Wednesday, 3 Jul 2024

ഏകാദശി, പ്രദോഷം, പൗർണ്ണമി; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2020 സെപ്തംബർ 27 – ഒക്ടോബർ 3)

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

2020 സെപ്തംബർ 27 ന് മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഏകാദശി, മാതാ അമൃതാനന്ദമയി ജന്മദിനം, പ്രദോഷം, പൗർണ്ണമി എന്നിവയാണ്. ആശ്വിന മാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി പാപാംകുശ ഏകാദശി, പത്മിനി ഏകാദശി എന്നെല്ലാം അറിയപ്പെടുന്നു. ഈ ദിവസം ഉപവാസത്തോടെ ഏകാദശി വ്രതമെടുത്ത് വിഷ്ണു ഭജനത്തോടെ അന്നദാനം നടത്തിയാൽ സകല പാപങ്ങളും നശിക്കും. ഏകാദശി തിഥി തുടങ്ങുന്ന 26 ന് വൈകിട്ട് വ്രത്രം തുടങ്ങണം. 27ന് പകൽ 1.35 നും രാത്രി 2.5 മിനിട്ടിനും മദ്ധ്യേയാണ് ഹരിവാസാരം. ഈ സമയത്ത് വിഷ്ണുസ്തുതികൾ ജപിക്കുന്നതാണ് ഏകാദശി അനുഷ്ഠാനത്തിലെ പ്രധാന നിഷ്ഠ. 28 ന് രാവിലെ 6.21 ന് ശേഷം പാരണ വിടാം. 27 ന് തന്നെയാണ് മാതാ അമൃതാനന്ദമയി ജന്മദിനം. ഒരു ലോകം ഒരു സാധന എന്ന സന്ദേശം ഉൾക്കൊണ്ട് ഈ ലോകത്തിന്റെ സുരക്ഷിതത്വത്തിനും ശാന്തിക്കും വേണ്ടി അമ്മയുടെ ഭക്തർ 27 ന് രാവിലെ 6.30 മുതൽ ദിവസം മുഴുവൻ സ്വന്തം ഭവനങ്ങളിൽ പ്രാർത്ഥനയിൽ മുഴുകുകയും കഴിയുന്ന നിസ്വാർത്ഥ സേവനങ്ങൾ നടത്തുകയും ചെയ്യുമെന്നാണ് അമൃതാനന്ദമയീ മഠം അറിയിച്ചിരിക്കുന്നത്. സെപ്തംബർ 29 നാണ് ശിവ പാർവതി പ്രീതികരമായ പ്രദോഷ വ്രതം. അന്ന് വ്രതം നോറ്റ് വൈകിട്ട് ശിവക്ഷേത്രത്തിൽ പ്രദേഷ പൂജയിൽ പങ്കെടുത്താൽ ഉമാമഹേശ്വര പ്രീതിയാൽ സകല സൗഭാഗ്യവും ലഭിക്കും. ഒക്ടോബർ ഒന്നിനാണ് പൗർണ്ണമി. അന്ന് വ്രതമെടുത്ത് പൗർണ്ണമി പൂജയിൽ പങ്കെടുത്താൽ സർവൈശ്വര്യമാണ് ഫലം. സെപ്തംബർ 28 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് രാശി മാറും. ഈ രാശി മാറ്റം മീനം, കുംഭം, വൃശ്ചികം രാശികളിൽ പിറന്നവർക്ക് നല്ലതല്ല. മറ്റ് രാശികളിൽ ജനിച്ചവർക്ക് ദാമ്പത്യസുഖവും മറ്റും ലഭിക്കും. 2020 ഒക്ടോബർ 3 ന് മേടക്കൂറിൽ അശ്വതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത ഫലം :

അശ്വതി
പല വഴികളിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും.
പക്ഷേ ചെലവ് വർദ്ധിക്കും. ആരോഗ്യ കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം. വ്യവഹാരം തടസപ്പെടും. വ്യായാമം, യോഗ, ഈശ്വരപ്രാർത്ഥന എന്നിവ മുടക്കരുത്. ഉദ്യോഗസ്ഥർ കീഴ് ജീവനക്കാരുടെയും ബിസിനസുകാർ സ്വന്തം ജീവനക്കാരുടെയും
ആവശ്യങ്ങൾ ശ്രദ്ധിക്കണം. ശ്രദ്ധാപൂർവ്വം ഉത്തരവാദിത്വങ്ങൾ നിറവേറ്റണം. പ്രത്യേക ചുമതല ഏറ്റെടുക്കും മുമ്പ് കുടുംബാംഗങ്ങളോട് വിശദമായി അതിന്റെ വരുംവരായ്കകൾ ആലോചിക്കണം.

ഭരണി
ഏറ്റെടുത്ത കർത്തവ്യങ്ങൾ ഭംഗിയായി നിറവേറ്റും. അനുകൂല സാഹചര്യങ്ങൾ സംജാതമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ഉത്കണ്ഠ സൃഷ്ടിക്കും. ആഢംബരത്തിനും
വിനോദത്തിനും കൂടുതൽ പണം ചെലവഴിക്കരുത്. പ്രതികൂലവും സങ്കീർണ്ണവുമായ സന്ദർഭങ്ങളിൽ ശുഭാപ്തി വിശ്വാസം കൈവിടാതെ മുന്നോട്ട് പോകണം. മാനസികമായ സമർദ്ദങ്ങൾ കുറയ്ക്കാൻ യോഗയും പ്രാർത്ഥനയും ഉപകരിക്കും. വിദ്യാർത്ഥികൾ അലസത വെടിയണം.

കാർത്തിക
കർമ്മ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കും.
മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും. ഉദ്യോഗക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം നേടുന്നതിന് ധ്യാനവും യോഗയും ശീലമാക്കുക. ഗൃഹ സുഖം വർദ്ധിക്കും. വ്യാപാരരംഗം അനുകൂലമാകും. യാദൃച്ഛികമായ സംഭവങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും. വീട് വിട്ട് നിൽക്കേണ്ടി വരും. ദമ്പതികൾക്കിടയിൽ പരസ്പര ധാരണ കുടും.

രോഹിണി
കർമ്മ രംഗത്ത് ലാഭവും നേട്ടങ്ങളും വർദ്ധിക്കുന്ന നിരവധി അവസരങ്ങൾ വന്നുചേരും. സാമ്പത്തിക പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ ഇത് മൂലം നിങ്ങൾക്ക് കഴിയും. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സമയം നല്ലതായിരിക്കും, മുതിർന്ന ബന്ധുക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. വിദേശത്ത് നിന്നും പലതരം ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങൾക്ക് വേണ്ടി മികച്ച നിക്ഷേപങ്ങൾ നടത്തും. പൂർവിക സ്വത്ത് ലഭിക്കും. ഗൃഹ സൗഖ്യമുണ്ടാകും. ദീർഘ യാത്രകൾ വേണ്ടി വരും.

മകയിരം
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തുന്നവർക്ക് നേട്ടമുണ്ടാകും. സ്വത്തോ വാഹനമോ വാങ്ങാൻ കഴിയും. ദാമ്പത്യത്തിലും പ്രണയത്തിലും സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. തിരിച്ചടികൾ അതിജീവിക്കും. ആകെക്കൂടി പ്രത്യേക ഊർജ്ജവും ഉത്സാഹവും കൈവരും. ഏറെക്കാലമായുള്ള ചില ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് കഴിയും. ഔദ്യോഗിക യാത്രകൾക്ക് സാദ്ധ്യത കാണുന്നു. എതിരാളികളുടെ നീക്കങ്ങൾ ഈശ്വരാധീനത്താൽ പരാജയപ്പെടുത്തും.

തിരുവാതിര

ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ബിസിനസിൽ വരുമാനം വർദ്ധിക്കും. ലാഭം കൂടും. കുടുംബ ജീവിതത്തിൽ നല്ല അനുഭവങ്ങൾ കാണുന്നു. പിതാവുമായുള്ള ബന്ധം ശക്തമാകും. പല സുപ്രധാന കാര്യങ്ങളിലും അദ്ദേഹം നൽകുന്ന ഉപദേശം പ്രയോജനപ്പെടും. ഒഴിവാക്കാനാകാത്ത യാത്രയ്ക്ക് സാധ്യത കാണുന്നു. മേലുദ്യോഗസ്ഥർ കാര്യക്ഷമത ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യും, ശത്രുക്കളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണം.

പുണർതം
കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. പുതിയ ബിസിനസ് സംരഭങ്ങൾ ആരംഭിക്കുന്ന കാര്യം ഈ സമയത്ത് ചിന്തിക്കാം. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, പരിചയസമ്പന്നരുടെ ഉപദേശം തേടേണ്ടതാണ്. പരുഷമായ പെരുമാറ്റവും കോപവും നിയന്ത്രിക്കണം. അല്ലെങ്കിൽ പ്രിയപ്പെട്ടവർ വരെ എതിരാകും. പല കാര്യങ്ങളോടുമുള്ള അലസ മനോഭാവം അശ്രദ്ധയിലേക്കും കുഴപ്പത്തിലേക്കും നയിക്കും. ചെയ്ത് തീർക്കാനുളള കാര്യങ്ങൾ നീട്ടിവെയ്ക്കാതെ കഴിയുന്നതും വേഗം പൂർത്തിയാക്കാൻ ശ്രമിക്കണം. ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും.

പൂയം
ആത്മീയവും മതപരവുമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാട്ടും. ഈ സമയത്ത് ഏർപ്പെടുന്ന സംരംഭങ്ങളിലെല്ലാം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. തൊഴിൽ സ്ഥലത്ത് അനുകൂല ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടി വരും. ഏറ്റവും അടുത്ത ആളുകളോട് പോലും ഉള്ളിലുള്ള വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ കഴിയില്ല, ഇത് മാനസികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഉപരിപഠനത്തിന് മികച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ലഭിക്കും.

ആയില്യം
ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ജോലിസ്ഥലത്ത് നിങ്ങൾ ശ്രദ്ധാകേന്ദ്രമാകും. മേലുദ്യോഗസ്ഥരോട് നിർഭയം പുതിയ ആശയങ്ങൾ പങ്കുവയ്ക്കും. അതിലൂടെ പ്രശസ്തിയും ആദരവും ലഭിക്കും. ഗൃഹനിർമ്മാണം വീണ്ടും തുടങ്ങും. വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനം വേണ്ടി വരും. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് ഒരു സുഹൃത്തിന്റെ സഹായത്താൽ മികച്ച അവസരം ലഭിക്കും. കുടുംബപരമായ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും.

മകം
സംയുക്ത സംരംഭങ്ങളില്‍ നിന്ന് ലാഭവും നേട്ടവും പ്രതീക്ഷിക്കാം. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നതയും തെറ്റിദ്ധാരണയും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവിത പങ്കാളിയുമൊത്ത് നല്ല ചില നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും. ആരോഗ്യ കാര്യങ്ങളില്‍ ശരിയായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ആത്മവിശ്വാസക്കുറവ് തോന്നാം. കഠിനാദ്ധ്വാനത്തിനൊത്ത ഫലം ലഭിക്കണമെന്നില്ല. വീഴ്ചകളും തെറ്റുകളും ആവര്‍ത്തിക്കാത്തിരിക്കാനും പാഠങ്ങള്‍ ഉള്‍ക്കൊളളാനും ശ്രമിക്കണം. ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തരുത്.

പൂരം
ഭാഗ്യത്തിന്റെ പിന്തുണ എല്ലാക്കാര്യങ്ങളിലും അനുഗ്രഹമായി തോന്നും. ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാനും പ്രാര്‍ത്ഥന സഹായകമാകും. ബന്ധുമിത്രാദികളുടെ കരുതലിൽ സന്തോഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരില്‍ നിന്ന് പിന്തുണയും അനുഗ്രഹവും ലഭിക്കും. കളത്ര പുത്രാദികളോടുള്ള ദേഷ്യം തീർക്കാൻ എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കരുത്. ആലോചനയില്ലാത്ത പ്രവർത്തികൾ കഷ്ടപ്പെട്ട് നേടിയ പല കാര്യങ്ങളും നശിപ്പിക്കും.

ഉത്രം
ഉദ്യോഗത്തില്‍ മികച്ച നേട്ടങ്ങളുണ്ടാകും. എതിരാളികളുടെ നീക്കങ്ങള്‍ ജാഗ്രതയോടെ ശ്രദ്ധിക്കണം. ഉറ്റബന്ധങ്ങളില്‍ ചില വിള്ളലുകള്‍ ഉണ്ടാകും. പരസ്പരം മനസിലാക്കാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ അത് പരിഹരിക്കപ്പെടുകയുള്ളു. കലാപരമായ കഴിവുകൾ വികസിപ്പിക്കും. കലാ സാഹിത്യ രംഗത്തെ എല്ലാ പ്രവർത്തികളിലും വിജയിക്കാൻ കഴിയും ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിക്കും. ദീര്‍ഘകാലമായി അലട്ടുന്ന രോഗക്ലേശങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.

അത്തം
സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് ഈ സമയത്ത് ചില തടസങ്ങള്‍ നേരിടാം. നിങ്ങളുടെ പെരുമാറ്റം ജീവിത പങ്കാളിയെ വേദനിപ്പിക്കും. കടുത്ത വാക്കുകളും മോശം പെരുമാറ്റവും ഒഴിവാക്കണം. ഔദ്യോഗിക ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. വേണ്ടത്ര ആലോചനയില്ലാതെ ഒരു തീരുമാനവും എടുക്കരുത്. ബിസിനസ് പങ്കാളിയോട് കാര്യങ്ങള്‍ സുതാര്യമായും വ്യക്തമായും തുറന്ന് സംസാരിക്കണം. സ്വന്തം സന്തോഷത്തിന് സമയം കണ്ടെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

ചിത്തിര
പണം സൂക്ഷിച്ച് ചെലവഴിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ബുദ്ധിപരമായ കഴിവുകളും ചിന്താശേഷിയും വര്‍ദ്ധിക്കും. ആത്മീയ വിഷയങ്ങളില്‍ താത്പര്യം കൂടും.
ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹിക്കുന്ന വിഷയത്തിൽ മികച്ച സ്ഥാപനത്തിൽ ചേരാന്‍ കഴിയും. സന്താനങ്ങളോട് സൗമ്യമായി പെരുമാറണം. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. വ്യാപാരത്തിൽ എതിരാളികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. കർമ്മരംഗത്ത് മിന്നിത്തിളങ്ങും.

ചോതി
എല്ലാ പ്രതിബന്ധങ്ങളെയും കർശനമായി നേരിടാനും അതിവേഗം പരിഹരിക്കാനും കഴിയും. പഴയ കടങ്ങളും ബാങ്ക് വായ്പകളും തിരിച്ചടയ്ക്കാൻ സാധിക്കും. സന്താനങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. കോടതി വ്യവഹാരവും നിയമപരമായ കാര്യങ്ങളും അനുകൂലമായി കലാശിക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാൻ പറ്റിയ സമയമാണ്. ലക്ഷ്യപ്രാപ്തി നേടുന്നതിന് കഠിനാധ്വാനം നടത്തും. പ്രണയബന്ധം പൂവണിയും,

വിശാഖം
ആഢംബരവും സുഖസൗകര്യങ്ങളും വര്‍ദ്ധിക്കും.
അവിവാഹിതർ പ്രണയ രഹസ്യം വീട്ടിൽ തുറന്നു പറയുന്നതിനുള്ള സാഹചര്യം ഉണ്ടാകും. സന്താനങ്ങളുടെ നേട്ടങ്ങൾ കുടുംബത്തില്‍ സന്തോഷത്തിന് കാരണമാകും. ദാമ്പത്യത്തിൽ വളരെ ശുഭകരമായ അനുഭവങ്ങളുണ്ടാകും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ യാതൊരു ഉപേക്ഷയും കാട്ടരുത്. സന്താനങ്ങൾ പഠനത്തിൽ ശോഭിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാകും.

അനിഴം
ആരോഗ്യപ്രശ്‌നങ്ങള്‍ ഉത്കണ്ഠയ്ക്ക് കാരണമാകും.
മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രണയത്തിൽ മുഴുകി ദിവാസ്വപ്നങ്ങൾ കണ്ട് സമയം വെറുതെ കളയരുത്. വ്യായാമം മുടക്കരുത്. ശാരീരിക ക്ഷമതയുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന കാര്യം മറന്ന് ജീവിക്കരുത്. ലഹരി വസ്തുക്കളിലുള്ള അമിത താല്പര്യം നിയന്ത്രിക്കണം . വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. ബിസിനസ്
രംഗത്ത് കഴിവിന്റെ പരമാവധി യത്നിക്കും. പെട്ടെന്ന് ക്ഷോഭിക്കും.

തൃക്കേട്ട
കുടുംബ ജീവിതത്തിൽ ഒട്ടേറെ ശുഭകരമായ അനുഭങ്ങള്‍ പ്രതീക്ഷിക്കാം. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി മികച്ച നേട്ടങ്ങൾ കൈവരിക്കും. അതിവേഗം അലോസരപ്പെടുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യുന്നത് വ്യക്തിപരമായും തൊഴില്‍പരമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് മനസിലാക്കി പെരുമാറ്റത്തിലും മനോഭാവത്തിലും വരുത്തുന്ന മാറ്റം കളത്ര പുത്രാദികളെ സന്തോഷിപ്പിക്കും. അനാവശ്യമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവരെ അവഗണിക്കും. ശത്രുക്കളെ ജയിക്കും. നേതൃത്വശേഷി വർദ്ധിക്കും. ഉന്നത സ്ഥാനമാനങ്ങൾ തേടിയെത്തും. അധികാരം സമർത്ഥമായി പ്രയോജനപ്പെടുത്തും.

മൂലം
സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കടം വാങ്ങിയ പണം ഇപ്പോൾ തിരികെ ആവശ്യപ്പെടും. വീടിന്റെ നവീകരണമോ നിര്‍മ്മാണമോ വീണ്ടും ആരംഭിക്കും. പെരുമാറ്റവും മനോഭാവവും മൂലം നിങ്ങള്‍ക്ക് എല്ലാവരേയും ആകര്‍ഷിക്കാന്‍ കഴിയും. പത്രപ്രവര്‍ത്തനവും സാഹിത്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പുരോഗതിയുണ്ടാകും. സാമൂഹ്യ മാദ്ധ്യമങ്ങളിൽ തിളങ്ങും. നല്ല വാര്‍ത്തകള്‍ കേൾക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. മാതാവുമായുള്ള ബന്ധം ഊഷ്മളമാകും.

പൂരാടം
മാതാവിന്റെ ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തണം. പ്രണയ ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ മുളപൊട്ടും. വിദ്യാര്‍ത്ഥികൾ എല്ലാ പ്രതിബന്ധങ്ങളെയും അറിവിലൂടെയും ബുദ്ധിസാമർത്ഥ്യത്തിലൂടെയും മറികടക്കും. കുടുംബത്തിലെ ഇളം തലമുറയുമൊത്ത് ചെലവഴിക്കുന്ന സമയം സന്തോഷകരമാകും.
പിതാവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, ഇരുവരും മനസ്സ് തുറന്ന് സംസാരിച്ചത് അത് പരിഹരിക്കണം. സംസാരത്തിലെ പരുഷത ഒഴിവാക്കണം. ഇല്ലെങ്കിൽ കുടുംബാംഗങ്ങളും
അടുത്ത സുഹൃത്തുക്കളും വരെ അകന്നു പോകും.

ഉത്രാടം
സാമ്പത്തികമായി കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. അതിനാല്‍ പണവും സ്വത്തും ശ്രദ്ധിച്ച് ഉപയോഗിക്കണം. കഴിയുമെങ്കിൽ ഒരു രൂപ പോലും കടം വാങ്ങരുത്. കുട്ടികളുടെ ആവശ്യത്തിന് വച്ചിരിക്കുന്ന പണമെടുത്ത് ആരെയും സഹായിക്കരുത്. നിക്ഷേപങ്ങൾ എടുത്ത് ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കാത്ത പക്ഷം, പിന്നീട് ചില വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടും . മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ അർഹമായ ബഹുമാനം നൽകണം.

തിരുവോണം
കർമ്മ രംഗത്ത് സ്വന്തം കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ വിമുഖത കാട്ടരുത്. അത് സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കും. സഹോദരങ്ങളുമായി ചെലവഴിക്കുന്ന സമയം അഹ്ലാദകരമാകും. കായിക രംഗത്ത് അനുകൂല സമയമാണ്. ഈ സമയത്ത് നിങ്ങളുടെ കഴിവുകള്‍ പൂർണ്ണ തോതിൽ പ്രദര്‍ശിപ്പിക്കുന്നതിന് നല്ല അവസരം ലഭിക്കും. മാതാവുമായി ഭാര്യയെച്ചൊല്ലി കലഹത്തിന് നിൽക്കരുത് അമ്മയുമായി മനസ്സ് തുറന്ന് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് മനസമാധാനത്തിന് നല്ലത്.

അവിട്ടം
എല്ലാ ആഢംബരങ്ങളും സുഖസൗകര്യങ്ങളും ആസ്വദിക്കാനാകും. പ്രണയത്തിൽ നവീനാനുഭൂതികൾ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ആലോചിച്ച് അമിതമായി ആശങ്കപ്പെടരുത്. വെറുതെ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കരുത്. മറ്റു രീതിയിൽ ശുഭകരമായ സമയമാണ്. ചില മാനസിക പ്രശ്നങ്ങളില്‍ നിന്നും വിഷമങ്ങളില്‍ നിന്നും മുക്തി ലഭിക്കും. അത് സമ്മാനിക്കുന്ന പ്രസരിപ്പും ഉന്മേഷവും കുടുംബത്തില്‍ സന്തോഷത്തിന് കാരണമാകും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.

ചതയം
കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിച്ച് സ്വന്തം ഉല്‍പാദനക്ഷമത വർദ്ധിപ്പിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് നിര്‍ണായക സമയമാണ്. അലസത വെടിഞ്ഞ് ജാഗ്രതയോടെ പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുക്കണം. നഷ്ട സാധ്യത കൂടുതൽ ഉള്ളത് കൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധയും കണിശതയും പ്രദർശിപ്പിക്കണം. ഈ സമയത്ത് ആർക്കും വായ്പ നല്‍കുകയോ ആരോടും കടം വാങ്ങുകയോ ചെയ്യരുത്. എല്ലാവരോടും സൗമ്യമായി പെരുമാറണം. പ്രതിച്ഛായ മോശമാകാന്‍ വളരെയധികം സാധ്യതയുണ്ട്. കരുതലോടെ അപരിചിതരോടും എതിർ ലിംഗത്തിൽ ഉള്ളവരോടും പെരുമാറുക.

പൂരുരുട്ടാതി
പണം നിക്ഷേപിക്കുന്ന കാര്യത്തിൽ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവരോടോ സാമ്പത്തിക കാര്യങ്ങളിൽ വൈദഗ്ധ്യം ഉള്ളവരോടോ കൂടിയാലോചിക്കണം. ആരോഗ്യകാര്യങ്ങള്‍ ശരിക്കും ശ്രദ്ധിക്കണം. ഉദര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ നേരിടാം. ധൈര്യപൂർവമുള്ള നിക്കങ്ങൾ അഭിലാഷങ്ങൾ പൂവണിയിക്കും. ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കും. അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്നോ ആളുകളില്‍ നിന്നോ ആവശ്യമായ പിന്തുണയും സഹായവും ലഭിക്കും. സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.

ഉത്തൃട്ടാതി
വ്യക്തിജീവിതത്തിൽ ചില കാര്യങ്ങൾ അത്ര ശുഭകരമാകില്ല. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാൻ കഴിയും. യാത്രകൾ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള അവസരങ്ങള്‍ സംജാതമാക്കും. വിവിധ വശങ്ങൾ വിലയിരുത്താതെ തിടുക്കത്തില്‍ തീരുമാനങ്ങൾ എടുത്താൽ വലിയ നഷ്ടമുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലർത്തണം. അനാരോഗ്യകരമായ ഭക്ഷണരീതി ഒഴിവാക്കണം. ബിസിനസുകാര്‍ക്ക് സമയം അനുകൂലമാണ്. കടുത്ത മാനസിക ഉത്കണ്ഠകളില്‍ നിന്നും ആശ്വാസം ലഭിക്കും. വികാരങ്ങൾക്ക് അടിപ്പെടാതെ യുക്തിപൂർവ്വം കാര്യങ്ങൾ വിശകലനം ചെയ്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കും. രക്ഷിതാക്കളില്‍ നിന്നുള്ള പിന്തുണ വഴി ഏറെക്കാലമായി നിങ്ങളെ അലട്ടുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

രേവതി
ഔദ്യോഗിക രംഗത്ത് ശ്രദ്ധയോടെ, ജാഗ്രതയോടെ വേണം ഒരോ കാര്യവും നീക്കേണ്ടത്. സർക്കാറിൽ നിന്നും ലഭിക്കുന്ന അനുകൂല്യങ്ങൾ എല്ലാ തരത്തിലും ആശ്വാസമാകും. ചര്‍മ്മവുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ക്ക് സാധ്യത കാണുന്നു. ദിനചര്യയില്‍ ചില മാറ്റങ്ങൾ വരുത്തും. കുറച്ച് സമയം ധ്യാനത്തിനും പ്രാർഥനയ്ക്കും മാറ്റിവയ്ക്കും. കൂടുതല്‍ പണം
സമ്പാദിക്കുകയും വിഭാവന ചെയ്യുന്ന സംരംഭങ്ങൾക്ക് കൂടുതല്‍ ധനം സ്വരൂപിക്കുകയും ചെയ്യും. ചിലര്‍ പണം സമ്പാദിക്കാന്‍ കുറുക്കുവഴി ഉപയോഗിക്കാന്‍ മടിക്കില്ല. അത് ഒഴിവാക്കിയില്ലെങ്കിൽ, ലാഭത്തിനു പകരം വലിയ നഷ്ടമുണ്ടാകും. സംസാരം നിയന്ത്രിക്കണം. ഓഫീസ് പരദൂഷണങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ട് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

(നിങ്ങളുടെ നക്ഷത്രവും ജന്മക്കൂറും അറിയാൻ ജനനത്തീയതിയും ജനനസമയവും ഇ – മെയിൽ ചെയ്യുക: contact@neramonline.com)

error: Content is protected !!
Exit mobile version