Sunday, 6 Oct 2024

എന്തുകൊണ്ടാണ് ദേവിയെ
ദുർഗ്ഗയെന്ന് വിളിക്കുന്നത് ?

അശോകൻ ഇറവങ്കര
ദുർഗ്ഗമൻ എന്ന മഹാസുരനെ വധിച്ചതുകൊണ്ട് ദേവി, ദുർഗ്ഗ എന്ന പേരിൽ പ്രസിദ്ധമായി എന്നു മാർക്കണ്ഡേയ പുരാണത്തിൽ പറയുന്നു. ദുർഗ്ഗാദേവിയായിരിക്കുന്നവള്‍ ദുർഗ്ഗാ എന്നാണ് ലളിതാസഹസ്രനാമത്തിൽ ദേവിയെ വർണ്ണിക്കുന്നത് : നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഖഹന്ത്രീ സുഖപ്രദാ എന്നാണ് ഒരു ശ്ലോകത്തിൽ ദേവിയെ വർണ്ണിക്കുന്നത്.

ദേവീ മാഹാത്മ്യം ആധാരമായി സ്വീകരിച്ചാൽ, മുമ്പ് തന്നെ ദേവിക്ക് ദുർഗ്ഗ എന്ന പേരുണ്ടായിരുന്നതായി കാണാം : ദുർഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോ –
എന്നു തുടങ്ങി ദേവന്മാർ ദേവിയെ സ്തുതിക്കുന്ന ഭാഗം നാലാമദ്ധ്യായത്തിലുണ്ട്. ദുഖേന ഗമിക്കപ്പെടുന്നവൾ എന്ന് ഈ പദത്തെ ചില പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നു.

ദുർഗമമായതിനാൽ ദുർഗ്ഗ എന്നു മറ്റൊരർത്ഥവും പറയുന്നു. വനം, പർവ്വതം തുടങ്ങിയ ദുർഗമസ്ഥാനങ്ങളിൽ വസിക്കുന്നവൾ എന്ന് മറ്റൊരു വ്യാഖ്യാനമുണ്ട്. മഴയും വെയിലും വിഗ്രഹത്തിൽ വീഴുന്ന വനദുർഗ്ഗാ ക്ഷേത്രങ്ങൾ ധാരാളമുണ്ടല്ലോ. ദുഷ്ടന്മാരാൽ പോലും സ്തുതിക്കപ്പെടുന്നവൾ ദുർഗ്ഗ എന്നും വ്യാഖ്യാനമുണ്ട്.

ദുർഗാസി ദുർഗ ഭവസാഗരനൗകസംഗാ – ദുർഗ്ഗമമായ സംസാര സാഗരത്തെ തരണം ചെയ്യിക്കുന്നവളായത് കൊണ്ട് ദുർഗ്ഗ എന്ന പേരു വന്നു എന്ന് മറ്റൊരു വ്യാഖ്യാനം.

നവവർഷാ ഭവേത് ദുർഗ്ഗാ – ഒൻപതു വയസ്സുള്ള കന്യക എന്നും ദുർഗ്ഗാ ശബ്ദത്തിന് അർത്ഥം പറയുന്നുണ്ട്. കന്യകാ രൂപത്തിൽ പൂജിക്കപ്പെടുന്നവളാതിനാൽ ദുർഗ്ഗ എന്നും പേരുണ്ട്.

വാരണാസിയിൽ സുബാഹു രാജാവ് പ്രതിഷ്ഠിച്ച ദേവി, ദുർഗ്ഗാ എന്നറിയപ്പെടുന്നു. സുബാഹുവിന് ദേവി പ്രത്യക്ഷനായി വരദാനം അരുളിയപ്പോൾ അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുന്നതായി ദേവീഭാഗവതത്തിൽ പറയുന്നുണ്ട് – നഗരേത്ര ത്വയാ മാത: സ്ഥാതവ്യം സർവ്വദാശിവേ ദുർഗ്ഗാദേവീതി നാംനാവൈ ത്വം ശക്തിരിഹ സംസ്ഥിതാ .

ദുർഗമൻ എന്ന അസുരന്റെ പേരുതന്നെ ചിന്താർഹം ആണ് എന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. ദുഷ്ട മാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്നവനാണ് ദുർഗമൻ. ഓരോരുത്തരുടെയും മനസ്സിന്റെ പ്രതീകമായിട്ടാണ് ആചാര്യന്മാർ ദുർഗമൻ എന്ന പേരിനെ പറയുന്നത്. മനസ്സിനെ ദുർവ്യതിയാനാസക്തികളിൽ നിന്നും പിന്തിരിപ്പിച്ച് സന്മാർഗ്ഗ നിഷ്ഠയിൽ ഉറപ്പിക്കുന്നവളാണ് ദുർഗ്ഗ. അതുതന്നെയാണ് ദുർഗ്ഗാപൂജയുടെ മഹത്വവും.

ചുരുക്കിപ്പറഞ്ഞാൽ ദുർഗ്ഗ ഭക്തർക്ക് ഒരു കോട്ടയാണ് , ഒരു കവചമാണ് , സുരക്ഷിതമായ ഒരിടമാണ്, ദുർഗതികൾ നശിപ്പിക്കുന്നവളാണ്. ഇത്തരത്തിൽ ദുർഗ്ഗമങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നവളാകയാൽ ദേവിക്ക് ദുർഗ്ഗാ എന്നു നാമം ലഭിച്ചു എന്ന് തീർച്ചയായും കരുതാം.

അശോകൻ ഇറവങ്കര

Story Summary: How did Durga gets its name?

Tags

error: Content is protected !!
Exit mobile version