Friday, 22 Nov 2024

ഏതൊരു കർമ്മത്തിന്റെയും പൂർണ്ണ ഫലം ലഭിക്കാൻ ആദ്യം ഗണേശനെ സ്മരിക്കണം

ജ്യോതിഷരത്നം വേണു മഹാദേവ്

ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും അകറ്റാനും വിവേചന ശക്തിയും കർമ്മശേഷിയും വർദ്ധിപ്പിക്കുവാനും ഗണേശ ചതുർത്ഥി നാളിലെ ഗണപതി പൂജ ഉപകരിക്കും. മനുഷ്യ ശരീരത്തിലെ കുണ്ഡിലിനി ശക്തിയുടെ ഉറവിടവും ആത്മീയ ചൈതന്യത്തിന്റെ കേന്ദ്രസ്ഥാനവുമായ മൂലാധാരത്തിന്റെ അടിസ്ഥാനദേവതയാണ്ഗണപതി. ചിങ്ങത്തിലെ കറുത്തവാവിനെ തുടർന്ന് വരുന്ന നാലാം ദിവസമാണ് വിനായകചതുർത്ഥി. ഭഗവാന്റെ അവതാര ദിവസമായ ഇത് ഗണേശോപാസകർക്ക് ഏറ്റവും പ്രധാന ദിവസങ്ങളിൽ ഒന്നാണിത്. ഗണേശാവതാരത്തെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ഇതിൽ പ്രചുര പ്രചാരം നേടിയ കഥ ഇങ്ങനെ:

ശിവപാർവ്വതിമാർ വിവാഹ ശേഷം കൈലാസത്തിൽ വസിക്കുകയായിരുന്നു. ഒരു നാൾ ഭഗവാൻ നായാട്ടിനായി വനത്തിൽ പോയി. ഈ സമയത്ത് പാർവ്വതി ദേവി ഒരു ദിവ്യബാലനെ സൃഷ്ടിച്ച് അന്ത:പുരത്തിന് കാവൽ നിറുത്തി സ്‌നാനത്തിന് പോയി. അപ്പോൾ തിരിച്ചു വന്ന ശിവനെ അന്ത:പുരത്തിൽ പ്രവേശിക്കുവാൻ ബാലൻ അനുവദിച്ചില്ല. കുപിതനായ ശിവൻ തന്റെ ശൂലായുധം കൊണ്ട് ബാലന്റെ ശിരസ്‌ വേർപേടുത്തി. കുളികഴിഞ്ഞ് തിരിച്ചെത്തിയ പാർവ്വതി തന്റെ പുത്രൻ ശിരസില്ലാതെ കിടക്കുന്നതു കണ്ട് ദീനമായി വിലപിക്കുവാൻ തുടങ്ങി. ദേവിയെ ശാന്തനാക്കാൻ ശിവൻ ഒരു ആനയുടെ ശിരസ്‌ ചേർത്തു കൊണ്ട് ഗണപതിയെ പുനർജനിപ്പിക്കുകയും തന്റെ ഗണങ്ങളുടെയെല്ലാം അധിപനായി വാഴിക്കുകയും ചെയ്തു. അങ്ങനെയാണ് ഗണപതി എന്ന പേരുണ്ടായത്. ഏതൊരു കാര്യത്തിനും പ്രഥമഗണനീയൻ എന്ന സ്ഥാനവും ഭഗവാൻ മകന് നൽകി. ഏതൊരു കർമ്മവും ആരംഭിക്കുന്നതിന് മുൻപ് ഗണപതിയെ പൂജിക്കണം. അപ്രകാരം ചെയ്യാതിരുന്നാൽ ആ കർമ്മത്തിന് ഫലം ഉണ്ടാകില്ലെന്നും ഭഗവാൻ മകനായ ഗണപതിക്ക് വരങ്ങൾ നൽകി. അന്നു മുതൽ ദേവന്മാരും ഋഷിമാരും മനുഷ്യരുമെല്ലാം തന്നെ സർവ്വവിഘ്‌നനിവാരണത്തിനും അഭീഷ്ടസിദ്ധിക്കുമായി ഗണപതിയെ പൂജിച്ചു തുടങ്ങി.

വിനായക ചതുർത്ഥി വ്രതമെടുക്കുന്നവർ എന്തായാലും ചതുർത്ഥിയുടെ തലേദിവസം മുതൽ വ്രതമെടുക്കണം. എന്നാൽ മൂന്നു ദിവസം മുൻപ് മുതൽ വ്രതം പാലിക്കുന്ന ആചാരവും നിലവിലുണ്ട്. മത്സ്യമാംസാദി ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. ചതുർത്ഥി ദിവസം അതി രാവിലെ ഉണർന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഗണപതി പ്രധാന ദേവതയായ ക്ഷേത്രത്തിലോ ഉപദേവതയായ ക്ഷേത്രത്തിലോ ദർശനം നടത്തി തൊഴുത് പ്രാർത്ഥിച്ച് വഴിപാടുകൾ സമർപ്പിക്കണം. ഗണപതിഹോമത്തിൽ പങ്കുചേരണം. വീട്ടിൽ മടങ്ങിയെത്തി ഗണേശനാമങ്ങൾ,
ഗണേശ അഷ്ടോത്തരം, ഗണേശ കീർത്തനങ്ങൾ, മന്ത്രങ്ങൾ ഇവ കഴിയുന്നത്ര ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് ക്ഷേത്രദർശനം നടത്തണം. ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്യുന്നതും ഉത്തമമാണ്. ചതുർത്ഥിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.

ഗണപതി പൂജ ചെയ്യുന്നവരും പങ്കെടുക്കുന്നവരും പൂജ കഴിയാതെ എഴുന്നേൽക്കരുത്. പൂജയിൽ ഗണപതിയുടെ ഇഷ്ടഭോജ്യങ്ങളായ മധുരകൊഴക്കട്ട, അട, ഉണ്ണിയപ്പം മോദകം തുടങ്ങിയ പലഹാരങ്ങളും അവലും മലരും നേദിക്കണം. 2021 സെപ്തംബർ 10 വെള്ളിയാഴ്ചയാണ് ഇത്തവണ വിനായക ചതുർത്ഥി.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary: Myth Behind Ganesha Avatharam and Rituals on Ganesha Chaturthi


error: Content is protected !!
Exit mobile version