Friday, 5 Jul 2024

എല്ലാ സങ്കട നിവാരണത്തിനും ആശ്രയിക്കാവുന്ന ത്രിപുരസുന്ദരി

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

ത്രൈലോക്യ മോഹിനിയാണ് ത്രിപുര സുന്ദരി. പത്ത് മഹാവിദ്യകളിൽ പ്രഥമ. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി. ശക്തി ആരാധനയിൽ ശ്രീലളിതാ ദേവിക്ക് പല രൂപഭേദങ്ങളുണ്ട്. ആദി പരാശക്തി സതിയാണ്, പാർവ്വതിയാണ്, ദുർഗ്ഗയാണ്, മഹാകാളിയാണ്. ആദിപരാശക്തിയുടെ അതിശക്തമായ അവതാരമാണ്, സഗുണരൂപമാണ് ലളിതാ ത്രിപുര സുന്ദരി. സൃഷ്ടിസ്ഥിതിക്കും, സംഹാരത്തിനും, തിരോധാനത്തിനും അനുഗ്രഹത്തിനും കാരണം ശിവനോട് ചേരുന്ന ഈ ശക്തിസ്വരൂപമാണ്. ശിവശക്ത്യൈക്യസ്വരൂപിണി എന്നാണ് ലളിതാസഹസ്രനാമത്തിൽ ദേവിയെ പ്രകീർത്തിക്കുന്നത്. സ്ഥിതിയുടെ പൊരുൾ രക്ഷിക്കുന്നത് എന്നാണ്. തിരോധാനം മായയാണ്; ലോകത്തെ മൊത്തം മൂടിയിരിക്കുന്നത് മായയാണ്. അനുഗ്രഹം പരമമായ മോക്ഷമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യജീവിതത്തിൽ ആവശ്യമായതെല്ലാം തരുന്നത് മംഗളകാരിയായ, ശിവനുമായി യോഗം ചെയ്തിരിക്കുന്ന സഗുണ സ്വരൂപിണിയായ ലളിതാദേവിയാണ്. അതിനാൽ എല്ലാ സങ്കട നിവാരണത്തിനും ഭക്തർക്ക് യാതൊരു സംശയവുമില്ലാതെ എപ്പോഴും ആശ്രയിക്കാവുന്ന ദേവിയാണ് ത്രിപുരസുന്ദരി. ഹൈന്ദവ സങ്കല്പത്തിലെ ഈരേഴ് പതിന്നാല് ലോകങ്ങളിൽ ബ്രഹ്മലോകത്തിനും മീതെയുള്ള സ്വർലോകമാണ് ലളിതാ ത്രിപുരസുന്ദരിയുടെ ആവാസ കേന്ദ്രമായ മണിദീപം.

അവിടെ ത്രിപുര സുന്ദരി കാമേശ്വര എന്ന രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ ശിവശക്തിയായി ഇരിക്കുന്നതായിട്ടാണ് സങ്കല്പം. ത്രിപുര സുന്ദരിയെ ശ്രീവിദ്യ എന്നും അറിയപ്പെടുന്നു. ശ്രീചക്രത്തിൽ ദേവിയെ പൂജിക്കുന്നു. ശ്രീചക്രത്തിന് ത്രിപുരസുന്ദരി ചക്രമെന്നും പേരുണ്ട്. ദേവിഭാഗവതം,
ലളിതോപാഖ്യാനം, ലളിത ത്രിശതി, ലളിത സഹസ്രനാമം, സൗന്ദര്യ ലഹരി, തുടങ്ങിയ കൃതികളിൽ മണിദ്വീപത്തിൽ സദാശിവന്റെ മടിത്തട്ടിൽ ഇരിക്കുന്ന പട്ടമഹിഷി ആയി ദേവിയെ വർണ്ണിക്കുന്നു. ഇതിലെല്ലാം കീർത്തിക്കുന്ന ദേവീരൂപം കമനീയമാണ്. അമൃതക്കടലിൻ്റെ മധ്യത്തിലുള്ള കല്പക വൃക്ഷങ്ങൾ നിറഞ്ഞ ആരാമത്താൽ ചുറ്റപ്പെട്ട രത്നദ്വീപ്. അവിടെ കദംബ വൃക്ഷങ്ങളുള്ള ഉപവനത്തിൽ ചിന്താമണികൾ കൊണ്ടു നിർമ്മിച്ച വനം. അതിൽ പരമശിവനാകുന്ന മെത്തയിൽ ഭഗവതി വിരാജിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, ഗണപതി, കാർത്തികേയൻ എന്നിവർ ചുറ്റിലും നിന്ന് ഭജിക്കുന്നു. മഹാലക്ഷ്മിയും
മഹാസരസ്വതിയും വെഞ്ചാമരം വീശുന്നു. വലതു കാൽ മുകളിൽ കയറ്റി മറ്റേ കാൽ ശ്രീ ചക്രത്തിൽ അമർത്തി സിംഹാസനത്തിലാണ് ശ്രീ ലളിതാ ത്രിപുരസുന്ദരി വാഴുന്നത്. പാശവും അങ്കുശവും വില്ലും അമ്പുമാണ് ആയുധങ്ങൾ. കരിമ്പാണ് വില്ല്. പഞ്ച തന്മാത്രകളാണ് അമ്പുകൾ. ആപത്തിൽ പെടുന്നവരെ എപ്പോഴും രക്ഷിക്കുന്ന, ഭക്തർക്ക് എല്ലാ സൗഭാഗ്യവും കൊടുക്കുന്ന ദേവിയെ പണ്ട് വിഷ്ണു ആരാധിച്ചിട്ട് സ്ത്രീരൂപം പ്രാപിച്ച് മോഹിനിയായി പരമശിവന് കൂടി ചാഞ്ചല്യമുണ്ടാക്കി.പരബ്രഹ്മമായ ശിവന്റെ ബ്രഹ്‌മവിദ്യയാണ് ദേവി. ശിവനും ശക്തിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ത്രിപുരാന്തകനായ ശിവന് തുല്യമായ അർദ്ധനാരീശ്വരൻ എന്നും ശിവന്റെ ശക്തി എന്നും ത്രിപുരസുന്ദരിക്ക് അർത്ഥം പറയാം. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിപുരസുന്ദരിയെ ആരാധിച്ചാൽ ഗൃഹസുഖം, ഐശ്വര്യം, സമൃദ്ധി, സമ്പത്ത്, മനഃശാന്തി, സന്തോഷം, സൽസന്താനഭാഗ്യം, കലാസാഹിത്യ മികവ്, സർവ്വജനപ്രീതി, ഉദ്യോഗം, വിവാഹം, ആയുരാരോഗ്യ സൗഖ്യം തുടങ്ങി എല്ലാം ലഭിക്കും. ത്രിപുരസുന്ദരി ക്ഷേത്രങ്ങളിൽ എടുത്തു പറയേണ്ടത് കാഞ്ചി കാമാക്ഷി ക്ഷേത്രമാണ്. ഇതിന്റെ അടുത്ത് തന്നെയാണ് ഏകാംബരേശ്വര ക്ഷേത്രം. ലളിതസഹസ്രനാമത്തിലെ ശിവശക്തി ഐക്യത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ഈ രണ്ടു മഹാ ക്ഷേത്രങ്ങളും നിലകൊള്ളുന്നത്. ഏകാംബരേശ്വരനെ തപസ്സ് ചെയ്ത് പാർവ്വതിദേവി അർദ്ധനാരീശ്വരനായി എന്ന് വിശ്വസിക്കപ്പെടുന്നു.

ത്രിപുരസുന്ദരി മന്ത്രം
ഓം ആനന്ദ ഭൈരവ ഋഷി:
ദൈവീ ഗായത്രിച്ഛന്ദ:
ശ്രീ മഹാത്രിപുരസുന്ദരി ദേവത

ധ്യാനം
ബാലാർക്കായുത തേജസാം
ത്രിനയനാം രക്താംബരോല്ലാസിനീം
നാനാലംകൃതിരാജമാനവപുഷാം
ബാലോഡുരാട്ഛേഖരാം
ഹസ്തൈരിക്ഷുധനു: സൃണിം
സുമശരം പാശം മുദാ ബിഭ്രതിം
ശ്രീചക്രസ്ഥിതസുന്ദരിം
ത്രിജഗതാമാധാരഭൂതാ സ്മരേത്

മന്ത്രം
ഓം ഐം ശ്രീം ഹ്രീം ഐം ക്ലീം സൗം

(അനേകായിരം ബാലസൂര്യന്മാരുടെ തേജസ്സുള്ളവളും, മൂന്നു കണ്ണുകളോടുകൂടിയവളും, ചുവന്ന വസ്ത്രം ധരിച്ചു വിളങ്ങുന്നവളും പലവിധ ആഭരണങ്ങളാൽ ശോഭനമായ ശരീരമുള്ളവളും ബാലചന്ദ്രനെ ശിരസ്സിൽ ധരിച്ചിരിക്കുന്നവളും കരിമ്പുവില്ല്, തോട്ടി, പൂവമ്പ്, പാശം എന്നിവ ചതുർഭുജങ്ങളിൽ ധരിച്ചവളും ശ്രീചക്ര സ്ഥിതയും ത്രൈലോക്യത്തിനും ആധാരഭൂതയുമായ ശ്രീ മഹാത്രിപുരസുന്ദരിയെ സ്മരിക്കുന്നു.
ഓം ശ്രീ മഹാ ത്രിപുരസുന്ദര്യൈ നമഃ)

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!
Exit mobile version