Friday, 22 Nov 2024

ഐശ്വര്യം, ശത്രുനാശം, വിദ്യാഭിവൃദ്ധി, ശരീര സൗഖ്യം നേടാൻ ഇത് ചെയ്യുക

ധർമ്മദൈവത്തിന്റെ അനുഗ്രഹമില്ലെങ്കിൽ പ്രാർത്ഥനകളും ഉപാസനകളും ഫലിക്കില്ല എന്നാണ് ആചാര്യന്മാർ പറയുന്നത്. ധർമ്മദൈവം പ്രസാദിച്ചേ തളിർക്കൂ തറവാടുകൾ എന്ന പ്രമാണം പ്രസിദ്ധമാണ്. ധർമ്മദൈവം അമ്മയെപ്പോലെയാണ്. ഇഷ്ടദേവതയും ഉപാസനാമൂർത്തികളും ഭാര്യ / ഭർത്താവിനെപ്പോലെ ആകുന്നു. എന്നാൽ മാതാവിനുള്ള സ്ഥാനം മറ്റാർക്കും ഒരു വ്യക്തിയുടെയും ജീവിതത്തിൽ ഇല്ലല്ലോ.

ധർമ്മദൈവത്തിന് അമ്മയ്ക്കൊപ്പം പ്രാധാന്യമാണ് ജ്യോതിഷം കല്പിക്കുന്നത്. ധർമ്മദൈവത്തെയും അമ്മയെയും തറവാടിനെയും ജാതകത്തിലെ നാലാം ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. വ്യക്തിപരമായ ദോഷ ദുരിതങ്ങളും കുടുംബപ്രശ്‌നങ്ങളും ജ്യോതിഷത്തിൽ തെളിയുമ്പോൾ ദുരിത ശാന്തിക്കും ദോഷശാന്തിക്കും ധർമ്മദൈവപ്രീതി വരുത്തുകയാണ് ജ്യോതിഷികൾ ആദ്യം നിർദ്ദേശിക്കുക. ഒരു വ്യക്തിക്ക് മന:ശാന്തിയും ഐശ്വര്യവും കൈവരുന്നതിന് ധർമ്മദൈവപ്രീതിയാണ് ആദ്യമായി വേണ്ടത്. ദാരിദ്ര്യം, ധനനഷ്ടം, സന്താന ക്ലേശം, ദാമ്പത്യകലഹം, രോഗാരിഷ്ടതകൾ എന്നീ ദോഷങ്ങൾക്ക് പ്രധാന കാരണം കുലദേവതയുടെ പ്രീതിക്കുറവാണ്.

പരക്കെ ഭദ്രകാളിയെ ആരാധിക്കുന്ന കേരളത്തിൽ ഭൂരിഭാഗം കുടുംബങ്ങളുടെയും ധർമ്മദൈവം ഭദ്രകാളി ഭഗവതിയാണ്. അതിനാലാണ് സ്വന്തം കുടുംബ ദേവത ഏതെന്നോ എവിടെയെന്നോ അറിയാത്തവർ പോലും ഭദ്രകാളിയെ ഉപാസിച്ച് ഉചിതമായ പരിഹാരം ചെയ്ത് അതിവേഗം പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടുന്നത്. ഭദ്രകാളീ ഉപാസകരെ സംബന്ധിച്ച് അതി വിശിഷ്ടമായ കൃതിയാണ് ഭദ്രകാളീമാഹാത്മ്യം. ഇതിലെ ഒൻപതാം അദ്ധ്യായം ഒന്നുമുതൽ ഇരുപത്തൊൻപതു വരെയുള്ള ശ്ലോകങ്ങളടങ്ങിയ സ്തുതി സർവ ദു:ഖ ദുരിത ദോഷ പരിഹാരമാണ്. ദാരുകനെ വധിച്ച് കോപം ശമിക്കാതെ അട്ടഹസിച്ചു തുള്ളുന്ന ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഉപദേശപ്രകാരം ദേവന്മാർ സ്തുതിക്കുന്നതാണ് ഈ ഭാഗം. പൂർവ്വികമായ പാപങ്ങൾ നശിക്കുന്നതിനും ശത്രുദോഷം പരിഹരിക്കുന്നതിനും സമൂഹക്ഷേമത്തിനും ആർക്കും ജപിക്കാവുന്ന സ്‌തോത്ര രത്‌നം ആണിത്. ഇത് പതിവായി ജപിച്ചാൽ സകല ദോഷങ്ങളും അകലും. ആപത്തുകളും വിഘ്‌നങ്ങളും ഇല്ലാതാകും. ഐശ്വര്യവും സന്തോഷവും കൈവരും. പ്രത്യേക ഫലസിദ്ധികൾക്കും ഇതിലെ ചില ശ്ലോകങ്ങൾ ജപിക്കുന്ന പതിവുണ്ട്. ചില ഉദാഹരണങ്ങൾ താഴെച്ചേർക്കുന്നു. ഇതിൽ വേണ്ടത് നിത്യവും കഴിയുന്നത്ര തവണ ജപിക്കണം.
ഐശ്വര്യം, ശത്രുനാശം
ദേവി പ്രസീദ ദനുജാന്തകരി പ്രസീദ
കാളി പ്രസീദ കമനീയതനോ പ്രസീദ
ഭദ്രേ പ്രസീദ ഭവനേത്രഭവേ പ്രസീദ
മായേ പ്രസീദ മഹനീയതമേ പ്രസീദ

ശത്രുനാശം, ആത്മരക്ഷ
യാ സൃജ്യത്യഖിലാൻ ലോകാൻ യാ ച രക്ഷതി താനിമാൻ
യാ പുനസ്‌സംഹരത്യന്തേ നമസ്തസ്യൈ നമോ നമ:

ബുദ്ധി, വിദ്യാഭിവൃദ്ധി,
അന്തർബ്ബഹിശ്ച യാ ദേവീ വിശ്വേഷാമഭിവർത്തതേ
അദ്വൈതം വസ്തുതത്ത്വം യാ നമസ്തസ്യൈ നമോ നമ:

സമൂഹ രക്ഷ, ശരീര സൗഖ്യം,
ദേവോരഗമനുഷ്യാണാം സ്വർഗ്ഗപാതാളഭൂഭൂജാം
യോഗക്ഷേമാർത്ഥമാസീദ് യാ നമസ്തസ്യൈ നമോ നമ:

ഭയനാശനം
ഭദ്രകാളി മഹാദേവി ഭദ്രതേ രുദ്രനന്ദിനി
യാ നസ്സന്ത്രായസേ നിത്യം നമസ്തസ്യൈ നമോനമ:

Story Summary: Significance of Dharma Devatha and Bhadrakali Worshipping

error: Content is protected !!
Exit mobile version