Friday, 22 Nov 2024

ഏഴ് വ്യാഴാഴ്ച ഈ പൂജ ചെയ്താൽ സകുടുംബം ആയുരാരോഗ്യ സൗഖ്യം

ജോതിഷരത്നം വേണു മഹാദേവ്

മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി മൂർത്തിയെ ഭജിച്ചാൽ അതിവേഗം രോഗമുക്തി ലഭിക്കും. പാലാഴിമഥന വേളയിൽ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ധന്വന്തരി. ആ ഐതിഹ്യം ഇങ്ങനെ:

ദേവലോകത്തെത്തിയ ദുർവാസാവ് മഹർഷി ഇന്ദ്രദേവന് ദിവ്യമായൊരു പാരിജാതമാല സമ്മാനിച്ചു. ഇന്ദ്രൻ അത് ഐരാവതത്തിന്റെ ശിരസിൽ വച്ചു. വണ്ടുകളുടെ ശല്യം കാരണം ഐരാവതം അത് നിലത്തിട്ട് ചവിട്ടിയരച്ചു. കുപിതനായ മഹർഷി സകല ദേവന്മാർക്കും ജരാനരകൾ ബാധിക്കട്ടെ എന്ന് ശപിച്ചു. പാലാഴി കടഞ്ഞ് അമൃത് സേവിച്ചാൽ ശാപമോക്ഷം ലഭിക്കുമെന്ന് വരവും നൽകി. അങ്ങനെ ജരാനരകൾ ബാധിച്ച ദേവന്മാർക്ക് യൗവനം തിരിച്ചു കിട്ടുന്നതിന് വേണ്ടി പാലാഴി കടഞ്ഞപ്പോഴാണ് അതിൽ നിന്നും അമൃത കുഭവുമായി ധന്വന്തരി മൂർത്തി ഉയർന്നുവന്നത്. അങ്ങനെ ദേവന്മാരുടെ വൈദ്യനും ആയൂർവേദത്തിന്റെ ദേവനുമായി ധന്വന്തരി. ആയുരാരോഗ്യ സൗഖ്യത്തിന് ചതുർബാഹു രൂപത്തിലാണ് ധന്വന്തരിയെ പൂജിക്കുന്നത്. നാല് കൈകളിൽ ഓരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയുണ്ട്. മിക്ക ആയുർവേദ വൈദ്യന്മാരും ചില അലോപ്പതി ചികിത്സകരും ധന്വന്തരി ഉപാസകരാണ്. ധന്വന്തരിയെ പൂജിക്കും മുൻപ് അമ്മ, അച്ഛൻ, ഗുരു, ഗണപതി, ധർമ്മദേവത എന്നിവരെ വന്ദിക്കണം. ധന്വന്തരി ഉപാസനയ്ക്ക് ഏറ്റവും ഉത്തമം വ്യാഴാഴ്ചയാണ്. വിഷ്ണുവിന്റെ അംശമായതിനാൽ ബുധനാഴ്ചയും നല്ലതാണ്.

വെണ്ണ, കദളിപ്പഴം, പാൽപ്പായസം ഇവയാണ് ധന്വന്തരി പൂജയിലെ നിവേദ്യങ്ങൾ. പുഷ്പാർച്ചനയ്ക്ക് കൃഷ്ണ തുളസിയാണ് വേണ്ടത്. മന്ദാരം, ചെത്തി എന്നിവയും ഉപയോഗിക്കാറുണ്ട്. ചന്ദനവും കുങ്കുമവുമാണ് അർച്ചനാ ദ്രവ്യങ്ങൾ. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്.

വർഷത്തിൽ ഒരു തവണ ഏഴ് വ്യാഴാഴ്ച തുടർച്ചയായി ധന്വന്തരീ പൂജ ചെയ്താൽ അത് ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാകും. ഈ പൂജ നല്ലൊരു പൂജാരിയെ വീട്ടിൽ വരുത്തി ചെയ്യിക്കാം. അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യിക്കാം. മിക്ക വിഷ്ണു അവതാര ക്ഷേത്രങ്ങളിലും ധന്വന്തരി പൂജ നടത്താറുണ്ട്. ഏത് മാസവും ദിവസവും ഈ പൂജ നടത്താം. വ്യാഴവും ബുധനുമാണ് കൂടുതൽ നല്ലതെന്ന് മാത്രം. ക്ഷേത്രത്തിലാണ് പൂജ നടത്തുന്നതെങ്കിലും നമ്മൾ പൂജാദിവസം രാവിലെ കുളിച്ച് ശുദ്ധമായി നെയ് വിളക്കോ ശുദ്ധമായ നല്ലെണ്ണ വിളക്കോ വീട്ടിൽ തെളിക്കണം. ധന്വന്തരിയെ ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം.

ധന്വന്തരി മന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ

അമൃതകലശ ഹസ്തായ സർവാമയ വിനാശായ

ത്രൈലോക്യ നാഥായ ഭഗവതേ നമ:

പൂജയുടെ ഭാഗമല്ലാതെ തന്നെ ധന്വന്തരി മന്ത്രം എന്നും ജപിക്കുന്നത് സർവ രോഗ ശമനത്തിന് ഉത്തമമാണ്. ഉത്കണ്ഠ, മാനസിക സംഘർഷം, രോഗദുരിതം, ഭയം എന്നിവ കാരണം വിഷമിക്കുന്നവർ ധന്വന്തരി മന്ത്രം എന്നും കുറഞ്ഞത് ഒൻപത് തവണ ജപിക്കണം

ചേർത്തല മരുത്തോർ‌വട്ടത്ത് പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രമുണ്ട്. കോട്ടയത്ത് തിരുവഞ്ചൂരിനടുത്ത് പാറമ്പുഴക്കരയിലെ വൈകുണ്ഠപുരം ധന്വന്തരി ക്ഷേത്രവും കീർത്തി കേട്ടതാണ്. മാവേലിക്കര പ്രായിക്കര ധന്വന്തരി ക്ഷേത്രം, പത്തനംതിട്ട എലന്തൂർ ധന്വന്തരി ക്ഷേത്രം, ആലപ്പുഴ കണക്കൂർ ശ്രീധന്വന്തരി ക്ഷേത്രം, അങ്ങാടിപ്പുറം ആൽക്കൽമന്ന ശ്രീധന്വന്തരി ക്ഷേത്രം, കൊല്ലം പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം, കൊച്ചി പള്ളുരുത്തി ശ്രീ ധന്വന്തരി ക്ഷേത്രം, കണ്ണൂര്‍ ചിറക്കൽ ധന്വന്തരി ക്ഷേത്രം, തൃശൂർ പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, വടക്കാഞ്ചേരി നെല്ലുവായ് ധന്വന്തരി ക്ഷേത്രം, പെരുമ്പാവൂരിൽ തോട്ടുവ ധന്വന്തരി ക്ഷേത്രം, വൈക്കം കുലശേഖരമംഗലം തേവലക്കാട് ശ്രീധന്വന്തരി ക്ഷേത്രം, തൃശൂർ ആനക്കാൽ താനിയത്തുകുന്ന് ശ്രീ ധന്വന്തരി ക്ഷേത്രം, എന്നിവയും പ്രസിദ്ധ ധന്വന്തരി ക്ഷേത്രങ്ങളാണ്.

ജോതിഷരത്നം വേണു മഹാദേവ്,

  • 91 9847475559

Summary: Significance of Dhanwantari Pooja On Seven Consecutive Thursday’s

Copyright 2021 neramonline.com. All rights reserved.

error: Content is protected !!
Exit mobile version