Saturday, 23 Nov 2024

ഏപ്രിൽ അവസാനം ശനി ദുരിതം തീരുന്നവരിൽ നിങ്ങളുണ്ടോ?

ജ്യോതിഷി പ്രഭാസീന സി പി
ശനിദശ, കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനി അപഹാരം എന്നൊക്കെ കേട്ടാൽ തന്നെ എല്ലാവർക്കും പേടിയാണ്. എന്നാൽ ശനി എല്ലാവർക്കും ദോഷം ചെയ്യില്ല എന്നതാണ് വാസ്തവം.

ജാതകവശാലും ഗോചരാലും ശനി എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും ദുരിതങ്ങൾ അനുഭവിക്കുന്നത്. ശനി ജന്മക്കൂറിലും അതിന്റെ പന്ത്രണ്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും തുടർച്ചയായി സഞ്ചരിക്കുന്ന കാലത്തിനാണ് ഏഴരശനി എന്നു പറയുന്നത്. ജന്മക്കൂറിന്റെ 4, 7, 10 എന്നീ കേന്ദ്രഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശനി. അഷ്ടമത്തിൽ ശനി സഞ്ചരിക്കുന്ന കാലം അഷ്ടശനി. ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലങ്ങളിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും വരും. ജാതകാലുള്ള ബല വ്യത്യാസ പ്രകാരം ദുരിതങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാവും.

2022 ഏപ്രിൽ 27 വരെ ശനി നിൽക്കുന്നത് മകരം രാശിയിലാണ്. അടുത്ത ദിവസം സ്വക്ഷേത്രമായ കുംഭം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റത്തോടെ ധനുക്കൂറുകാർക്ക് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) എഴര ശനി അവസാനിക്കും. മകരം, കുംഭം കൂറുകാർക്ക് എഴര ശനി തുടരും. മീനക്കൂറുകാർക്ക് എഴര ശനി തുടങ്ങും. അതായത് ഉത്രാടം അവസാന മൂന്ന് പാദങ്ങൾ, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി നക്ഷത്രജാതർക്ക് ശനിദോഷ ദുരിതം തുടരും എന്ന് ചുരുക്കം. വൃശ്ചികം, ചിങ്ങം, ഇടവം കുറുകാർക്ക് 2022 ഏപ്രിൽ 28 ന് കണ്ടകശ്ശനി ആരംഭിക്കും. അതായത് വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട, മകം, പൂരം, ഉത്രം ആദ്യ കാൽ, കാർത്തിക അവസാന മൂന്ന് പാദങ്ങൾ, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രക്കാർക്ക് കണ്ടക ശനിയുടെ കഷ്ടപ്പാടുകൾ തുടങ്ങും. തുലാം കർക്കടകം, മേടം കൂറുകാർക്ക് കണ്ടക ശനി അവസാനിക്കും. മിഥുനക്കൂറുകാർക്ക് അഷ്ടമശനി മാറും; കർക്കടകക്കൂറുകാർക്ക് അഷ്ടമശനി തുടങ്ങും.

ഇടവം, തുലാം രാശികൾ ലഗ്നമായുള്ളവർക്ക് ശനി യോഗകാരകനാണ്. തുലാം, മകരം, കുംഭം എന്നീ രാശികളിലൊന്ന് പത്താം ഭാവമാവുകയും ശനി അനുകൂല സ്ഥാനസ്ഥിതനാവുകയും ചെയ്താൽ ജീവിതത്തിൽ വളരെയധികം ഉയർച്ചയുണ്ടാകും. 3, 6, 11 ഭാവങ്ങളിലെ ശനിയുടെ സ്ഥിതിയും പൊതുവെ ഗുണകരമായി കണക്കാക്കുന്നു . ഗുരുവിന്റെയും ശുക്രന്റെയും ബുധന്റെയും യോഗം, വീക്ഷണം എന്നിവ ശനിയുടെ പാപത്വത്തെ കുറയ്ക്കാൻ സഹായകമാണ്. ഇങ്ങനെ പലതരത്തിലും ശനി ഗുണം ചെയ്യും. എന്നാൽ കുജന്റെ യോഗം, നോട്ടം പാപത്വത്തെ കൂട്ടുന്നു.

5, 6, 8, 12 ഭാവങ്ങളിൽ ശനി നിൽക്കുന്നവർ ആദിത്യൻ, ചൊവ്വ, രാഹു. കേതു എന്നിവയുമായി ശനിയോഗം ചെയ്തു നിൽക്കുന്നവർ മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം രാശികളിൽ ശനി നിൽക്കുന്നവർ ശനിക്ക് 6, 8, 12 ,2, 7 ഭാവങ്ങളുടെ ആധിപത്യമുള്ളവർ ഇവരെല്ലാം ശനി പ്രീതി വരുത്തണം. മുൻ ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനിദശയിലുണ്ടാകുന്ന അനുഭവങ്ങൾ എന്നാണ് പറയാറുള്ളത്. ഈ ജന്മത്തിൽ നല്ല പ്രവ്യത്തികൾ ചെയ്യുകയും വ്യാഴത്തിന്റെ അനുകൂലമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താൽ ശനി ദശയുടെ കാഠിന്യം കുറയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസം.

സൂര്യദേവന് ഛായാദേവിയിൽ പിറന്ന പുത്രനാണ് ശനീശ്വരൻ. ശനിയാഴ്ചയാണ് ശനി ഗ്രഹത്തിന്റെ പ്രധാന ദിവസം: നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനമുള്ള ശനീശ്വരൻ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന ദേവപുത്രനാണ്. നീച കർമ്മം ചെയ്യുന്നവർക്ക് ദണ്ഡനയും സത് കർമ്മം ചെയുന്നവർക്ക് സമ്മാനങ്ങളും അവരുടെ ഭൂമിയിലെ ജീവതത്തിൽ തന്നെ ശനി നൽകുന്നു.

നവഗ്രഹങ്ങളിൽ ആയുസ്സിന്റെ ആധിപത്യം ചെലുത്തുന്നതും ശനിയാണ് . കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. നീല ശംഖുപുഷ്പം ഇഷ്ട കുസുമം. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരു പോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. ഗ്രഹപദവി നൽകി അവരോധിച്ചത് ശിവഭഗവാനാണ്. മുടന്തുള്ളതിനാൽ പതുക്കെയാണ് ശനിയുടെ നടത്തം. ശനിയുടെ മറ്റൊരു പേരാണ് മന്ദൻ. ഈ വാക്കിന്റെ അർത്ഥം പതുക്കെ സഞ്ചരിക്കുന്നവനെന്നാണ്.

ശനിയാണ് ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്ന ഗ്രഹം. ഏതാണ്ട് രണ്ടര വർഷം. ശനിക്ക് വക്രഗതി ഉണ്ടെങ്കിൽ ഇതിന് മാറ്റം വരാവുന്നതാണ്. മകരം, കുംഭം എന്നിവ സ്വക്ഷേത്രം. കുംഭം മൂലക്ഷേത്രം, ഉച്ച രാശി തുലാം, നീചരാശി മേടം, ശനിദശാകാലം 19 വർഷമാണ്. പൂയം, അനിഴം , ഉത്തൃട്ടാത്രി എന്നീ നക്ഷത്രക്കാർ ജനിക്കുന്നത് ശനിദശയിലാണ്.

ശനി ചെയ്യുന്ന ദ്രോഹങ്ങൾ അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന് ദൈവികമായ പരിഹാരങ്ങൾ അനവധിയുണ്ട്. ധർമ്മശാസ്താവ്, ഹനുമാൻ സ്വാമി, ഗണപതി, ശിവഭഗവാൻ തുടങ്ങിയവരെ ഭജിക്കുന്നത് ശനി ദോഷപരിഹാരത്തിന് ഉത്തമമാണ്.

ജ്യോതിഷി പ്രഭാസീന സി പി ,

+ 91 9961442256,
Email ID : prabhaseena cp@gmail.com

Story Summary: Significance of Shani Graham and effects of it’s Transit in April 2022


error: Content is protected !!
Exit mobile version