Saturday, 23 Nov 2024

എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ
എല്ലാ മാസവും ഇത് ചെയ്യൂ

തരവത്ത്ശങ്കരനുണ്ണി
സർവാഭീഷ്ട സിദ്ധിക്ക് ഏറ്റവും ഉത്തമമാണ് ഷഷ്ഠി വ്രതാചരണം. കുടുംബ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ നേടുന്നതിനും ദാമ്പത്യ ജീവിത ദുരിതങ്ങൾ നീങ്ങാൻ സുബ്രഹ്മണ്യ പത്‌നിയായ ദേവസേനയെ പ്രീതിപ്പെടുത്തുവാനും വേണ്ടിയാണ് ഷഷ്ഠിവ്രതമെടുക്കുന്നത്. ആറാമത്തെ തിഥിയായ ഷഷ്ഠിയുടെ ദേവത സുബ്രഹ്മണ്യനാണ്. കേരളീയര്‍ അത്യാദരപൂര്‍വ്വം ആചരിക്കുന്ന 4 വ്രതങ്ങളിൽ ഒന്നാണിത്. ഏകാദശി, പ്രദോഷം, ആയില്യം എന്നിവയാണ് മറ്റ് വ്രതങ്ങൾ. കറുത്തപക്ഷത്തിലെ ഷഷ്ഠി വ്രത ദിവസമല്ല. ശുക്‌ളപക്ഷ അതായത് വെളുത്ത പക്ഷത്തിലെ ഷഷ്ഠിദിവസമാണ് ഭക്തർ ആചരിക്കുന്നത്.

സൂര്യോദയശേഷം ആറുനാഴിക ഷഷ്ഠി തിഥി ഉള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്. ഷഷ്ഠിവ്രതം എടുക്കുന്നവർ പഞ്ചമിനാളിൽ ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിനാളില്‍ കാലത്ത് കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യപൂജ മുതലായവ നടത്തിയ ശേഷം ഉച്ചയ്ക്ക് പാരണ കഴിക്കാം. ഉദ്ദിഷ്ട കാര്യ സിദ്ധിക്ക് വിധിപ്രകാരം ഷഷ്ഠി ആചരിക്കുന്നത് ഫലപ്രദമാണെന്നാണ് അനുഭവം.

വൃശ്ചികത്തില്‍ ആരംഭിച്ച് തുലാമാസത്തില്‍ അവസാനിക്കുന്ന വിധത്തിലും ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് നൂറ്റി എട്ട് ഷഷ്ഠി എന്ന നിലയിലും വ്രതം അനുഷ്ഠിക്കാറുണ്ട്. ഒന്നാം വർഷം പാല്‍പ്പായസവും രണ്ടാം വർഷം ശര്‍ക്കര പായസവും മൂന്നാം വർഷം വെള്ള നിവേദ്യവും നാലാമത് അപ്പവും അഞ്ചാം വർഷം മോദകവും ആറാം വർഷം പശുവിന്‍ പാലും ഏഴാമത് ഇളനീരും എട്ടാം വർഷത്തില്‍ ഏഴു മണി കുരുമുളകും വഴിപാടായി സമർപ്പിക്കുന്നത് ഈ വ്രത വിധിയിൽ ഉൾപ്പെടുന്നു.

കാര്‍ത്തിക മാസത്തില്‍, സാധാരണ തുലാമാസത്തിൽ വരുന്ന ഷഷ്ഠി ശൂരസംഹാരം നടന്ന സ്‌കന്ദഷഷ്ഠി എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ വിശേഷമായ സ്‌കന്ദഷഷ്ഠിക്ക് ആറു ദിവസമാണ് വ്രതമെടുക്കുക. സന്താന സൗഖ്യം, കുടുംബക്ഷേമം എന്നിവയ്ക്ക് ഉത്തമമാണ് സ്‌കന്ദഷഷ്ഠി ആചരണം. ഇത് ആചരിക്കുന്നത് ആറു ഷഷ്ഠി വ്രതമെടുക്കുന്നതിന് തുല്യമാണ്. ഭർത്തൃ – സന്താന ദുഃഖവും രോഗ ദുരിതങ്ങളും സ്‌കന്ദഷഷ്ഠി ആചരിക്കുന്നവരെ ബാധിക്കില്ല.

ശ്രാവണത്തിലെ അതായത് ചിങ്ങത്തിലെ ഷഷ്ഠിയെ സൂര്യഷഷ്ഠി എന്നും പറയും. അന്ന് വ്രതമെടുത്ത് ആദിത്യപൂജ ചെയ്താല്‍ ധനധാന്യ – പുത്ര – പൗത്ര – സുഖസമൃദ്ധിയുണ്ടാകും.ചര്‍മ്മ- നേത്രരോഗങ്ങൾ ഉണ്ടാവില്ല എന്നും പറയുന്നു. ഭാദ്രപദമാസത്തില്‍ (ഏകദേശം കന്നിയില്‍) വരുന്ന കറുത്ത ഷഷ്ഠി ഫലഷഷ്ഠിയാണ്. ഇത് കൃഷി – ഗോ സമ്പത്തിന്റെ വര്‍ദ്ധനയ്ക്ക് ആചരിക്കേണ്ടതാണ്. അന്ന് അന്നാഹാരമോ, പശുവിന്‍ പാലോ കഴിക്കരുത്. വരിനെല്ലരിച്ചോറു കഴിക്കാമെന്നുണ്ട്. ഈ ഷഷ്ഠിക്ക് കപില ഷഷ്ഠി എന്നും പേരു പറയും. വൃശ്ചികത്തിൽ അതായത്
മാര്‍ഗ്ഗശീര്‍ഷ മാസത്തില്‍ വരുന്ന ചമ്പാഷഷ്ഠിയും ബഹുവിശേഷമത്രേ. മകരത്തിലെ ഷഷ്ഠിയ്ക്ക് ശീതളാഷഷ്ഠിയെന്ന് പറയുന്നു.

പുലര്‍ച്ചെ കുളി, ക്ഷേത്രദര്‍ശനം ഷഷ്ഠീ ദേവിയുടെ മന്ത്രം സദാ ജപിച്ചു കൊണ്ട് പ്രദക്ഷിണം വഴിപാടുകള്‍ തീര്‍ത്ഥം സേവിച്ച് വ്രതമാരംഭിക്കല്‍, ഒരിക്കലൂണ്, സ്‌കന്ദ പുരാണ പാരായണം അന്നദാനം ഇവയാണ് ഷഷ്ഠിവ്രതത്തിന്റെ പ്രധാന ഘടകങ്ങള്‍. സുബ്രഹ്മണ്യ മന്ത്രങ്ങളും ഷഷ്ഠി ദേവി മന്ത്രവും സ്തുതിയും സദാ ജപിക്കുന്നത് സുബ്രഹ്മണ്യ സ്വാമിക്ക് വളരെ പ്രിയങ്കരമാണ്. ഈ ദിവസം അന്നദാനം ചെയ്യുന്നത് വളരെ ഉത്തമമത്രെ. കേരളീയാചാരപ്രകാരം പ്രധാന ഷഷ്ഠികള്‍ തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി വൃശ്ചികത്തിലെ കുമാരഷഷ്ഠി, ധനുവിലെ ഷഷ്ഠി മകരത്തിലെ ശീതളാഷഷ്ഠി എന്നിവയത്രെ. അമാവാസി
മുതല്‍ ഷഷ്ഠിവരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിച്ച് വിധിപ്രകാരമുള്ള പദാര്‍ത്ഥങ്ങള്‍ മാത്രം ഭക്ഷിച്ച് ആ ദിവസങ്ങളില്‍
ക്ഷേത്രത്തില്‍ താമസിച്ച് അനുഷ്ഠിക്കുന്ന കഠിന ഷഷ്ഠിയുമുണ്ട്. തിരുച്ചെന്തൂരിലും മറ്റും ഭക്തർ ആറു ദിവസം താമസിച്ച് സ്കന്ദഷഷ്ഠി ആചരിക്കാറുണ്ട്.

ജാതകത്തിലെ ചൊവ്വാദോഷശാന്തിക്കായി ആ ദശാകാലത്ത് സുബ്രഹ്മണ്യഭജനമാണ് നടത്തേണ്ടത്. ഇങ്ങനെയുള്ളവര്‍ ഷഷ്ഠിവ്രതമനുഷ്ഠിക്കുന്നത് അത്യധികം ഫലപ്രദമായിരിക്കും.

മൂലമന്ത്രം
ഓം വചത്ഭുവേ നമ:
(108 തവണ ജപിക്കണം)

പ്രാർത്ഥനാ മന്ത്രം
ഓം ശരവണ ഭവ:
( 21 തവണ ജപിക്കണം)

സുബ്രഹ്മണ്യ സ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

ആശ്ചര്യ വീരം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്ക ഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി

സക്ന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രഹ്മണ്യായ തേ നമ:

ഷഷ്ഠീദേവീ സ്തുതി

ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാ ച സുപ്രഭാം
സുപുത്രദാം ച ശുഭദാം ദയാരൂപാം ജഗത് പ്രസൂം
ശ്വേതചമ്പക വര്‍ണാഭ്യാം രത്‌നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം ദേവസേനാം പരേഭജേ

ഷഷ്ഠീദേവിമന്ത്രം

ഓം ഹ്രീം ഷഷ്ഠീദേവ്യൈ സ്വഹാ

തരവത്ത്ശങ്കരനുണ്ണി:
+91-984 711 8340

Story Summary: Significance of Shashi Vritham

error: Content is protected !!
Exit mobile version