീദേവിയും ഉണർന്നിരിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു. അതിനാൽ ഈ സമയത്ത് ഉണരുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം . ഈ യാമത്തെ സരസ്വതിയാമം എന്നു പറയുന്നു. സരസ്വതി വിദ്യാദേവതയാണ്. ഈ സമയത്ത് എഴുന്നേറ്റു പഠിച്ചാൽ കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കാൻ കഴിയുമെന്ന് നമ്മുടെ പൂർവ്വികർ വിശ്വസിച്ചിരുന്നു.

രാത്രിയിലെ 4 യാമങ്ങൾ മറ്റു പേരുകളിലും അറിയപ്പെടുന്നു അവ പാർവതീയാമം, ദുർഗ്ഗായാമം, ഭദ്രകാളീയാമം, സാരസ്വതീയാമം എന്നിങ്ങനെയാണത്.

സൂര്യൻ അസ്തമിക്കുന്ന സമയം 6 മണി ആണെങ്കിൽ 6 മുതൽ രാത്രി 9 വരെ പാർവതിയാമം.
രാത്രി 9 മുതൽ രാത്രി 12 വരെ ദുർഗ്ഗായാമം
രാത്രി 12 മുതൽ വെളുപ്പിന് 3 വരെ ഭദ്രകാളീയാമം.
വെളുപ്പിന് 3 മുതൽ 6 വരെ സരസ്വതീയാമം

ഭദ്രകാളീ യാമത്തിനു മുൻപ് ഉറങ്ങണം – അതായത് രാത്രി 12 മണിക്ക് മുൻപേ ഉറങ്ങണം. സരസ്വതീയാമത്തിൽ ഉണരണം.അതായത് വെളുപ്പിന് 3 മണി കഴിഞ്ഞാൽ പിന്നെ ഉണർന്നിരിക്കുകയാണ് നല്ലത്. സൂര്യോദയത്തിനു മുൻപേ ഉണർന്നു കർമ്മനിരതരാകുക എന്നതാണ് ഏറ്റവും ശുഭകരം.(ഭദ്രകാളീയാമത്തിൽ താന്ത്രികഉപസകർക്ക് ഉണർന്നിരിക്കാൻ വിധിയുണ്ട്.)

ദേവൻ

Story Summary: Significance of Bhrama Muhurtham and different yaamas in a day

error: Content is protected !!
Exit mobile version