Sunday, 22 Sep 2024

എല്ലാ ദിവസവും ദോഷമില്ലാത്ത 44 മിനിട്ട്

എല്ലാ ദിവസവും എല്ലാ ശുഭകാര്യങ്ങൾക്കും ഉത്തമമായി കരുതുന്ന ഒരു നാഴിക 50 വിനാഴികയുണ്ട് ; അതായത് 44 മിനിട്ട്.  യാതൊരു ദോഷവുമില്ലാത്ത ഈ സമയത്തെ  അഭിജിത് മുഹൂർത്തം എന്നു പറയും. ദിവസവും മധ്യാഹ്നസന്ധ്യയിൽ ഉള്ള ഈ പ്രത്യേക സമയത്തിന്റെ  ദൈർഘ്യം 10 വിനാഴിക കഴിച്ചുള്ള രണ്ടു നാഴികയാണ്. ദിനമദ്ധ്യത്തിലെ  നട്ടുച്ച സമയത്ത് സൂര്യൻ ഭൂമിയിൽ നിന്നും വളരെ ഉയരത്തിൽ നിൽക്കുന്നു. തന്നെയല്ല അപ്പോൾ സൂര്യൻ സർവ്വദോഷരഹിതനുമാണ്. അതുകൊണ്ടാണ് ഈ സമയം ശുഭകാലമാകുന്നത്. പല നല്ല കാര്യങ്ങൾക്കും ഈ സമയം പൊതുവെ ഉപയോഗിച്ചു വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് വിവാഹമാണ്. ഈ സമയം കൃത്യം 12 മണിക്ക് ഉപയോഗിക്കരുതെന്ന് ശാസ്ത്രമുണ്ട്. അയ്യഞ്ചുവിനാഴികയോ (അഞ്ചു വിനാഴിക രണ്ടു മിനിട്ടാണ്.)  ഈ രണ്ടു മിനിട്ടോ മദ്ധ്യഭാഗത്തു നിന്നും വിട്ടിട്ടുവേണം അഭിജിത്ത് മുഹൂർത്തം സ്വീകരിക്കാൻ. ഏതെല്ലാം പ്രകാരത്തിലുള്ള എത്രയെത്ര ദോഷങ്ങളെയും തിഥി, വാരം തുടങ്ങിയ ദോഷങ്ങളെയും നവഗ്രഹ ദോഷങ്ങളെയും ഇല്ലാതാക്കി അഭിജിത്ത് മുഹൂർത്തം  ശുഭം നൽകും എന്നാണ് ഭൂരിപക്ഷ ആചാര്യ മതം. രാഹുകാലം, ഗുളികകാലം, തിഥി, നാൾ, ദിന ദോഷങ്ങൾ നോക്കാതെ ഏതു കാര്യത്തിനും സൗകര്യപ്പെടുത്താവുന്ന നല്ല സമയമാണ് അഭിജിത്തെന്നാണ് മിക്ക ആചാര്യന്മാരും പറയുന്നത്. എന്തായാലും  എല്ലാദേശക്കാർക്കും ഒരുപോലെ സ്വീകരിക്കാറുള്ളതാണ് അഭിജിത്ത് മുഹൂർത്തം. മദ്ധ്യാഹ്നത്തിലെ 4 മിനിട്ട് ഒഴിവാക്കിയ ശേഷമുള്ള 44 മിനിട്ട് എല്ലാ ശുഭ കർമ്മങ്ങൾക്കും അന്ത്യന്തം ശുഭകരമാണെന്ന് മുഹൂർത്ത സംഗ്രഹത്തിൽ വിദ്വാൻ രാമകൃഷ്ണപ്പണിക്കർ പെരിങ്ങാട് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ അഭിജിത്ത് പ്രധാനമായി പരിഗണിക്കുന്നത് യാത്രാകാര്യങ്ങൾക്കാണെന്ന് മറ്റൊരു കൂട്ടം ആചാര്യന്മാർ പറയുന്നു. വിവാഹം പോലുള്ള പ്രധാന കാര്യങ്ങൾക്ക് അഭിജിത് മുഹൂർത്തം നിവർത്തിയുണ്ടെങ്കിൽ ആശ്രയിക്കരുതെന്നാണ് ഇവരുടെ പക്ഷം. മറ്റു മുഹൂർത്തങ്ങളോടൊപ്പം ഈ സമയവും ഉപയോഗിക്കാമെന്നല്ലാതെ അഭിജിത് മുഹൂർത്തമെന്ന പ്രത്യേക സമയം വിവാഹമുഹൂർത്തത്തിനും മറ്റും ഉപയോഗിക്കാൻ പാടില്ലെന്നാണ് അവർ വാദിക്കുന്നത് .യാത്രയ്ക്കാണെങ്കിലും ബുധനാഴ്ച ദിവസംതെക്കോട്ട് പോകാൻ ഈ സമയം ഉപയോഗിക്കരുതെന്നും അവർ പറയുന്നു. അങ്ങനെ ചെയ്താൽ അതിനു ഫലപ്രാപ്തി ഉണ്ടാകില്ലെന്നുതന്നെയല്ല ദോഷാനുഭവങ്ങൾക്ക് കാരണമാകും എന്നുമാണ് ഇവരുടെ വാദം.

error: Content is protected !!
Exit mobile version