Friday, 5 Jul 2024

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് നിലവിളക്ക് കത്തിക്കുന്നത് ?

ജോതിഷി പ്രഭാസീന സി. പി

സന്ധ്യയക്ക് ദീപം കത്തിക്കുന്നതിന്റെ ആവശ്യകത എല്ലാവരും അംഗീകരിക്കുമെങ്കിലും സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് നിലവിളക്ക് ജ്വലിപ്പിക്കണമെന്ന പ്രമാണം എന്തിനാണ്? ഈ കൃത്യത പാലിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

ത്രിസന്ധ്യകളിലും (പ്രഭാതം, മാദ്ധ്യാഹ്നം, പ്രദോഷം) എന്നീ സന്ധ്യകളിൽ ദീപം കത്തിക്കേണ്ടതിന്റെ ആവശ്യകത, വിളക്ക് കൊളുത്തേണ്ട ദിശ, തിരികളുടെ എണ്ണം എന്നിവയെപ്പറ്റി എല്ലാം ആചാര്യൻമാർ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രദോഷ സന്ധ്യയിൽ ഒരു നാഴിക മുമ്പ് ദീപം കത്തിക്കണമെന്നും അവർ നിഷ്കർഷിക്കുന്നു.

എന്താണ് ഇതിന്റെ അടിസ്ഥാനം ?

സന്ധ്യയാകുന്നതോടെ അന്ധകാരം കടന്നുവരും. ഇരുൾ കടന്നുവരും. തമസ് കടന്നു വരും. അന്തരീക്ഷത്തിനൊപ്പം ഒരോ മനസിലും ഇരുൾ പരക്കും. അശുഭോർജ്ജം നിറയും. ഈ ഇരുളിനെ നെഗറ്റീവ് ഊർജ്ജത്തെ അശുഭത്തിന്റെ, തിൻമയുടെ ഒരു പ്രതീകമായാണ് ഏവരും സങ്കല്പിക്കുന്നത്. അപ്പോൾ ഇരുട്ട്, മൂതേവി അഥവാ മൂച്ചേട്ട കടന്നു വരും മുൻപേ വെളിച്ചം പരത്തുകയാണ് സന്ധ്യയ്ക്ക് ഒരു നാഴികമുമ്പേ വിളക്ക് കൊളുത്തുന്നതിന്റെ പിന്നിലെ തത്വം. അതുവഴി തിൻമയെ ഗൃഹത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, നൻമയുടെ പ്രതീകമായി കരുതിപ്പോരുന്ന പ്രകാശത്തെ, ശ്രീദേവിയെ വീട്ടിലേക്ക് ആവാഹിക്കാനാകും.

ഇതാണ് പൊതുവേയുള്ള സങ്കല്പമെങ്കിലും ഇതിനു പിന്നിൽ ഒരു പരമ്പരാഗത വിശ്വാസവും കുടികൊള്ളുന്നു. ഈ സങ്കല്പപ്രകാരം പ്രദോഷ സന്ധ്യയ്ക്ക് തൊട്ടു മുൻപ് അന്തരീക്ഷമാകമാനം ഒരു വിഷാംശം പടരും. സന്ധ്യയ്ക്ക് കൊളുത്തുന്ന നില വിളക്കിൽ നിന്നും പ്രസരിക്കുന്ന കിരണങ്ങൾ ഈ വിഷാംശത്തെ നശിപ്പിക്കും. ഈ ധാരണയും പ്രദോഷ സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം കത്തിക്കണമെന്ന വിശ്വാസത്തെ പ്രബലമാക്കുന്നു.

അതിനാൽ ഏവരും സന്ധ്യയാകുന്നതിന് ഒരു നാഴിക മുമ്പു തന്നെ ഗൃഹത്തിൽ നിലവിളക്ക് കൊളുത്തണം. ഒരു നാഴിക എന്നാൽ 24 മിനിട്ടാണ്. അസ്തമയത്തിന് ഇരുപത്തിനാല് മിനിട്ട് മുമ്പ് ഗൃഹത്തിൽ ദീപം ജ്വലിപ്പിക്കാനായാൽ ആ പ്രകാശ കിരണങ്ങൾ പരക്കുന്ന പ്രദേശത്തു നിന്നും വിഷാംശം ദുരീകരിക്കാൻ കഴിയും.

ജോതിഷി പ്രഭാസീന സി. പി

  • 91 9961442256
    Email ID: prabhaseenacp @gmail.com

Story Summary: Why do Hindus light lamp in front of deities before Sun set in the evening

error: Content is protected !!
Exit mobile version