Monday, 25 Nov 2024

ഏകാദശി, പ്രദോഷം, പൗർണ്ണമി, തൈപ്പൂയം,ആയില്യം; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2024 ജനുവരി 21 – 27)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
പൗഷപുത്രദ ഏകാദശി, പ്രദോഷം, പൗർണ്ണമി, തൈപ്പൂയം, മകര മാസത്തിലെ ആയില്യ വ്രതം എന്നിവയാണ് ജനുവരി 21 ന് രോഹിണി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. മകരത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി, പൗഷപുത്രദ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾ ഉപവസിച്ച്, വിഷ്ണു മന്ത്ര – സ്തോത്ര ജപത്തോടെ പുത്രദ ഏകാദശി നോറ്റാൽ സത് പുത്രലാഭം ലഭിക്കുമെന്നാണ് വിശ്വാസം. 2024 ജനുവരി 21 ന് രാത്രി 07:27 ന് ഏകാദശി തിഥി അവസാനിക്കും. 22 ന് വെളുപ്പിന് 1:37 വരെയാണ് ഹരിവാസരം. അന്ന് രാവിലെ 7:13 ന് ശേഷം 9:23 നകം പാരണ വിടാം. ജനുവരി 23 ചൊവ്വാഴ്ചയാണ് ശിവപാർവതി പ്രീതികരമായ പ്രദോഷ വ്രതാചരണം. ദിവസം മുഴുവൻ ഉപവസിച്ച് സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ഫലമൂലാദികൾ സമർപ്പിച്ച് പ്രദോഷ പൂജയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചാൽ സർവാനുഗ്രഹവും ധനവും ആരോഗ്യവും ആഗ്രഹസാഫല്യവും ലഭിക്കും. പ്രദോഷ പൂജാ വേളയിൽ ഒരു മാത്ര ഭഗവാന്റെ ദർശനം ലഭിച്ചാൽ നമ്മുടെ സകല പാപങ്ങളും ഒഴിഞ്ഞു പോകുമെന്നും വിശ്വസിക്കുന്നു. 25 നാണ് പൗർണ്ണമി. ദേവീപൂജയ്ക്ക് ഉത്തമമായ പൗർണ്ണമി വ്രതമെടുത്താൽ സർവസൗഭാഗ്യവും ആരോഗ്യവും ലഭിക്കും. സത്യനാരായണ പൂജയ്ക്കും ശ്രേഷ്ഠമാണ് ഈ ദിവസം. ജനുവരി 26 നാണ് തൈപ്പൂയം. തമിഴ് മാസമായ തെെ മാസത്തിലെ പൂയം നക്ഷത്രമാണ് തൈപ്പൂയം. ഭഗവാൻ ശ്രീമുരുകൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ശൂരപദ്മാസുരനെ നിഗ്രഹിക്കാൻ മകന് ദേവി പാർവതി വേൽ സമ്മാനിച്ച ദിവസമായും മറ്റും കീർത്തിക്കപ്പെടുന്ന തൈപ്പൂയം സുബ്രഹ്മണ്യ പൂജയ്ക്ക് അതിവിശേഷമാണ്. ഈ വ്രതമെടുക്കുന്നവർ 3 നാൾ മുൻപ് വ്രതം തുടങ്ങുക വളരെ നല്ലതാണ്. ഒരു നേരം മാത്രം അരി ആഹാരം കഴിച്ച് മറ്റ് സമയത്ത് ഫലമൂലാദികൾ ഭക്ഷിച്ച് തൈപ്പൂയ ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. കഴിയുന്നത്ര സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിക്കണം. ക്ഷേത്ര ദർശനം നടത്തണം. 27 ന് ശനിയാഴ്ചയാണ് സർപ്പപ്രീതികരമായ ആയില്യ വ്രതം. 2024 ജനുവരി 27 ന് മകം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
അനാവശ്യമായ ചെലവുകൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി വഷളാകാതെ നോക്കണം. കുടുംബത്തിൽ ബഹുമാനവും ആദരവും ലഭിക്കും. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളെല്ലാം തുടച്ചുമാറ്റപ്പെടും. രോഗം വരാനുള്ള സാധ്യത കാണുന്നില്ല. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിയും സ്വാധീനവും ഉപയോഗിക്കും.
നല്ല വാർത്തകൾ കേൾക്കും, പ്രത്യേകിച്ചും പഠനത്തിനായി കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്ന വിദ്യാർത്ഥികൾ. ഓം നമോ ഭഗവതേ വാസുദേവായ ദിവസവും ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും നേരിടേണ്ടിവരാം. വ്യാപാരത്തിൽ നല്ല ലാഭം നേടാൻ കഴിയും. നവീനമായ സർഗ്ഗാത്മക ചിന്തകൾ പങ്കിടും. പണം സമ്പാദിക്കാൻ പുതിയ അവസരങ്ങൾ കണ്ടെത്താനും കഴിയും. ഓരോ പ്രമാണത്തിലും ഒപ്പിടുന്നതിന് മുൻപ് അത് ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്. ജീവിതപങ്കാളിയുമാള്ള ബന്ധം മെച്ചപ്പെടും. ജോലിയിൽ മുന്നോട്ട് പോകുന്നതിന് തടസം നേരിടും. ഓം ശ്രീം നമഃ” ദിവസവും 108 ഉരു ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും. കമ്മീഷൻ, കരാർ ഇടപാടുകൾ വഴി വലിയ ലാഭമുണ്ടാകും. മികച്ച പദ്ധതിയിൽ പണം നിക്ഷേപിക്കാൻ തയ്യാറാകും. അത് ലാഭ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മക്കൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നത് ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. കുടുംബപരമായ പ്രശ്നങ്ങൾ ഔദ്യോഗിക ജീവിതത്തെ ബാധിക്കാം. എല്ലാക്കാര്യത്തിനും പങ്കാളിയുടെ പിന്തുണ ലഭിക്കും. ദിവസവും ഓം നമഃ ശിവായ 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തികമായ കാര്യങ്ങളിൽ അശ്രദ്ധ പാടില്ല. പണം ലാഭിക്കുന്ന കാര്യത്തിൽ മുതിർന്ന കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്. മാനസിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈശ്വരാധീനത്താൽ കുടുംബജീവിതത്തിലെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. പെട്ടെന്ന് ദേഷ്യം വരും. പരുഷമായ രീതിയിലെ സംസാരം ഒഴിവാക്കണം. ജോലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളോ പദ്ധതികളോ എല്ലാവരുമായും പങ്കിടരുത്. ദിവസവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം വളരെ മികച്ചതായിരിക്കും. സ്വാധീനശേഷിയുള്ളവരും പ്രധാനപ്പെട്ടവരുമായ ആളുകളുമായി സൗഹൃദമുണ്ടാകും.
സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് പലതരം നേട്ടങ്ങൾ കൊണ്ടുവരും. അനാവശ്യമായ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറും. ബിസിനസ് കാര്യങ്ങളിൽ വിജയം നേടും. ജോലിയിൽ പ്രമോഷൻ ലഭിക്കും. കുടുംബത്തിൽ‌ ഒരു മംഗളകർമ്മം നടക്കും. ഓം നമഃ ശിവായ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
സാമ്പത്തികമായി സമയം അത്ര നല്ലതല്ല. ഏതെങ്കിലും തീരുമാനത്തിലെത്തുന്നതിനുമുമ്പ്, വിദഗ്ദ്ധരുടെ ഉപദേശം തേടണം. വീട്ടിലെ ഒരു മുതിർന്ന അംഗത്തിന്റെ ആരോഗ്യപ്രശ്നം കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥത സൃഷ്ടിക്കും. മാനസിക സമ്മർദ്ദം ഉയരും. വിവിധ മേഖലകളിലെ പ്രതികൂല ഫലങ്ങൾ മറികടക്കാൻ പദ്ധതി തയ്യാറാക്കും. വ്യാപാരികൾക്ക് സാധാരണമായിരിക്കും.
ക്ഷമാ പൂർവം നീങ്ങിയാൽ, എല്ലാ പ്രശ്‌നങ്ങളിൽ നിന്നും കരകയറാം. എന്നും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
പണം ചെലവഴിക്കുന്ന കാര്യത്തിൽ നിയന്ത്രണം വേണം. ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തും. വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവ പതിവാക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാൻ സാധിക്കും. ദീർഘകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും. ഒരു പ്രോജക്റ്റ് ലഭിക്കും. അത് ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ സാധിക്കും. കുടുംബത്തിൽസമാധാനവും സന്തോഷവും നിറയും. ഒരു മംഗള കർമ്മത്തിൽ പങ്കെടുക്കും. ഭൂമി വാങ്ങാൻ കഴിയും. അശ്രദ്ധ ഒഴിവാക്കണം. ഓം നമഃ ശിവായ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പ്രമുഖ വ്യക്തികളെ കണ്ടുമുട്ടും. സാമ്പത്തികമായി സമയം ഏറെ മികച്ചതായിരിക്കും. വാഹനം മാറ്റി വാങ്ങാൻ കഴിയും. സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ അനുരഞ്ജനത്തിലൂടെ തീർക്കാൻ പരമാവധി ശ്രമിക്കും. ജീവിതപങ്കാളിയെ പരിഹസിക്കുന്ന ശീല ഒഴിവാക്കണം. നവ ചിന്തകളും പദ്ധതികളും ജോലിയിൽ പുരോഗതി നൽകും. തർക്കവും കലഹവും ഒഴിവാക്കും. ഓം വചത് ഭുവേ നമഃ നിത്യവും 108 തവണ ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ചത്ര ലാഭമുണ്ടാക്കില്ല. എന്നാൽ ചില ആനുകൂല്യങ്ങൾ കിട്ടുന്നത് വളരെയധികം സംതൃപ്തി നൽകും.ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം.
വീട്ടിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കും. അപവാദസാധ്യത കൂടുതലാണ്. എതിർലിംഗത്തിലുള്ള ആളുകളുമായി ഇടപാടുകൾ കുറയ്ക്കണം. അമിതമായ സംസാരം ദോഷം ചെയ്യും. ജോലിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. ആത്മവിശ്വാസം വർദ്ധിക്കും. ദിവസവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
അപ്രതീക്ഷിതമായി ചെലവുകൾ വർദ്ധിക്കുമെങ്കിലും അത് സാമ്പത്തിക അവസ്ഥയെ വളരെ ദോഷകരമായി ബാധിക്കില്ല. ശമ്പള വർദ്ധനവിന് സാധ്യത കാണുന്നു.
കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും വർദ്ധിക്കും. സർക്കാറിൽ നിന്നും സഹായം ലഭിക്കും. വിദേശത്ത് നേട്ടങ്ങളുണ്ടാക്കാൻ കഴിയും. തൊഴിൽ മേഖലയിൽ പുരോഗതി നേടാനുള്ള സാധ്യത കാണുന്നു. കഠിനാദ്ധ്വാനത്തിന് ഫലം കിട്ടും. ദാമ്പത്യത്തിൽ ചില നല്ല നിമിഷങ്ങൾ വരും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യം നിലനിർത്തും. പഴയ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ധാരാളം പണച്ചെലവ് നേരിടും. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടും. നിറവേറ്റാൻ കഴിയാത്ത വാഗ്ദാനം ആർക്കും നൽകരുത്. സ്വന്തമായി വീട് വാങ്ങാൻ കഴിയും. ദാമ്പത്യ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതും ഇല്ലാതാകും. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയില്ല. വിദേശത്ത് ഉപരിപഠനത്തിന് പോകാനുള്ള തടസ്സം നീങ്ങും. പ്രതികൂലസാഹചര്യത്തിലും പിടിച്ചു നിൽക്കും. ഓം നമോ നാരായണായ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ബിസിനസ്സിൽ മികച്ച ലാഭം നേടാൻ കഴിയും. ആരോഗ്യം
മെച്ചപ്പെടുത്താൻ സമയം ചെലവഴിക്കും. ധനപരമായ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. തിരക്ക് പിടിച്ച് ഒരു തീരുമാനവും എടുക്കരുത്. കൂടപ്പിറപ്പുകളുടെ സഹായം നേടാൻ കഴിയും. ബന്ധുമിത്രാദികളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. യാത്രകൾ ഒഴിവാക്കും. ഓം ഭദ്ര കാള്യൈ നമഃ നിത്യവും ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

error: Content is protected !!
Exit mobile version