എല്ലാ ഗ്രഹദോഷത്തിനും പരിഹാരം കാലമൂർത്തിയായ ശിവപൂജ
തരവത്ത് ശങ്കരനുണ്ണി
ഗ്രഹ ദോഷങ്ങൾക്ക് ഏറ്റവും ഉത്തമമായ പരിഹാരമാണ് ശിവപൂജ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നവഗ്രഹങ്ങളും ശിവഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകവശാലുള്ള ദശ, അപഹാര, ഛിദ്ര ദോഷങ്ങൾ, ഗോചരാലുള്ള ഗ്രഹദോഷങ്ങൾ എന്നിവയ്ക്കെല്ലാമുള്ള പരിഹാരമാണ് ശിവപൂജ. എതെങ്കിലും രൂപഭാവത്തിലുള്ള ശിവനെ ആരാധിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ശിവപൂജയിലൂടെ ഒരു വ്യക്തിയുടെ എല്ലാ കാലദോഷവും ഇല്ലാതാകും. ഒരോ ദിവസവും ആരാധിക്കേണ്ട ഭാവങ്ങൾ:
ഞായർ
സൂര്യവാരം. സൂര്യദോഷത്തിന് ശിവനെ ആരാധിക്കുക. സൂര്യൻ ശിവന്റെ വലതു കണ്ണാണ്. അക്ഷോഭയ മഹേശ്വര രൂപത്തിൽ ഭഗവാൻ സൂര്യന്റെ മദ്ധ്യേ നിലനിൽക്കുന്നു. സൂര്യദശയിൽ ദോഷം മാറാൻ ശിവപൂജ മാത്രം ശരണം.
തിങ്കൾ
സോമവാരം. ശിവ പാർവതിമാരെ ആരാധിക്കുക. ശിവന്റെ ജടയിലാണ് ചന്ദ്ര മണ്ഡലം. മഹാദേവന്റെ ഇടതു കണ്ണിൽ ചന്ദ്രൻ വസിക്കുന്നു. സോമൻ എന്നത് തന്നെ ശിവന്റെ പേരാണ്. സം ഉമ യാണ് സോമൻ. സം ഉമ എന്നാൽ ഉമയോട് കൂടിയവൻ.
ചൊവ്വ
ശിവന്റെ വിയർപ്പിൽ നിന്നും ഭൂമിക്ക് ഉണ്ടായ ദേവൻ. ശക്തി എന്ന വേൽ കൈയ്യിൽ ഉള്ളവൻ. ചൊവ്വ ദോഷത്തിന് മഹാകാളനെ പൂജിക്കുക. മഹാകാളൻ എന്നാൽ ശിവൻ.
ബുധൻ
ബുധന്റെ ഗുരു. ബുധന് ശ്രീകൃഷ്ണ കവചം നൽകിയതും ഗ്രഹപദവി നൽകിയതും ശിവൻ. മംഗളേശ്വരനായി ശിവനെ പൂജിക്കുക. ബുധ ദോഷങ്ങൾ തീരും.
ഗുരു
ദേവഗുരുവായ ബൃഹസ്പതി.വേദവും ശാസ്ത്രവും ഗുരുവിനു ലഭിച്ചത് ദക്ഷിണമൂർത്തിയായ മഹാദേവനിൽ നിന്ന്. ദക്ഷിണമൂർത്തിയേ ആരാധിക്കുക ഗുരു ദോഷം തീരും.
ശുക്രൻ
അസുരഗുരു. മൃത്യുഞ്ജയ മന്ത്രം ശുക്രൻ വാങ്ങിയത് ശിവനിൽ നിന്ന്. ശുക്രന് പുത്ര സ്ഥാനം നൽകിയതും ശിവൻ. മൃത്യുഞ്ജയ മൂർത്തിയായി ശിവനെ ആരാധിച്ചാൽ ശുക്രദോഷം മാറും.
ശനി
ശനിയുടെ ഗുരു കാലഭൈരവനായ മഹാദേവൻ. ഗുരു കാലഭൈരവനായ ശിവനെ ആരാധിച്ചാൽ ശനി ദോഷം അകലും. ശനി ദോഷത്തിന് കാലഭൈരവൻ ശരണം. ശനിക്ക് ഗ്രഹപദവി നൽകിയതും ശിവൻ.
രാഹുവും കേതുവും
മഹാവിഷ്ണു സുദർശനത്താൽ ഛേദിച്ച സൈംഹികേയന്റെ (സ്വർഭാനു ) തലഭാഗമാണ് രാഹു. അതിന് സർപ്പത്തിന്റെ ഉടൽ നൽകിയതും തലയറ്റ ശരീരഭാഗമായ കേതുവിന് സർപ്പത്തിന്റെ തല നൽകിയതും മഹാദേവനാണ്. കാളഹസ്തീശ്വരനായി ശിവനെ ആരാധിക്കുക. എല്ലാ ദോഷങ്ങൾ തീരും.
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
Story Summary: Significance of Shiva Pooja for removing Graha dosham