Friday, 5 Jul 2024

ഏകാദശി, തിങ്കൾ പ്രദോഷം, നരസിംഹ ജയന്തി, ബുദ്ധപൂർണ്ണിമ; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 മേയ് 19 – 25 )

ജ്യോതിഷരത്നം വേണു മഹാദേവ്
മോഹിനിഏകാദശി, തിങ്കൾ പ്രദോഷം, കൊട്ടിയൂർ വൈശാഖാത്സവം ആരംഭം, നരസിംഹാവതാരം, ബുദ്ധപൂർണ്ണിമ എന്നിവയാണ് 2024 മേയ് 19 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഞായറാഴ്ചയാണ് ഏകാദശി. മേടത്തിലെ ശുക്ലപക്ഷ ഏകാദശിയെ മോഹിനി ഏകാദശി എന്ന് വിളിക്കുന്നു. അന്ന് രാവിലെ 7:12 മണി മുതൽ രാത്രി 8:21 വരെയാണ് ഹരിവാസരം. ദശമിയിൽ ഒരിക്കൽ എടുത്ത് ഏകാദശി നാൾ ഉപവസിച്ച്, ഹരിവാസര വേളയിൽ വിഷ്ണു നാമജപത്തിൽ മുഴുകി, ദ്വാദശിക്ക് രാവിലെ പാരണ വിടാം. ശബരിമല പ്രതിഷ്ഠാ ദിനവും 19 ന് തന്നെയാണ്. മേയ് 20 ന് സവിശേഷമായ തിങ്കൾ പ്രദോഷ വ്രതമാണ്. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന കറുത്തപക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ സായാഹ്ന സന്ധ്യാവേളയാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ ദേവതകളും ശിവപാർവതി സവിധത്തിൽ എത്തുന്ന പ്രദോഷ പൂജയിൽ പങ്കെടുത്താൽ സർവാനുഗ്രഹവും ലഭിക്കും. നരസിംഹ ജയന്തി മേയ് 22 ബുധനാഴ്ചയാണ്. വൈശാഖത്തിലെ ചതുർദ്ദശിയും ചോതിയും ഒന്നിക്കുന്ന
ദിവസമാണ് നരസിംഹജയന്തി. അന്ന് വ്രതമെടുത്ത് ഉഗ്രം വീരം മഹാവിഷ്ണും എന്ന് തുടങ്ങുന്ന നരസിംഹ മന്ത്രം കഴിയുന്നത്ര തവണ ജപിക്കുന്നതും ശ്രേയസ്കരമാണ്. അടുത്ത ദിവസം മേയ് 23 നാണ് ബുദ്ധപൂർണ്ണിമയും കൂർമ്മജയന്തിയും പൗർണ്ണമിയും. ദേവീ പ്രീതികരമായ കർമ്മങ്ങൾക്ക് ഉത്തമമാണ് പൗർണ്ണമി നാളിലെ വ്രതവും പൂജയും. വൈശാഖത്തിലെ പൗർണ്ണമി ദിവസമാണ് വിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മ ജയന്തി. വിഷ്ണു സഹസ്രനാമ ജപം, അന്നദാനം എന്നിവയ്ക്ക് കൂർമ്മ ജയന്തി നല്ലതാണ്. ഒരു വിഭാഗം ഹിന്ദുക്കൾ വിഷ്ണുവിന്റെ ഒൻപതാം അവതാരമായി കരുതി ആരാധിക്കുന്ന ശ്രീബുദ്ധ ജയന്തിയും വൈശാഖ പൗർണ്ണമിയിലാണ് നേപ്പാളിലും ലങ്കയിലുമെല്ലാം ബുദ്ധമത വിശ്വാസികൾ വൻ ആഘോഷത്തോടെയാണ് ബുദ്ധപൂർണ്ണിമ കൊണ്ടാടുന്നത്. വൈശാഖ പൗർണ്ണമി ഗണപതി ഭഗവാനും ദുർഗ്ഗാ ഭഗവതിക്കും വിശേഷമാണ്.
2024 മേയ് 25 ന് ധനുക്കൂറിൽ മൂലം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ചിരകാല മോഹങ്ങൾ നിറവേറ്റും. കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിക്കും. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചാൽ കുടുംബ സമാധാനം തകരാറിലാകും. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടും. എപ്പോഴും ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കും. ബിസിനസ് പങ്കാളിയുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് നേരിടും. വിദ്യാർത്ഥികൾ മത്സര പരീക്ഷയില്‍ മിന്നിത്തിളങ്ങും. ആരോഗ്യം മെച്ചമാകും.
സജ്ജനബന്ധം ആത്മവിശ്വാസം ഏറെ ശക്തിപ്പെടുത്തും. ഓം നമോ നാരായണായ 108 തവണ വീതം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
മന:സമാധാനത്തിനായി ആത്മീയമായ കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കും. നല്ല സുഹൃത്തുക്കളുടെ
സാന്നിദ്ധ്യം ഗുണകരമാകും. പണത്തിന്റെ പ്രാധാന്യം വിസ്മരിച്ച് ആര്‍ഭാടങ്ങൾക്ക് ചെലവഴിക്കും. അടുത്ത ഒരാൾക്ക് ധനസഹായം നല്‍കാന്‍ കഴിയാത്തത് ആ ബന്ധത്തെ ബാധിക്കും. ബന്ധുക്കളോടുള്ള പെരുമാറ്റം പരുഷമായിരിക്കും. ഏത് സാഹചര്യത്തിലും ക്ഷമയോടെ നില്‍ക്കാൻ ശ്രമിക്കണം. ഔദ്യോഗിക കാര്യങ്ങളില്‍ മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അച്ചടക്കവും കഠിനാധ്വാനവും ശമ്പള വര്‍ദ്ധനവിന് സഹായിക്കും.
ഓം നമോ നാരായണായ എന്നും 108 തവണ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ തുറന്നു കിട്ടും. സമൂഹത്തില്‍ നിലയും വിലയുമുണ്ടാകും. കുടുംബാംഗങ്ങൾക്കായി സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് പലരും എതിരാകും. മേലുദ്യോഗസ്ഥർ അസ്വസ്ഥത കാട്ടും. കർമ്മരംഗത്ത് സവിശേഷകരമായ അനുഭവമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം വളരെ നല്ലതായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ കണ്ടാലുടൻ വിദഗ്ധ ചികിത്സ തേടണം. യാത്രകൾ പ്രയോജനപ്പെടും. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻ കഴിയും. നിത്യവും 108 ഉരു ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.

കര്‍ക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
മറ്റുള്ളവർക്ക് വേണ്ടി കൂടുതൽ പണംചെലവഴിക്കരുത്. എത്ര കൊടുത്താലും ആളുകളുടെ ആവശ്യം കുറയില്ല.
പണം നൽകി ആരെയും തന്നെ തൃപ്തരാക്കാനും കഴിയില്ലെന്ന് മനസ്സിലാക്കും. ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ഭാഗ്യം എപ്പോഴും തുണയ്ക്കണമെന്നില്ല. കുടുംബാംഗത്തിന്റെ ആരോഗ്യം മോശമായതിനാല്‍ ഒരു യാത്ര മാറ്റിവയ്ക്കും. എത്ര ശ്രമിച്ചാലും ശത്രുക്കൾക്ക് നിങ്ങളെ കാര്യമായി ഉപദ്രവിക്കാനാകില്ല. പ്രതികൂലമായ സാഹചര്യങ്ങളിലും വിജയിക്കും. കഴിവിന്റെ പേരിൽ നല്ല അംഗീകാരം നേടും. സുഹൃത്ത് വഴി സഹായം ലഭിക്കും.
ഓം ഘ്രൂം നമഃ പരായഗോപ്ത്രേ നിത്യവും ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴി തിരയും. സുരക്ഷിതമായ സാമ്പത്തിക പദ്ധതികളില്‍ മാത്രം നിക്ഷേപം നടത്തണം. ഇതിന് ആവശ്യമെങ്കില്‍ ഒരു ധനകാര്യ വിദഗ്ദ്ധന്റെ സഹായം തേടണം. ജോലിയിലും
വീട്ടിലുമുള്ള സമ്മര്‍ദ്ദങ്ങൾ മറികടന്ന് ചിരിക്കുകയും തമാശ പറയുകയും ചെയ്യും. മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും. ആത്മാര്‍ത്ഥമായ പ്രണയം ജീവിതത്തില്‍ പ്രകാശം പരത്തും. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും. പേരുദോഷമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിൽ നിന്നും വിട്ടുനില്‍ക്കും. സ്വന്തം ലക്ഷ്യത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വ്യതിചലിക്കരുത്. ഓം ഹം ഹനുമതേ നമഃ നിത്യവും 108 ഉരു ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
ധനപരമായി പുരോഗതിയുണ്ടാകും. വിലപിടിപ്പുള്ള സാധന സാമഗ്രികൾ വാങ്ങും. സുഖസൗകര്യങ്ങള്‍
വർദ്ധിക്കും. സഹോദരങ്ങള്‍ക്ക് ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി കിട്ടാൻ സാധ്യത തെളിയും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഒന്നില്‍ കൂടുതല്‍ ജോലികളുടെ ഉത്തരവാദിത്തം മൂലം ജോലിഭാരം വര്‍ദ്ധിക്കും. മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. നിഷേധ ചിന്തകള്‍ വിഷത്തേക്കാള്‍ അപകടം ചെയ്യും. സർപ്പ പ്രീതികരമായ കർമ്മങ്ങൾ ചെയ്യാൻ മറക്കരുത്.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1,2,3 )
ആഗ്രഹസാഫല്യമുണ്ടാകും. ജോലി സ്ഥിരപ്പെടും. പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനും അംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇടപെടും. എങ്കിലും ഇതിന് കുടുംബാംഗങ്ങളുടെ ആവശ്യമായ പിന്തുണ ലഭിക്കില്ല. അര്‍പ്പണബോധവും കഠിനാധ്വാനവും ഉയര്‍ച്ച നൽകും. മേലുദ്യോഗസ്ഥരുമായുള്ള അടുപ്പം ദോഷം ചെയ്യും. കോടതി വ്യവഹാരം ഉത്കണ്ഠകൾ സൃഷ്ടിക്കും. സുഹൃത്തുക്കളുമായി ഒരു പങ്കുകച്ചവടം ആലോചിക്കും. വിദൂര യാത്രയ്ക്ക് പദ്ധതി തയ്യാറാക്കും.
വ്യാഴാഴ്ച നരസിംഹമൂർത്തിയെ ഭജിക്കാൻ മറക്കരുത്.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ആരുടെയും സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുത്. പല സ്ഥലങ്ങളില്‍ നിന്നും പെട്ടെന്ന് പണം ലഭിക്കാൻ അവസരമുണ്ടാകും. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. ആരോഗ്യം പതിവിലും മെച്ചമാകും.
താല്‍പ്പര്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ എത്ര തിരക്കിന് ഇടയിലും എപ്പോഴും സമയം കണ്ടെത്താനാകും. ഒരു ആവേശത്തിന് ഒരു കാര്യത്തിലും എടുത്ത് ചാടരുത്. ഏറ്റെടുത്ത ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിലൂടെ ജോലിക്കയറ്റം ഉറപ്പാക്കാന്‍ കഴിയും. കഠിനാധ്വാനികളായ ആളുകള്‍ക്ക് വിജയം ലഭിക്കും.
എല്ലാ ദിവസവും ദുർഗ്ഗാ സപ്ത ശ്ലോകി ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഗൃഹാന്തരീക്ഷം പിരിമുറുക്കം കുറയ്ക്കും. കുടുംബ കാര്യങ്ങളിൽ പൂര്‍ണ്ണമായി പങ്കെടുക്കും. ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം. അല്ലെങ്കില്‍ കുരുക്കുകളില്‍ ചെന്ന് പെടാം. ചില സഹപ്രവര്‍ത്തകര്‍ ഗൂഢാലോചനകൾ നടത്തും. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശപ്രകാരം മരുന്ന് കഴിക്കണം. കുടുംബത്തിന്റെ നന്മയ്ക്കായി ചില പ്രവർത്തനങ്ങളിൽ
ഏർപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിക്ക് സാധ്യത. നിത്യവും 108 തവണ ഓം ഭദ്രകാള്യൈ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)
ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. വേഗത്തില്‍ തീരുമാനങ്ങൾ എടുക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കൂടുതൽ നേട്ടത്തിന് പരിചയസമ്പന്നരായ ആളുകളുടെ ഉപദേശപ്രകാരം നിക്ഷേപം നടത്തണം. ഒരു സഹപ്രവര്‍ത്തക നിങ്ങളെ പ്രയോജനപ്പെടുത്താം. ഒരു രഹസ്യവും ആരുമായും പങ്കിടരുത്. ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. മാനസിക സമ്മർദ്ദങ്ങൾ ഒഴിയും. പ്രതിസന്ധികൾ ഇച്ഛാശക്തിയാൽ അതിജീവിക്കാനാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തിൽ മികച്ച പ്രകടനം നടത്തും. ഓം ശ്രീം നമഃ നിത്യവും 108 തവണ വീതം ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 2, 3 ചതയം, പൂരുരുട്ടാതി 1, 2, 3)
മറ്റുള്ളവരെ അമിതമായി ആശ്രയിക്കരുത്. അന്ധമായ വിശ്വാസം ചിലപ്പോള്‍ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കാം. ഊര്‍ജ്ജസ്വലമായ ഇടപെടൽ അഴിയാക്കുരുക്കുകൾ അഴിക്കാൻ സഹായിക്കും. ഭൂമിയിടപാട് രേഖകള്‍ വായിച്ച് മനസിലാക്കാതെ ഒപ്പിടരുത്. വ്യാപാരികള്‍ കരാറുകളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണം. സാമ്പത്തികമായി പ്രതികൂലമായ അനുഭവങ്ങൾക്ക് വലിയ സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗളകർമ്മം നടക്കും. പുതിയ ജോലി ലഭിക്കും. പൂർത്തിയാകാത്ത എല്ലാ ജോലികളും തീർക്കും. വിവിധ രംഗങ്ങളില്‍ ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകും. ഭാഗ്യപരീക്ഷണത്തിൽ മികച്ച വിജയം നേടും. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ദുർച്ചെലവുകൾ സാമ്പത്തികമായ പ്രതിസന്ധികള്‍ക്ക് കാരണമാകും. വീട്ടിലെ മുതിർന്നവരോട് ദേഷ്യപ്പെട്ട് സംസാരിക്കരുത്. അബദ്ധത്തിന് വിലപിടിപ്പുള്ള ഒരു ഗൃഹോപകരണം തകര്‍ക്കപ്പെടാം. അറ്റകുറ്റപ്പണികൾ നടക്കും. ജോലിയില്‍ അർഹിക്കുന്ന പ്രതിഫലം കിട്ടാതെ വരും. അതിന്റെ പേരിൽ തൊഴിലുടമയുമായി അകലും. സാമൂഹിക സേവന രംഗത്ത് ഏറെ അനുയോജ്യമായ സമയമായിരിക്കും. വിദ്യാര്‍ത്ഥികൾക്ക് വിജയം നേടാൻ കഴിയും. ഓം ഗം ഗണപതയേ നമഃ നിത്യവും ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign

Copyright 2024 Neramonline.com. All rights reserved

.

error: Content is protected !!
Exit mobile version