ഏത് മാസത്തിൽ വിവാഹിതരായാൽ ദാമ്പത്യം ഹിറ്റാകും?
വിവാഹമാസം, വിവാഹ വാരം, വിവാഹ മുഹൂർത്തം തുടങ്ങിയവ ദാമ്പത്യ വിജയത്തിൽ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ഭാരതീയ ജ്യോതിഷം പറയുന്നു. പൊരുത്തം നോക്കി ശുഭമുഹൂർത്തത്തിൽ വിവാഹം നടത്തുന്നത് ദേശഭേദമന്യെ ഭാരതത്തിലെവിടെയും പതിവാണ്. ഹിന്ദു മത വിശ്വാസികളല്ലാത്തവർ പോലും ഇപ്പോൾ പൊരുത്തവും മുഹൂർത്തവും വിവാഹക്കാര്യത്തിൽ നോക്കാറുണ്ട്. വേദകാലത്ത് വധൂ വരന്മാർ തമ്മിലുള്ള പൊരുത്തത്തെക്കാൾ പ്രാധാന്യം വിവാഹ മുഹൂർത്തത്തിന് കല്പിച്ചിരുന്നു. പൊരുത്തമില്ലായ്മയിലെ ദോഷങ്ങളെല്ലാം നല്ല മാസത്തിൽ, ശുഭവാരത്തിൽ, ശുഭമുഹൂർത്തത്തിൽ നടക്കുന്ന വിവാഹം പരിഹരിക്കുമെന്നാണ് പ്രമാണം.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഗൃഹസ്ഥാശ്രമത്തിലേക്കുള്ള ചുവടുവയ്പ്പായ മംഗല്യത്തിന് നമ്മുടെ സമൂഹം നൽകുന്ന പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ല. കേരളത്തിൽ പുരുഷന്മാർക്ക് ഒറ്റവർഷം വരുന്ന വയസ്സിലും യുവതികൾക്ക് ഇരട്ട വർഷക്കാലത്തും വിവാഹം നടത്തുന്നതാണ് നല്ലത്. ഇവിടുത്തെ നാട്ടു നടപ്പനുസരിച്ച് കർക്കടകം, കന്നി, ധനു, കുംഭം, മീനത്തിന്റെ രണ്ടാം പകുതി എന്നീ മാസങ്ങളിൽ പൊതുവേ വിവാഹം നടത്താറില്ല. അതുപോലെ ചൊവ്വ, ശനി ദിവസങ്ങളും വിവാഹത്തിന് സ്വീകരിക്കാറില്ല. വെള്ളിയാഴ്ച കല്യാണം കഴിച്ചയച്ചാൽ പെണ്ണ് വീട്ടിൽ നിന്നും ഐശ്വര്യവും കൊണ്ടു പോകും എന്ന് വിശ്വസിക്കുന്നവർ ആ ദിവസവും ഒഴിവാക്കുന്നു.
ഇതെല്ലാം മിക്കവർക്കും അറിയാവുന്നതാണ്. എന്നാൽ പലർക്കും അറിയാത്ത കാര്യമാണ് വിവാഹമാസം ദാമ്പത്യബന്ധത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നത്. പുതിയ കാലത്തെ ജ്യോതിഷാചാര്യന്മാരുടെ പഠന, ഗവേഷണങ്ങളാണ് വിവാഹമാസം ഭാര്യഭര്‍ത്തൃബന്ധത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നതായി കണ്ടെത്തിയത്. വിവാഹമാസം ദമ്പതികളുടെ ജീവിതത്തെയും പരസ്പര അടുപ്പത്തെയും അത്ഭുതകരമായ രീതിയിൽ സ്വാധീനിക്കുന്നുവെന്ന് ഓരോ മാസത്തെയും ഫലം പരിശോധിച്ചാൽ അനുഭവസ്ഥർക്ക് തന്നെ ബോദ്ധ്യപ്പെടും. ജനന സമയത്തിനും ജന്മനക്ഷത്രത്തിനും ജന്മരാശിക്കും വിവാഹത്തിലുള്ള സ്വാധീനം പോലെ ഓരോ വിവാഹ മാസവും ദമ്പതികളുടെ ജീവിതത്തെക്കുറിച്ച് നൽകുന്ന സൂചനകൾ:
ജനുവരി
ജനുവരി മാസത്തില്‍ വിവാഹിതരാകുന്നവരില്‍ കുംഭരാശിയുടെ സ്വാധീനം പ്രകടമായുണ്ടാകും. ഈ ദമ്പതികളുടെ ബന്ധം ഊഷ്മളമായിരിക്കും. പരസ്പരം അതീവ സ്‌നേഹത്തോടെ കഴിയുന്നവരായിരിക്കും ഇവര്‍. ഇവരുടെ ജീവിതത്തിൽ ധനത്തിനും സുഖത്തിനും അഭിവൃദ്ധിയും ക്ഷയവും ഒരു പോലെയുണ്ടാകും. സന്താനങ്ങൾ വിഷമകരമായ സാഹചര്യം സൃഷ്ടിക്കും. അപൂര്‍വ്വമായെ ജനുവരിയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ വേര്‍പിരിയാറുള്ളു.
ഫെബ്രുവരി
ഫെബ്രുവരിയില്‍ വിവാഹിതരാകുന്നവരില്‍ മീനം രാശിയുടെ പ്രഭാവമുണ്ടാകും. ഈ മാസത്തില്‍ വിവാഹിതരാകുന്നവര്‍ തമ്മില്‍ വൈകാരികമായ അടുപ്പം കൂടും. ഈ ദമ്പതികള്‍ പരസ്പരം നിസ്വാര്‍ത്ഥമായി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റും. പരസ്പരം വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ജാഗരൂകരായിരിക്കും. പരസ്പരമുള്ള സ്‌നേഹത്തിന്റെ ശക്തി മനസിലാക്കുന്നവരുമായിരിക്കും.
മാര്‍ച്ച്
മാര്‍ച്ചില്‍ വിവാഹിതരാകുന്ന ദമ്പതികളില്‍ മേടം രാശിയുടെ സ്വാധീനം പ്രകടമാകും. ഈ ദമ്പതികളുടെ ജീവിതം അമ്പരപ്പിക്കുന്നതായിരിക്കും. നല്ലതും ചീത്തയും ഇടകലർന്നൊഴുകുന്നതായിരിക്കും ഇവരുടെ ബന്ധം. ജീവിത പങ്കാളിയുടെ കാഴ്ചപ്പാട് എന്താണെന്ന് പോലും ഇരുവര്‍ക്കും പരസ്പരം മനസിലാവില്ല. ഒരു ദിവസം നിങ്ങളോട് യോജിക്കുന്ന പങ്കാളി അടുത്ത ദിവസം പൂര്‍ണ്ണമായി വിയോജിക്കും. അടുക്കള വൃത്തിയാക്കുന്നതു പോലുളള നിസാരകാര്യങ്ങളിലായിരിക്കും കലഹിക്കുക.
ഏപ്രില്‍
ഇടവം രാശിയുടെ സ്വാധീനമാണ് ഏപ്രിലില്‍ വിവാഹിതരാകുന്ന ദമ്പതികളിലുണ്ടാകുക. ഭാരതീയ ജ്യോതിശാസ്ത്രമനുസരിച്ച് വിവാഹത്തിന് ഏറ്റവും മികച്ച സമയമാണ് ഉത്തരായണ കാലത്തെ മാർച്ച് മാസം. ഈ മാസത്തില്‍ വിവാഹിതരാകുന്ന ദമ്പതികളുടെ ജീവിതം പ്രണയാര്‍ദ്രമായിരിക്കും. ഇവരുടെ ലൈംഗിക ജീവിതവും സംതൃപ്തമായിരിക്കും. നിസ്വാർത്ഥരായിരിക്കും ഈ ദമ്പതികൾ. അമിതമായ സുഖ താല്പര്യവും എടുത്തു ചാട്ടവും ഇവരുടെ ദാമ്പത്യത്തിൽ പ്രശ്നമാകാം.
മേയ്
മിഥുനം രാശിയുടെ സ്വാധീനം മേയ് മാസത്തില്‍ വിവാഹിതരാകുന്ന ദമ്പതികളിലുണ്ടാകും. ഈ ദമ്പതികളുടെ ബന്ധവും രണ്ട് വിധത്തിലായിരിക്കും. ഇവരുടെ ബന്ധത്തില്‍ പരാജയത്തിനും വിജയത്തിനും ഒരു പോലെ സാദ്ധ്യതയുണ്ട്. പങ്കാളികളില്‍ ഒരാള്‍ വളരെ മോശം പെരുമാറ്റത്തിന് ഉടമയായിരിക്കും. ചിലപ്പോള്‍ അതീവ ക്ഷമയുള്ളവരുമാകാം. വിവാഹമോചനത്തിനുള്ള സാദ്ധ്യതയുണ്ട്. അതിനെ അതിജീവിക്കാനായാൽ അവസാനകാലം വരെ സംതൃപ്തിയോടെ ഒരുമിച്ച് ജീവിക്കാൻ കഴിയും.
ജൂണ്‍
ജൂണില്‍ വിവാഹിതരാകുന്നവര്‍ കര്‍ക്കടകം രാശിയുടെ പ്രഭാവലയത്തിലായിരിക്കും. ഇവര്‍ മറ്റ് ദമ്പതികള്‍ക്ക് മാതൃകയാകും. പരസ്പര വിശ്വാസവും സ്‌നേഹവും ഇവര്‍ക്ക് കൂടുതലായിരിക്കും. ഇരുവരുടെയും കുടുംബകാര്യങ്ങളില്‍ അവര്‍ ശ്രദ്ധാലുക്കളായിരിക്കും. ഭാവി തലമുറയുടെ ജീവിതം ഭദ്രമാക്കുന്നതിലും ഇവര്‍ അതീവ താത്പര്യം പ്രകടിപ്പിക്കും. ഒന്നിലധികം വീട് കാണും. ദാമ്പത്യത്തിൽ ഭാര്യയ്ക്കായിരിക്കും മുൻതൂക്കം.
ജൂലായ്
ചിങ്ങരാശിയുടെ സ്വാധീനമുള്ളവരായിരിക്കും ജൂലൈ മാസത്തിൽ വിവാഹിതരാകുന്നവർ. പരസ്പര ബന്ധം കെട്ടിപ്പടുക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും. അതിനൊപ്പം അവര്‍ അത് പൂര്‍ണ്ണമായും വിജയിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരുടെ കാര്യങ്ങളിൽ കഴിയുന്നതും ഇവർ ഇടപെടില്ല. പ്രതിസന്ധികൾ ഒരുമിച്ച് നിന്ന് നേരിടും. സുഖജീവിത തല്പരരാണ്. ലൈംഗിക കാര്യങ്ങളിൽ താല്പര്യക്കുറവ് കാട്ടും. പരസ്പരം ആകൃഷ്ടരായിരിക്കും. ജീവിതകാലം മുഴുവന്‍ ഇവര്‍ ഈ സംതൃപ്തി അനുഭവിക്കും.
ആഗസ്റ്റ്
ആഗസ്റ്റില്‍ വിവാഹിതരാകുന്നവരില്‍ കന്നി രാശിയുടെ സ്വാധീനമായിരിക്കും ഉണ്ടാവുക. ദുരനുഭവങ്ങളും കഷ്ടപ്പാടുകളും നേരിടുമെങ്കിലും ഒരുമിച്ച് നിന്ന് അവയെല്ലാം തരണം ചെയ്യും. ഗൃഹ കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തും. സഞ്ചാര പ്രിയരായിരിക്കും. ലൗകിക സുഖത്തിൽ താല്പര്യമുള്ളവരായിരിക്കും.പങ്കാളിയുടെ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ശ്രദ്ധാലുക്കളായാല്‍ ഈ ദാമ്പത്യ ബന്ധം അതിശക്തമാകാനും സാദ്ധ്യത കാണുന്നു.
സെപ്തംബര്‍
തുലാം രാശിയാണ് സെപ്തംബറില്‍ വിവാഹിതരാകുന്ന ദമ്പതികളില്‍ സ്വാധീനം ചെലുത്തുന്നത്. ഇവർ പരിപൂര്‍ണ്ണ ദമ്പതികളായിരിക്കും. മറ്റുള്ളവർ ഇവരെ അസൂയയോടെ നോക്കും. ജീവിതം സന്തോഷപ്രദമാക്കാനുള്ള രഹസ്യ മന്ത്രം ഇവര്‍ക്ക് സ്വന്തമായുണ്ടാകും. നല്ലരീതിയില്‍ ബന്ധം നിലനിര്‍ത്താനും ഇവര്‍ക്ക് കഴിയും. വളരെ അപൂര്‍വമായേ ഈ ദമ്പതികള്‍ തമ്മില്‍ കലഹിക്കുകയുള്ളു. വഴക്കടിച്ചാൽ തന്നെ അത് അനായാസം പരിഹരിക്കാനും ഇവര്‍ക്ക് കഴിയും. ബന്ധം സുഭദ്രമായി നിലനിര്‍ത്താന്‍ ഇരുവരും ശ്രമിക്കുന്നതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാകാറില്ല.
ഒക്‌ടോബര്‍
വൃശ്ചിക രാശിയുടെ പ്രഭാവത്തിലായിരിക്കും ഒക്‌ടോബറില്‍ വിവാഹിതരാകുന്ന ദമ്പതികള്‍. ഇവരുടെ ഊഷ്മളമായ ലൈംഗിക ജീവിതം ഉയര്‍ച്ചയെയും താഴ്ചയെയും അതിജീവിക്കുന്നതിന് പ്രാപ്തമാക്കും. പരസ്പരം ജീവന്‍ കൊടുക്കുന്ന വിധത്തിലുള്ള ബന്ധമായിരിക്കും ഒക്‌ടോബറില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ തമ്മിലുണ്ടാവുക. സുഖഭോഗങ്ങളിൽ താല്പര്യം പ്രദർശിപ്പിക്കുന്ന ഇവര്‍ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നത് താരതമ്യേന താമസിച്ചായിരിക്കും.
നവംബര്‍
നവംബറില്‍ വിവാഹിതരാകുന്ന ദമ്പതികളില്‍ സ്വാധീനം ചെലുത്തുന്നത് ധനുരാശിയാണ്. ഇവരുടെ ജീവിതം അനായാസമായിരിക്കും. ജീവിതം ആസ്വാദ്യമാക്കാന്‍ ഇരുവരും ശ്രദ്ധാലുക്കളായിരിക്കും. ഒരാളുടെ കുറവ് പരിഹരിക്കുന്ന വിധത്തിലായിരിക്കും മറ്റെയാള്‍ പ്രവര്‍ത്തിക്കുക. ഒരുമിച്ച് നിന്ന് ഇവര്‍ വെല്ലുവിളികളെ നേരിടും. പരസ്പരം കുറ്റപ്പെടുത്തുമെങ്കിലും ഉള്ളിൽ സ്നേഹം കാണും. അത് പരസ്പരം മനസ്സിലാക്കുമെങ്കിലും പ്രകടിപ്പിക്കില്ല. സന്താനങ്ങളുടെ ക്ഷേമത്തിനാകും ഇവരുടെ പ്രഥമ പരിഗണന.
ഡിസംബര്‍
മകരം രാശിയുടെ സ്വാധീനത്തിലായിരിക്കും ഡിസംബറില്‍ വിവാഹിതരാകുന്നവര്‍. ഭാവി ഭദ്രമാക്കുന്ന വിധത്തിലായിരിക്കും ഇവര്‍ ജീവിതം കെട്ടിപ്പടുക്കുക. അതിനാല്‍ വര്‍ത്തമാന കാലം ഇവര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. പ്രണയാര്‍ദ്രമായ ഒരു ജീവിതത്തിന് പകരം വിട്ടുവീഴ്ച മനോഭാവത്തോടെയുള്ളതായിരിക്കും ഇവരുടെ ജീവിതം. സാമ്പത്തികകാര്യങ്ങളില്‍ അധിഷ്ഠിതമായിരിക്കും ഇവരുടെ പ്രവര്‍ത്തനങ്ങൾ. ജീവിതം വെട്ടിപ്പിടിക്കാനും സമ്പത്തുണ്ടാക്കാനുമുള്ള തത്രപ്പാടില്‍ ഇവര്‍ തമ്മിൽ പിരിയാനും സാദ്ധ്യതയുണ്ട്.