എന്ത് ചോദിച്ചാലും കിട്ടുന്ന പ്രദോഷം
മാസത്തിൽ രണ്ടു ത്രയോദശികൾ. ഒന്ന് കൃഷ്ണപക്ഷത്തിൽ; മറ്റേത് ശുക്ലപക്ഷത്തിൽ. ഇങ്ങനെ കറുത്തവാവിനും വെളുത്തവാവിനുംമുമ്പ് വരുന്ന . ത്രയോദശികളെയാണ് പ്രദോഷം എന്ന് പറയുന്നത്. പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനുംഅനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. ഈ ദിവസം ശനിയാഴ്ചകളിൽ വന്നാൽ അത് ഭക്തരുടെ മാഹാത്മ്യമേറിയ പുണ്യദിനമാകും. വരുന്ന മാർച്ച് 7, 21 തീയതികളിൽ അതിവിശേഷസുദിനമായ ശനി പ്രദോഷം വരുന്നുണ്ട്.മാർച്ച് 7 ന് വൈകിട്ട് 6.15 മുതൽ 8.40 വരെയും 21 ന് വൈകിട്ട് 6.16 മുതൽ 8.40 വരെയുമാണ് പ്രദോഷം. ഈ സമയത്താണ് വ്രതശുദ്ധിയോടെ ഭക്തർ ക്ഷേത്രങ്ങളിലുണ്ടാകണം. വൈകുന്നേരം നാലര അഞ്ചു മണി മുതലാണ് സന്ധ്യവേളപുണ്യകാലം.
ഈ സമയത്തുതന്നെ ക്ഷേത്രങ്ങളിൽ ആരാധനയും അഭിഷേകങ്ങളും നടത്തണം. ശിവലിംഗത്തോളം തന്നെ ശക്തി അതിനു മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്റെ അനുമതിയില്ലാതെ ശിവലിംഗ പ്രതിഷ്ഠയുള്ള ശ്രീകോവിലിലേക്ക് ആർക്കും പ്രവേശിക്കുവാൻ കഴിയില്ല; ആരാധിക്കുവാനും സാധിക്കില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത് മതി; അതിവേഗം ശിവ ഭഗവാൻ പ്രസാദിച്ചിരിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ നിമിഷങ്ങൾക്കകം ശിവ പ്രസാദമുണ്ടാകും. കാര്യസാദ്ധ്യത്തിന് പിന്നീട് ഒട്ടും തന്നെ താമസമുണ്ടാകില്ല. പരമശിവൻ പത്‌നീസമേതം ആനന്ദതാണ്ഡവമാടുന്ന നേരമാണ് പുണ്യകാലമാണ് പ്രദോഷ കാലം.
പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും.അടുത്ത പ്രദോഷവ്രതം ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 6.12 മുതൽ 8.40 വരെയാണ്.
എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങളെ മറക്കാതിരിക്കുക.
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
ഓം നമ:ശിവായ,
ഓം നമ: ശിവായ,
ഓം നമ:ശിവായ.
ടി.ജനാർദ്ദനൻ നായർ
+ 91 9446630412