Monday, 20 May 2024

ഏകാദശി, പ്രദോഷം, ഹനുമദ് ജയന്തി; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2024 ജനുവരി 7 – 13 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സ്വർഗ്ഗവാതിൽ ഏകാദശി കഴിഞ്ഞ് വരുന്ന സഫല ഏകാദശിയോടെ ആരംഭിക്കുന്ന ഈ ആഴ്ചയിലെ മറ്റ് പ്രധാന വിശേഷങ്ങൾ പ്രദോഷ വ്രതം, ഹനുമദ് ജയന്തി, അമാവാസി എന്നിവയാണ്. വാരം തുടങ്ങുന്ന ദിവസം തന്നെയാണ് സഫല ഏകാദശി. പൗഷാമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് സഫല ഏകാദശി. ധനു മാസത്തിലെ ഈ ദിവസം ഭഗവാന്‍ അച്യുതനെ പൂജിക്കുന്നതിനാണ് വിശേഷ വിധിയുള്ളത്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ പ്രഭാത സ്നാനം കഴിഞ്ഞശേഷം ഭഗവാന് ആരതി നടത്തുകയും ഭഗവദ് വിഗ്രഹം അലങ്കരിച്ച് നിവേദ്യം സമര്‍പ്പിക്കുകയും വേണം. ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും ആഹാരവും യഥാശക്തി ദാനവും നല്‍കണം. രാത്രി ഉറക്കമൊഴിഞ്ഞ് ഭഗവദ് കീര്‍ത്തനങ്ങള്‍ ചൊല്ലണം. ഈ വ്രതാനുഷ്ഠാനം കൊണ്ട് സകല അഭീഷ്ടങ്ങളും സഫലമാകും. 2024 ജനുവരി 8 ന് ദ്വാദശി നാളിൽ രാവിലെ 9:23 ന് മുൻപ് പാരണ വിടാം . അഖണ്ഡ നാമജപത്തിന് ഉത്തമായ ഹരിവാസര വേള ജനുവരി 7 ന് വൈകിട്ട് 6:41 മുതൽ 8 ന് രാവിലെ 6:30 വരെയാണ്. ജനുവരി 9 നാണ് പ്രദോഷ വ്രതം.
ശ്രീപാര്‍വ്വതിയെ സന്തോഷിപ്പിക്കാനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാസമയം. എല്ലാ മാസവും 2 പക്ഷത്തിലും പ്രദോഷ വ്രതമെടുക്കാം. തലേദിവസം വ്രതം തുടങ്ങണം. മത്സ്യമാംസാദി ഭക്ഷണം പാടില്ല. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യയ്ക്ക് ശിവക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കാം. പകല്‍ ഭക്ഷണം കഴിക്കരുത്. ചിലർ സന്ധ്യയ്ക്ക് വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കുന്നു. പഞ്ചാക്ഷരമന്ത്രം വ്രതദിവസം എപ്പോഴും ജപിക്കണം. ശിവപുരാണം, അഷേ്ടാത്തര ശതനാമാവലി, സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ശിവക്ഷേത്രദര്‍ശനം; കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ ആചരിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിനും ഏറെ ഉത്തമം. ജനുവരി 10 നാണ് ഹനുമദ് ജയന്തി. കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം. ഉത്തരേന്ത്യയിൽ ഹനുമദ് ജയന്തി ചൈത്രമാസത്തിലെ ചിത്രാപൗർണ്ണിമയ്ക്കാണ്. ഈ ദിവസം മീനം – മേടമാസത്തിൽ വരും. 2024 ഏപ്രിൽ 23 ന്. എന്നാൽ കേരളത്തിൽ ഹനുമദ് ജയന്തിയായി പ്രധാനമായും ആചരിക്കുന്നത് ധനുമാസത്തിലെ മൂല നക്ഷത്രമാണ്. ഈ ദിവസം എല്ലാ ഹനുമദ് ക്ഷേത്രത്തിലും വിശേഷാൽ പൂജകളും ആഘോഷങ്ങളും നടക്കും. ജനുവരി 11 നാണ് ധനു മാസത്തിലെ അമാവാസി. ജനുവരി 7 ന് വിശാഖം നക്ഷത്രത്തിൽ തുടങ്ങുന്ന വാരം ജനുവരി 13 ന് അവിട്ടം നക്ഷത്രത്തിൽ അവസാനിക്കും.

ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ജോലിയിലെ സമ്മർദ്ദം കാരണം ചെറിയ അസുഖങ്ങൾ വരാം. പണച്ചെലവ് കൂടുമെങ്കിലും ധനസ്‌ഥിതി അനുകൂലമാകും. സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കാൻ ശ്രമിക്കുക. സ്വാധീനമുള്ള നിരവധി ആളുകളുമായി ബന്ധപ്പെടും. ദമ്പതികൾ പരസ്പരം കൂടുതൽ അടുക്കും. ജോലിയിൽ കഴിവുകൾ വർദ്ധിപ്പിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല സമയമാണ്. പുതിയ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കും. സന്തോഷാനുഭവങ്ങളുണ്ടാകും. കലാരംഗത്ത് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ശത്രുക്കൾ മിത്രങ്ങളാകും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കും. ഓം ശരവണ ഭവഃ നിത്യവും ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
കർമ്മരംഗത്ത് മികച്ച നേട്ടമുണ്ടാകും. വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് നല്ല ചില വാർത്തകൾ കേൾക്കും. അപ്രതീക്ഷിതമായി വൻ സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യസ്ഥ‌ിതി ഏറെ മെച്ചപ്പെടും. നഷ്‌ടപ്പെട്ടെന്നു കരുതിയ ചില വസ്തുതകൾ തിരിച്ചു ലഭിക്കും. പുതിയ ചില ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നും ഗുണാനുഭവം വർദ്ധിക്കും. പരിചയമുള്ള ഒരാൾ‌ വലിയ പദ്ധതികളിലൂടെ ശ്രദ്ധ ആകർഷിക്കും. അശ്രദ്ധമായ പെരുമാറ്റം കുഴപ്പങ്ങൾക്ക് കാരണമാകും. ജോലിസ്ഥലത്ത് പ്രശ്നങ്ങളുണ്ടാകും.
നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യം മെച്ചപ്പെടും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അപ്രതീക്ഷിമായി പണം ലഭിക്കും. നിക്ഷേപവും ചെലവും സംബന്ധിച്ച് തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കും. പുതിയ വാഹനം വാങ്ങാൻ കഴിയും. ജീവിതപങ്കാളിയുടെ പരിചരണം ലഭിക്കും. ഭാഗ്യത്തിന്റെ പിന്തുണയിലൂടെ ജോലിയിൽ വിജയിക്കും. അഭൂതപൂർവമായ വെല്ലുവിളികളും പ്രതിബന്ധങ്ങളും അഭിമുഖീകരിച്ച് പുരോഗതി കൈവരിക്കാൻ കഴിയും. ധാർമ്മിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കുടുംബവരുമാനം വർദ്ധിക്കാൻ സാദ്ധ്യത കാണുന്നു.
ദിവസവും 108 ഉരു ഓം നമോ നാരായണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ഗൃഹത്തിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തും. ഉത്തരവാദിത്വമുള്ള സ്‌ഥാനമാനങ്ങൾ ഏറ്റെടുക്കും. ആരോഗ്യപരമായ ആശങ്കകൾക്ക് പരിഹാരം കാണാൻ സാധിക്കും. കുടുംബസമേതം വിദൂര യാത്രകൾ ചെയ്യും. സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. പുതിയ സംരംഭം ആരംഭിക്കും. സൽപ്പേരും കീർത്തിയും നേടും. വിവാഹം ഉറപ്പിക്കും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. ജീവിതത്തിൽ അസുലഭമായ ഉയർച്ചകൾ ഉണ്ടാകുന്ന സമയമാണ്. ശുഭചിന്ത വർദ്ധിക്കും. പ്രിയപ്പെട്ടവരോടുള്ള അകൽച്ചയും അഭിപ്രായഭിന്നതകളും പരിഹരിക്കും.
ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 ഉരു ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മന:സമാധാനം വർദ്ധിക്കും. പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകും. വ്യാപാരത്തിൽ ഗംഭീര നേട്ടങ്ങൾ കൈവരിക്കും. അപ്രതീക്ഷിതമായി ധനലാഭമുണ്ടാവും. കലാകായിക രംഗത്ത് അഭിമാനകരമായ വിജയം നേടും. കർമ്മരംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കും. വിദേശജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ അകലും. സന്താനങ്ങളുടെ നേട്ടത്തിൽ സന്തോഷം ഉണ്ടാകും. കുടുംബസ്വത്തുതർക്കങ്ങൾ രമ്യമായി പരിഹരിക്കും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങളുടെ പിൻതുണ ലഭിക്കും. ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണ വളരെ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് ചില പ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. ഭൂമി സംബന്ധമായ തടസ്സം മാറും. ശനിയാഴ്ചകളിൽ നീരാജനം തെളിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ജോലിഭാരം വർദ്ധിക്കും. മാനസികമായ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. മികച്ച ചില നിക്ഷേപങ്ങൾ നടത്താൻ തീരുമാനിക്കും. മുതിർന്ന ചില വ്യക്തികളുടെ പിന്തുണ വലിയ പ്രശ്‌നങ്ങളിൽ നിന്ന് കരകയറുന്നതിന് സഹായിക്കും. എന്തു കാര്യവും ഒരു മടിയും കൂടാതെ എവിടെയും വെട്ടിത്തുറന്നു പറയും. പെരുമാറ്റത്തിലെ സൗമ്യത ജീവിതപങ്കാളിക്ക് സന്തോഷം പകരും. മോശം ശീലങ്ങളെല്ലാം ഒഴിവാക്കാൻ ശ്രമിക്കും. പദ്ധതികൾക്കും നിർദ്ദേശങ്ങൾക്കും ജോലിസ്ഥലത്ത് അത്ര പ്രാധാന്യം കിട്ടി എന്ന് വരില്ല. മത്സരപരീക്ഷകളിൽ വിജയം ലഭിക്കും. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനാകും.
ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 ഉരു ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
കർമ്മരംഗത്ത് ധാരാളം പുതിയ അവസരങ്ങൾ ലഭിക്കും. പ്രിയപ്പെട്ടവിഷയങ്ങൾ പഠിക്കാൻ സാധിക്കും. ആശങ്കകൾ ഒഴിഞ്ഞു പോകും. പരീക്ഷണങ്ങളിൽ മികച്ച വിജയം ലഭിക്കും. കുടുംബസമ്മേതം വിദൂരയാത്രകൾ നടത്തും. ആരോഗ്യപ്രശ്‌നങ്ങൾ മാറും. പൊതു രംഗത്ത് ശോഭിക്കാൻ അവസരം ലഭിക്കും. കലാ – സാഹിത്യ വേദികളിൽ തിളങ്ങാൻ കഴിയും. ഗൃഹനിർമ്മാണതിന് അനുകൂലമായ സമയമാണ്. വാക്ക് പാലിക്കാൻ കഴിയും. ജീവിതപങ്കാളിയുടെ സ്നേഹവും പരിഗണനയും ധാരാളം ലഭിക്കും. ജീവിതത്തിന്റെ വിവിധ തുറകളിൽ ഉയർച്ചയും വളർച്ചയും നേടാൻ കഴിയുന്ന സമയമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഓം ശ്രീം നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മാതാവിനെ രക്ഷിക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലെ അശ്രദ്ധ ദോഷം ചെയ്യും. മുതിർന്നവരുടെ ഉപദേശം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. ദേഷ്യവും വാശിയും നിയന്ത്രിക്കണം. ഔദ്യോഗിക കാര്യത്തിൽ ഇത് മികച്ച സമയമാണ്. ബിസിനസ്സ് വളർത്തുന്നതിന് സഹായിക്കാൻ സഹോദരങ്ങൾ മുന്നോട്ട് വരാൻ സാധ്യത കാണുന്നുണ്ട്. പ്രമുഖരായ വ്യക്തികളുമായുള്ള അടുപ്പം തൊഴിൽരംഗത്ത് ഗുണം ചെയ്യും. കലാരംഗത്തുള്ളവർക്ക് അംഗീകാരങ്ങളും അവസരങ്ങളും വർദ്ധിക്കും. ഭൂമി വാങ്ങാൻ പറ്റിയ സമയമാണ്. സൗഹൃദങ്ങൾ വഴി നേട്ടം കൈവരും. വസ്‌തുത്തർക്കത്തിന് പരിഹാരം കാണാൻ സാധിക്കും. എന്നും ഓം ഹം ഹനുമതേ നമഃ ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുമ്പ് പരാജയപ്പെട്ട കാര്യങ്ങളിൽ വിജയം കൈവരിക്കും. കുടുംബസമ്മതം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.
ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള സമയമാണിത്. പങ്കാളിയുടെ മുന്നിൽ മനസ്സ് തുറക്കുന്നതിന് ഒരു മടിയും കാണിക്കില്ല. ജോലിക്ക് പതിവിലും പ്രാധാന്യം നൽകും. നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കാനാകും. കഠിനാദ്ധ്വാനത്തിന്റെ പൂർണ്ണ ഫലങ്ങൾ നേടാനാകും. വിവാഹിതരായവർക്ക് ജീവിതം കൂടുതൽ ആസ്വദിക്കാനാകും. സഹോദരങ്ങൾ സഹായിക്കും. നിത്യവും ഓം നമഃ ശിവായ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ദീർഘകാലമായി മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കുന്ന സമയമാണിത്. സാമ്പത്തിക നേട്ടമുണ്ടാകും. വിവാഹ തടസ്സം മാറും. നിലപാടുകളിൽ യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചയും നടത്തില്ല. പുതിയ ബന്ധങ്ങൾ ഉണ്ടാവും. പുണ്യ സ്‌ഥലങ്ങൾ സന്ദർശിക്കും. കർഷകർക്ക് ആദായം വർദ്ധിക്കും. കലാ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം കിട്ടും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക. രാത്രിയിൽ വൈകിയുള്ള ഡ്രൈവിംഗ് ഒഴിവാക്കുക. പെട്ടെന്ന് പണം ലഭിക്കാനുള്ള അവസരങ്ങൾ തെളിയും. മുതിർന്ന വ്യക്തികളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് ഒരു നല്ല കമ്പനിയിൽ അഭിമുഖത്തിനായി ക്ഷണം ലഭിച്ചേക്കാം.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തിക പുരോഗതിയുണ്ടാകും. വിലപിടിപ്പുള്ള ചില ഗൃഹോപകരണങ്ങൾ വാങ്ങിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജീവിതപങ്കാളിയുമായി തർക്കത്തിലോ വഴക്കിലോ മറ്റുള്ളവരെ ഇടപെടാൻ അനുവദിക്കരുത്. ചുഷണങ്ങൾ അതി ജീവിക്കാൻ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ വളരെ ശുഭകരമായ ഫലം ലഭിക്കും. എല്ലാ ജോലിയും ഊർജ്ജസ്വലതയോടെ വേഗം പൂർത്തിയാക്കാൻ കഴിയും. സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ശുഭ ഫലങ്ങൾ പ്രതീക്ഷിക്കാം. ചില യാത്രകൾ മാറ്റിവയ്ക്കും. ആഗ്രഹിച്ച വിവാഹത്തിന് യോഗമുണ്ട്. വായ്പ എളുപ്പം ലഭിക്കും. സ്‌ഥാനക്കയറ്റത്തിനു സാദ്ധ്യത. മാന്യത കൂടും.
നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മാനസിക സമ്മർദ്ദമില്ലാതെ ജീവിക്കാൻ കഴിയും. ബിസിനസ്സിൽ മികച്ച വിജയം ലഭിക്കും. വരവിനനുസരിച്ച് ചെലവുകളും ഉയരും. സമയം വെറുതെ പാഴാക്കരുത്. പതിവിലും കൂടുതൽ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. വിനോദ പരിപാടികൾ ആസ്വദിക്കുന്നതിന് അവസരങ്ങൾ ലഭിക്കും. കലാരംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി നിറവേറ്റാൻ ശ്രദ്ധിക്കും. കൂടപ്പിറപ്പുകൾക്ക് സാമ്പത്തിക സഹായം നൽകും. വിദ്യാർത്ഥികൾക്ക് നല്ല മാർക്ക് ലഭിക്കും. ഉത്കണ്ഠപ്പെട്ട കാര്യങ്ങൾ ശുഭമായി പര്യവസാനിക്കും. അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. പുതിയ അറിവുകൾ നേടുന്നതിന് അവസരം ഉണ്ടാകും.
ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 ഉരു ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

error: Content is protected !!
Exit mobile version