Saturday, 23 Nov 2024

ഐശ്വര്യം നല്‍കും വൈശാഖം; സർവാനുഗ്രഹത്തിന്റെ പുണ്യകാലം

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്ന് വെളുത്ത പക്ഷ പ്രഥമയില്‍ വൈശാഖമാസം തുടങ്ങും. ശ്രീഹരി വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ മാസമായതിനാൽ ഇതിനെ മാധവ മാസം എന്നും പറയുന്നു. ഈ മാസം മുഴുവൻ വിഷ്ണുഭഗവാൻ ലക്ഷ്മിദേവി സമ്മേതനായി ഭൂലോകത്ത് കഴിയുന്നു എന്നാണ് വിശ്വാസം. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസവും പുണ്യകർമ്മങ്ങൾക്ക്
ഏറ്റവും ഉത്തമമാണ്. മാത്രമല്ല ഈ സമയത്ത് ചെയ്യുന്ന പൂജകൾ, പ്രാർത്ഥന, ദാനം, വഴിപാട് തുടങ്ങി എല്ലാ മംഗളകാര്യങ്ങൾക്കും ഇരട്ടി ഫലം ലഭിക്കും എന്നാണ് ആചാര്യന്മാർ പറയുന്നത്.

വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി എന്ന വെളുത്തവാവ് വരുന്നതിനാലാണ് ഇതിനെ വൈശാഖ മാസം എന്ന് വിളിക്കുന്നത്. പുണ്യദിനങ്ങള്‍ നിര നിരയായി വരുന്നത് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സൽക്കർമ്മ ഫലം ഒരിക്കലും ക്ഷയിക്കാത്ത അക്ഷയതൃതീയയും ബലരാമാവതാരവും നരസിംഹാവതാരവും ശങ്കരാചാര്യ ജയന്തിയും ബുദ്ധപൂര്‍ണിമയുമെല്ലാം സമാഗതമാകുന്ന മാസം ഇതാണ്. 2023 ഏപ്രിൽ 21 ന് തുടങ്ങി മേയ് 21 വരെയാണ് ഇത്തവണ വൈശാഖം. ഇക്കാലയളവിൽ നാം ആചരിക്കേണ്ട ധര്‍മ്മാനുഷ്ഠാനങ്ങളെ വൈശാഖ ധർമ്മം എന്നു പറയുന്നു. മഹാവിഷ്ണുവിന്റെ കൃപാകടാക്ഷങ്ങള്‍ ലഭിക്കാൻ ഭക്തിപുരസ്സരം വൈശാഖത്തിൽ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങൾ വഴിവയ്ക്കും. പാപശാന്തിയും സര്‍വ്വ വിധഐശ്വര്യത്തിനും ഏറ്റവും നല്ലതാണ് ദേവചൈതന്യം അടുത്തനുഭവിക്കാന്‍ കഴിയുന്ന വൈശാഖ മാസം.

വ്രത നിഷ്ഠയോ അഥവാ ഭക്തി ശ്രദ്ധാനിർഭരമായി വൈശാഖമാസം ആചരിക്കുന്നവന്റെ മുജ്ജന്മപാപങ്ങള്‍ പോലും നശിക്കുമെന്ന് ആചാര്യന്മാര്‍ പറയുന്നു. ഏപ്രിൽ 21, വൈശാഖം ഒന്നാം തീയതി മുതല്‍ വ്രതം തുടങ്ങണം.
എല്ലാ ദിവസവും രാവിലെ കുളിച്ച് വിഷ്ണുക്ഷേത്രദര്‍ശനം നടത്തുക. മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക, രാവിലെ കുളികഴിഞ്ഞ് തുളസിക്ക് വെള്ളം തളിക്കുക. പിന്നെ തുളസിത്തറയ്ക്ക് മൂന്നു പ്രദക്ഷിണം വയ്ക്കണം. രണ്ടുനേരവും വീട്ടില്‍ നെയ്‌വിളക്ക് കൊളുത്തണം. രാവിലെ ഓം നമോ നാരായണായ എന്ന് 108 പ്രാവശ്യം ജപിക്കണം. വൈകിട്ട് ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന് 108 പ്രാവശ്യം ജപിക്കണം. വൈശാഖ മാസം തീരും വരെ ഇങ്ങനെ ആചരിക്കുന്നതോടൊപ്പം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമം. വൈശാഖത്തിലെ എല്ലാ ദിവസവും രാവിലെയോ വൈകിട്ടോ ഒരു നേരം നിര്‍ബന്ധമായും വിഷ്ണുഅഷ്ടോത്തരം ജപിക്കുകയോ കേൾക്കുകയോ വേണം. കീർത്തനം പോലെ പുണ്യ പ്രദമാണ് ശ്രവണവും. വൈശാഖത്തിൽ ഇഷ്ട കാര്യസിദ്ധിക്കായി മാധവമന്ത്രം നിശ്ചിത തവണ ജപിക്കുന്നത് ഗുണപ്രദമാണ്. താഴെ ചേർത്തിട്ടുള്ള മാധവമന്ത്രം 336 വീതം രണ്ടുനേരം 12 ദിവസം ജപിക്കുക. തടസ്സം മാറി ഇഷ്ടസിദ്ധിയുണ്ടാകും:

മാധവമന്ത്രം
ഓം നമോ ഭഗവതേ
വാസുദേവായ
മാധവായ മധുപ്രിയായ
മധുസൂദനായ ശ്രീം നമഃ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Vaishakha Masam Mahatmya: Significance of Sacraed Month Vaisakha


error: Content is protected !!
Exit mobile version